ADVERTISEMENT

സംസ്ഥാന സർക്കാരിന്റെ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാനിലെ (2016) കണക്കു പ്രകാരം കേരളത്തിൽ 1961നും 2016നും ഇടയിലുണ്ടായ ഉരുൾപൊട്ടൽ അപകടങ്ങളിൽ മരിച്ചത് 295 പേരാണ്. ഈ കാലയളവിൽ പ്രധാനമായും ഉണ്ടായത് 85 ഉരുൾപൊട്ടലുകൾ. അമ്പൂരിയിൽ 2001ൽ ഉണ്ടായ ഉരുൾപൊട്ടലായിരുന്നു ഏറ്റവുമധികം ജീവൻ അപഹരിച്ചത്– 38 പേർ. എന്നാൽ, കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ ഉരുൾപൊട്ടലിൽ മരിച്ചത് 152 പേർ. ഉരുൾപൊട്ടലുകളുടെ എണ്ണം ചെറുതും വലുതമായി അയ്യായിരത്തോളം. ഗൗരവമേറിയ ഉരുൾപൊട്ടലുകൾ 1943. ഇടുക്കിയിൽ മാത്രം 1196.

ഈ വർഷത്തെ 2 ഉരുൾപൊട്ടലുകളിൽ മാത്രമുണ്ടായ മരണങ്ങളുടെ കണക്ക് 50 കടന്ന് ഇപ്പോഴും വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് കേരളം ഉരുൾപൊട്ടലുകളെ പേടിക്കണം എന്ന ചോദ്യത്തിനുത്തരം ഈ കണക്കുകളിലുണ്ട്. ചരിത്രത്തിലെ ഏറ്റവുമധികം ഉരുൾപൊട്ടലുകൾക്കും മരണങ്ങൾക്കും സാക്ഷ്യം വഹിച്ച് ഒരു വർഷം കഴിയുമ്പോഴും നമ്മൾ എന്തു തയാറെടുപ്പുകളാണു നടത്തിയത്?

ദുരന്തസൂചനകൾ

സൂചനകൾ തിരിച്ചറിഞ്ഞ് സുരക്ഷാ മുൻകരുതലുകളെടുത്താൽ മാത്രമേ ഏതു ദുരന്തത്തെയും അതിജീവിക്കാനാകൂ. മലപ്പുറത്തെ കവളപ്പാറയിലും തൊട്ടടുത്ത പാതാറിലും വയനാട്ടിലെ പുത്തുമലയിലും ദുരന്തത്തിനു മുൻപ് പ്രകൃതി കൃത്യമായ സൂചനകൾ നൽകിയിരുന്നു. അതു തിരിച്ചറിയുന്നതിലും മുൻകരുതലുകളെടുക്കുന്നതിലും എത്രത്തോളം വിജയിച്ചു എന്നതാണ് ഗൗരവമായി വിലയിരുത്തേണ്ടത്.

കവളപ്പാറയിൽ കഷ്ടിച്ചു രക്ഷപ്പെട്ട രാജേഷ് പറഞ്ഞത്:

Rajesh - Kavalapara
രാജേഷ്

ദുരന്തത്തിനു 3 ദിവസം മുൻപു തൊട്ട് തോരാത്ത മഴയായിരുന്നു. വൈദ്യുതിയും ഉണ്ടായിരുന്നില്ല. മൊബൈൽ ഫോണുകൾ ഏതാണ്ടെല്ലാം പ്രവർത്തനരഹിതമായി. മഴയിൽ കൂൺ മുളച്ചിട്ടുണ്ടോയെന്നു നോക്കാനാണ് കവളപ്പാറ കുന്നിനു മുകളിലേക്കു പോയത്. ഉച്ചയ്ക്ക് ഏതാണ്ട് 1 മണിയായിരുന്നു അപ്പോൾ. നാലോ അഞ്ചോ ആനകളുടെ കൂട്ടം ഓടി കാടിനു പുറത്തേക്കു വന്നതുകണ്ടതോടെ ഞാനും പേടിച്ചോടി. പകൽ ആനക്കൂട്ടം കാടിനു പുറത്തേക്കോടാറില്ല.

താഴെ വീടിനടുത്തെത്തിയപ്പോഴാണ് ഇരുവശത്തുമുള്ള തോടുകൾ നിറഞ്ഞൊഴുകിത്തുടങ്ങിയതു കണ്ടത്. തൊഴുത്തിലെ 3 പശുക്കളും പതിവില്ലാത്തവിധം അമറി കയറുപൊട്ടിച്ചോടാൻ ശ്രമിക്കുന്നു. സംഭവം പന്തികേടാണെന്നു മനസ്സിലായി. മലയുടെ മുകളിൽ എവിടെയോ ഉരുൾ പൊട്ടിയിട്ടുണ്ടെന്നു തോന്നി. അമ്മ ഓടി വന്ന് 3 പശുക്കളെയും കെട്ടിയ കയർ അറുത്തുവിട്ടു. സാധാരണ താഴെ റോഡിലേക്കിറങ്ങിയാണ് പശുക്കൾ മേയാൻ പോവുക. പക്ഷേ, അന്ന് 3 പശുക്കളും കുന്നിനു മുകളിലേക്കാണു പാഞ്ഞത്. ഞങ്ങളുടെ പഴയ ഒരു വീടുണ്ടായിരുന്നു അവിടെ. അവിടെയെത്തിയാണു പശുക്കൾ നിന്നത്.

അധികം കഴിയുന്നതിനു മുൻപ് വീടിന്റെ താഴത്തെ നിലയിൽ വെള്ളം കയറിത്തുടങ്ങി. രണ്ടാംനിലയിലായിരുന്നു അച്ഛനും അമ്മയും ഭാര്യയും മക്കളും. ഇനിയും നിന്നാൽ വീട് മുങ്ങുമെന്നുറപ്പായതോടെ ഞങ്ങൾ എല്ലാവരും മുറ്റത്തെ വെള്ളത്തിലേക്കിറങ്ങി. സമീപത്തുള്ളവരെയും മാറ്റി. കുറച്ചു കഷ്ടപ്പെട്ടെങ്കിലും കുന്നിനു മുകളിലുള്ള പഴയവീട്ടിലെത്തി രാത്രി മുഴുവൻ അവിടെ കഴിഞ്ഞു. രാവിലെ താഴേക്കിറങ്ങിയപ്പോഴാണ് തൊട്ടപ്പുറത്തുള്ള മുത്തപ്പൻ മലയിലെ വൻദുരന്തം കാണുന്നത്.

ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ട ചാത്തൻ മൂപ്പൻ പറഞ്ഞത്:

Chathan Mooppan
ചാത്തൻ മൂപ്പൻ

നാലുമണിയോടെ വീടിനടുത്തുള്ള ചെറിയ തോട്ടിൽ മലയുടെ മുകളിൽ നിന്ന് വെള്ളം കുത്തിയൊലിച്ചുവരാൻ തുടങ്ങി. പതിവില്ലാതെ വെള്ളം കലങ്ങിവരുന്നതുകണ്ടപ്പോൾ കുറച്ചുവെള്ളം കയ്യിലെടുത്ത് മണത്തുനോക്കി. വെന്ത മണ്ണിന്റെ മണം കിട്ടി. അപ്പോൾത്തന്നെ എല്ലാവരോടും പറഞ്ഞു. ഞാനും ഭാര്യയും വീട്ടിൽ നിന്നിറങ്ങിയോടി തോടിന് ഇക്കരെയെത്തി. അധികം കഴിയും മുൻപ് ചാത്തൻ മൂപ്പന്റെ വീട് മുഴുവനും മണ്ണിനടിയിലായി. ബന്ധുക്കളിൽ പലരെയും രക്ഷിക്കാൻ കഴിഞ്ഞില്ല.

മൃഗങ്ങൾ നേരത്തെ അറിഞ്ഞു..?

ദുരന്തത്തിൽ തകർന്ന വീടുകളിലെ പട്ടികൾ 2 ദിവസം മുൻപുതന്നെ തോടുകടന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള ആലിൻചുവട് എന്ന സ്ഥലത്തു തമ്പടിച്ചിരുന്നു. അന്ന് അക്കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ല. ദുരന്തത്തിനു ശേഷമാണു പട്ടികൾ വീടുകളിലേക്കു മടങ്ങിയത്. കെട്ടിയിട്ട ഒരു പട്ടിയുടെ മൃതദേഹം മാത്രമേ ദുരന്തസ്ഥലത്തു നിന്ന് ഇതുവരെ കിട്ടിയുള്ളൂ എന്നതുകൂടി ഇതിനോടു ചേർത്തുവായിക്കണം.

ദുരന്തമുഖത്തു നിന്നു നേരിട്ടു കേട്ട കാര്യങ്ങളാണിവ. ഈ വാദങ്ങൾക്ക് എത്രത്തോളം ശാസ്ത്രീയ പിൻബലമുണ്ടെന്നു പലരും ചോദിച്ചേക്കാം. പക്ഷേ, അപകടസൂചന തിരിച്ചറിഞ്ഞവരെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറുകയും രക്ഷപ്പെടുകയും ചെയ്തു എന്നതു സത്യമാണ്. അതീവ ദുരന്തസാധ്യതാ മേഖലയായിരുന്നിട്ടും ഈ സൂചനകൾ കണ്ടെത്താനോ പ്രദേശവാസികളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റാനോ നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങൾക്കു കഴിഞ്ഞില്ല എന്നതു വിമർശനാത്മകമായിത്തന്നെ വിലയിരുത്തപ്പെടണം.

പുത്തുമലയിലും പാതാറിലും സംഭവിച്ചത്

പുത്തുമല, ഓഗസ്റ്റ് 8

Puthumala Landslide
വയനാട് മേപ്പാടി പുത്തുമലയിലെ ഉരുൾപൊട്ടൽ

പുത്തുമലയിലും ജാഗ്രതയാണ് ഒട്ടേറെ പേരുടെ ജീവൻ രക്ഷിച്ചത്. കനത്ത മഴ തുടർന്നതോടെ 8നു രാവിലെ 300 പേരെ പുത്തുമല, പച്ചക്കാട് എന്നിവിടങ്ങളിൽ നിന്നു മാറ്റി. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ്, പഞ്ചായത്ത് അംഗം കെ. ചന്ദ്രൻ എന്നിവരും വനംവകുപ്പ് അധികൃതരും ചേർന്ന് പുത്തുമല ഗവ. എൽപി സ്കൂളിലേക്കു മാറ്റി. അതും അപകടഭീഷണിയിലാണെന്നു കണ്ടതിനെത്തുടർന്ന് മുണ്ടക്കൈ മോഡൽ ഫോറസ്റ്റ് സ്റ്റേഷനിലേക്കും മാറ്റി. മണിക്കൂറുകൾക്കകം പുത്തുമലയുടെ താഴ്‌വാരം മണ്ണിനടിയിലായി. 53 വീടുകൾ പൂർണമായി തകർന്നു. മരണസംഖ്യ ഇപ്പോഴത്തെ കണക്കിൽ ഒതുങ്ങിയത് സൂചനകളുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഒഴിപ്പിച്ചതുകൊണ്ടു മാത്രമെന്നു വ്യക്തം.

പാതാർ, ഓഗസ്റ്റ് 8

Pathar Landslide
മലപ്പുറം പോത്തുകല്ലിലെ പതാർ അങ്ങാടി ഉരുൾപൊട്ടലിൽ നാമാവശേഷമായ നിലയിൽ

കവളപ്പാറയിൽ നിന്ന് 3 കിലോമീറ്റർ മാത്രം അകലെ പാതാറിലും എട്ടിന് വലിയ ഉരുൾപൊട്ടലുണ്ടായിരുന്നു. ഒന്നല്ല, പലത്. ഒരുപക്ഷേ, കവളപ്പാറയിലേക്കാൾ ശക്തമായ ഉരുൾപൊട്ടലായിരുന്നു അത്. അതിരുവീട്ടി, വാളംകൊല്ലി, മലാങ്കുണ്ട് എന്നീ മലകളിലാണ് ഉരുൾപൊട്ടിയത്. ഉച്ചയ്ക്ക് 1 മണിയോടെ തോട്ടിലെ വെള്ളം അസാധാരണമായി കലങ്ങിയതുകണ്ട പാതാറിലെ നാട്ടുകാർ ഉടൻ തന്നെ തോടിന് ഇരുകരകളിലുമുള്ള 150 കുടുംബങ്ങളിലെ നാനൂറോളം പേരെ ഒഴിപ്പിച്ചു. ആളുകളെ ഒഴിപ്പിച്ച് അധികം വൈകാതെ ഉരുൾപൊട്ടി മണ്ണും വെള്ളവും പാറയും മരങ്ങളും ഇഴുകത്തോടുവഴി പാതാറിലേയ്ക്കു കുത്തിയൊലിച്ചുവന്നു. പാതാർ അങ്ങാടി മുഴുവൻ നാമാവശേഷമായി. നൂറോളം വീടുകൾ തകർന്നു.

1848 ചതുരശ്ര കിലോമീറ്റർ അതിതീവ്ര സാധ്യതാ മേഖല

കേരളത്തിലെ 1848 ചതുരശ്രകിലോമീറ്റർ മേഖലകൾ ഉരുൾപൊട്ടലിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള മേഖലയെന്നാണ് ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിന്റെ വിലയിരുത്തൽ. ദേവികുളം, വൈത്തിരി, നിലമ്പൂർ, മണ്ണാർക്കാട്, റാന്നി താലൂക്കുകളെയാണ് ഈ വിഭാഗത്തിൽപ്പെടുത്തിയിട്ടുള്ളത്. മലയോരമേഖലയിലെ 3759 ചതുരശ്രകിലോമീറ്ററിലും ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നു. കഴിഞ്ഞ വർഷവും ഇത്തവണയുമായി ചെറുതും വലതുമായ അയ്യായിരത്തോളം വരുന്ന ഉരുൾപൊട്ടലുകളിൽ ഭൂരിഭാഗവും നടന്നത് ഈ രണ്ടു മേഖലകളിൽ തന്നെയാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com