ADVERTISEMENT

ന്യൂഡൽഹി ∙ ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രിയും എംപിയുമായ പി.ചിദംബരത്തെ കൈവിട്ട് സുപ്രീംകോടതി. ചിദംബരത്തിന്റെ ഹർജി അടിയന്തരമായി ഇന്ന് പരിഗണിക്കാൻ സാധിക്കില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ഹർജി ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ‌ ഉന്നയിക്കാനായില്ല. ശ്രദ്ധയിൽപെടുത്തും മുമ്പ് അദ്ദേഹം കോടതി വിട്ടിറങ്ങി. ചിദംബരത്തിന്റെ ഹര്‍ജി വെള്ളിയാഴ്ചയാണു ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അറസ്റ്റ് തടയണമെന്ന ആവശ്യവുമായി രാവിലെയും ചിദംബരം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിക്കാതിരുന്ന ജസ്റ്റിസ് എന്‍.വി.രമണ, ഉടന്‍ ഉത്തരവിറക്കാനാവില്ലെന്ന് അറിയിച്ച് ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയ്ക്ക് വിട്ടു. ഹര്‍ജിയില്‍ പിഴവുകളുള്ളതിനാൽ ‘ഡിഫെക്ട് ലിസ്റ്റിൽ’ ആണ് ഉള്‍പ്പെടുത്തിയത്.

ഉച്ചതിരിഞ്ഞ് വീണ്ടും ജസ്റ്റിസ് രമണയുടെ ബെഞ്ചിൽ ഹർജിയെക്കുറിച്ച് അഭിഭാഷകർ ഓർമിപ്പിച്ചു. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഇന്ദിര ജയ്സിങ്, വിവേക് തൻഖ, സൽമാൻ ഖുർഷിദ് എന്നിവരാണു ചിദംബരത്തിനായി ഹാജരായത്. ലുക്ക് ഔട്ട് നോട്ടിസ് ഉള്ളതിനാൽ ചിദംബരം എങ്ങോട്ടും ഓടിപ്പോകില്ലെന്നും അറസ്റ്റ് തടഞ്ഞ് ഉത്തരവിറക്കണമെന്നും കപിൽ സിബൽ അഭ്യർഥിച്ചു. പിഴവുകളോടെയാണു ഹർജിയെന്നും ശരിയാക്കിയാൽ പരിഗണിക്കാമെന്നും ബെഞ്ച് നിലപാടെടുത്തു. ചീഫ് ജസ്റ്റിസിന്റെ പരിഗണനാപ്പട്ടികയിൽ ഉൾപ്പെടുത്താനായി ഹർജി മാറ്റിയെന്നു റജിസ്ട്രാർ അറിയിച്ചു.

പിഴവ് തിരുത്തിയ ഹർജി ഇപ്പോൾതന്നെ പരിഗണിക്കണമെന്നു കപിൽ സിബൽ ആവശ്യപ്പെട്ടു. ലിസ്റ്റ് ചെയ്യാത്ത വിഷയം പരിഗണിക്കാൻ സാധ്യമല്ലെന്നു രമണയുടെ ബെഞ്ച് മറുപടി നൽകി. അടിയന്തരമായി പരിഗണിക്കേണ്ടവയുടെ കൂട്ടത്തിൽ ചിദംബരത്തിന്റെ ഹർജി ഉൾപ്പെടുത്താൻ സുപ്രീംകോടതി വിസമ്മതിച്ചു. പിഴവുകൾ തിരുത്തിയ ഹർജി ഇന്നു പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിട്ടില്ലെന്നും അതിനാൽ വാദം കേൾക്കാനാവില്ലെന്നുമാണു സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതോടെ സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി നേടാമെന്ന ചിദംബരത്തിന്റെ കണക്കൂകൂട്ടൽ തെറ്റി.

ചിദംബരത്തിന്‍റെ ഹര്‍ജിക്കെതിരെ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കിയിട്ടുണ്ട്. രണ്ടു കൂട്ടരുടെയും ഭാഗം ഉത്തരവിറക്കരുതെന്നാണ് ഈ ഹർജികളിലെ ആവശ്യം. ചിദംബരത്തിനായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ലുക്ക്ഒൗട്ട് നോട്ടിസ് പുറത്തിറക്കി. മൂന്നുതവണ സിബിഐ ഉദ്യോഗസ്ഥര്‍ ചിദംബരത്തിന്‍റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മടങ്ങി. രണ്ടു മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന നോട്ടിസ് ഇന്നലെ രാത്രി അദ്ദേഹത്തിന്‍റെ വീടിനുമുന്നില്‍ സിബിഐ പതിച്ചിരുന്നു.

ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കേ, സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ കമ്പനിയായ ഐഎൻഎക്സ് മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്. 2017 മേയ് 15നാണു സിബിഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ചു കഴിഞ്ഞ വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുക്കുകയായിരുന്നു. ചിദംബരത്തിന്റെ മകൻ കാർത്തി ചിംദബരവും കേസിൽ അന്വേഷണം നേരിടുകയാണ്.

English Summary: SC refuses urgent listing of P Chidambaram's petition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com