ADVERTISEMENT

കൊച്ചി∙ കേരളത്തിനു ലഭിച്ച ആദ്യ  ത്രീ ഫേസ് മെമു കൊല്ലം–എറണാകുളം റൂട്ടിൽ ഇന്ന് സർവീസ് ആരംഭിക്കും. 2402 പേർക്കു യാത്ര ചെയ്യാൻ കഴിയുന്ന  8 കാർ മെമുവാണു തിരുവനന്തപുരം ഡിവിഷനു നൽകിയിരിക്കുന്നത്. ഉച്ചയ്ക്കു 12.40നാണ് ആദ്യ സർവീസ്. കൊല്ലത്തു നിന്നു കോട്ടയം വഴി എറണാകുളത്ത് എത്തുന്ന മെമു എറണാകുളത്തു നിന്നു ആലപ്പുഴ വഴി കൊല്ലത്തേക്കു തിരികെ പോകും.

66308/09 മെമു സർവീസിനു പകരമാണു പുതിയ മെമു ഉപയോഗിക്കുന്നത്. എറണാകുളം ക്രൂ ഡിപ്പോയിലെ പാസഞ്ചർ ലോക്കോ പൈലറ്റ് എ.എൻ.വൽസനാണു ആദ്യ സർവീസിന്റെ സാരഥി. ഇന്ത്യൻ റെയിൽവേയുടെ അഭിമാന സർവീസായ ട്രെയിൻ 18ന്റെ സഹോദര ട്രെയിൻ എന്നു വിശേഷിപ്പിക്കുന്ന ത്രീ ഫേസ് മെമുവിന്റെ വേഗം മണിക്കൂറിൽ 105 കിലോമീറ്ററാണ്. 

Loco Pilot A.N Valsan
ലോക്കോ പൈലറ്റ് എ.എൻ.വൽസൻ

സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ കോച്ചിൽ സിസിടിവി ക്യാമറ ഏർപ്പെടുത്തിയിട്ടുണ്ട്. ഭാരം കുറഞ്ഞ സ്ലൈഡിങ് ഡോറുകളും  ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും കോച്ചുകളിലുണ്ട്.  സ്റ്റെയിൻലസ് സ്റ്റീൽ ബോഡിയിലാണു ട്രെയിൻ നിർമിച്ചിരിക്കുന്നത്. കുഷ്യൻ സീറ്റുകൾ,  ബയോ ശുചിമുറികൾ, എമർജൻസി സ്റ്റോപ്പ് ബട്ടൺ, എൽഇഡി ൈലറ്റുകൾ എന്നിവയുമുണ്ട്. കുലുക്കം കുറയ്ക്കാനായി സെക്കൻഡറി എയർ സസ്പെൻഷനും നൽകിയിട്ടുണ്ട്.

ആദ്യമായാണു മെമു ട്രെയിനുകളിൽ എയർ സസ്പെൻഷൻ സംവിധാനം വരുന്നത്. പെട്ടെന്നു വേഗം കൈവരിക്കുന്നതിനാൽ സ്റ്റേഷനുകളിൽ നിർത്തി എടുക്കാൻ കുറച്ചു സമയം മതിയാകും. ലോക്കോപൈലറ്റിന്റെയും ഗാർഡിന്റെയും കാബിൻ എസിയാണ്. 614 പേർക്ക് ഇരിക്കാനും 1788 പേർക്കു നിന്നു യാത്ര ചെയ്യാനുമുളള സൗകര്യമാണു ട്രെയിനിലുളളത്.

റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനമുളള ട്രെയിനിനു പരമ്പരാഗത മെമു ട്രെയിനുകളേക്കാൾ 35 ശതമാനം ഇന്ധന ക്ഷമത കൂടുതലാണ്. യാത്രക്കാരുടെ സൗകര്യത്തിനായി സീറ്റുകളുടെ ബാക്ക് റെസ്റ്റിന്റെ ഉയരം കൂട്ടിയിട്ടുണ്ട്. എഫ്ആർപി പാനലിങ് ഉപയോഗിച്ചുളള ഇന്റീരിയറും വീതി കൂടിയ ജനലുകളും പുതിയ മെമുവിന്റെ മാറ്റു കൂട്ടുന്നു. 

പുതിയ റേക്ക് ലഭിച്ചതോടെ തിരുവനന്തപുരം ഡിവിഷനിലെ മെമു സർവീസുകൾ പ്രതിദിനമാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും തൽക്കാലം അതുണ്ടാകില്ല. അറ്റകുറ്റപ്പണിക്കു കൊണ്ടു പോയ റേക്ക് തിരികെ വരുന്ന മുറയ്ക്കായിരിക്കും മെമു സർവീസുകൾ ഡെയ്‌ലി ആക്കുക. മുൻപു വാഗ്ദാനം ചെയ്ത രണ്ടു 12 കാർ മെമു ട്രെയിനുകൾ കൂടി ഡിവിഷനു ഇനിയും ലഭിക്കാനുണ്ട്. ഇതിനുളള ശ്രമം തുടരുകയാണെന്നു ഡിവിഷണൽ റെയിൽവേ മാനേജർ സിരീഷ് കുമാർ സിൻഹ പറഞ്ഞു. അതു കൂടി ലഭിച്ചാൽ പരമ്പരാഗത പാസഞ്ചർ ട്രെയിനുകൾ ഘട്ടം ഘട്ടമായി മെമു സർവീസുകളാക്കി മാറ്റുമെന്നും പെട്ടെന്നു വേഗം കൈവരിക്കുന്നതിനാൽ ട്രെയിനുകളുടെ വൈകിയോട്ടത്തിനും ഇത് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com