ADVERTISEMENT

യാങ്കൂൺ ∙ അപമാനിച്ചുകൊണ്ടേയിരിക്കുക, ആ അപമാനത്തെ ചോദ്യം ചെയ്യുന്നവരെ ഭീകരവാദികളായി മുദ്രകുത്തുക. ആക്രമിച്ചു കൊണ്ടേയിരിക്കുക, ചെറുക്കാന്‍ ശ്രമിക്കുന്നവരെ ഭീകരവാദികളാക്കുക വർഷങ്ങളായി മ്യാൻമറിലെ റഖീൻ പ്രവിശ്യയിൽ ഭരണകൂടം സമർഥമായി നടപ്പാക്കുന്ന സൂത്രവാക്യമാണിത്. സാമൂഹിക വിരുദ്ധരായ രാക്ഷസന്‍മാര്‍, ഭീകരവാദികള്‍, വൃത്തികെട്ടവര്‍, രോഗാണുക്കള്‍ പേറുന്നവര്‍ എന്നൊക്കെയാണു മ്യാന്‍മറിലെ രോഹിൻഗ്യൻ അഭയാർഥികൾക്കു ഭരണകൂടം രാജ്യാന്തര വേദികളിൽ പോലും ചാർത്തി നൽകുന്ന വിശേഷണം.

വംശശുദ്ധിക്കു വേണ്ടി മുസ്‌ലിംകളെ കൂട്ടത്തോടെ െകാന്നൊടുക്കുകയാണു മ്യാൻമറെന്നു രാജ്യാന്തര വേദികളിൽ ലോകരാഷ്ട്രങ്ങൾ മുറവിളി കൂട്ടിയിട്ടും ഫലമുണ്ടായില്ല. സമാധാന നൊബേല്‍ ജേതാവ് ഓങ് സാന്‍ സൂചിയുടെ കണ്‍മുന്നില്‍ മ്യാന്‍മറിലെ രോഹിൻഗ്യൻ വംശജർക്കെതിരെ നടന്ന കൂട്ടക്കൊല 2016 മുതൽ ഇന്നും ആവർത്തിക്കുകയാണ്. റഖീനിലെ രോഹിൻഗ്യൻ വംശജർ മ്യാന്‍മര്‍ സൈന്യത്തിന്റെയും പൊലീസിന്റെയും അതിക്രമങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്.

ബംഗ്ലാദേശില്‍നിന്നു നിയമവിരുദ്ധമായി കുടിയേറിയവരാണു രോഹിൻഗ്യൻ വംശജരെന്നു സമർഥിക്കാനാണു മ്യാൻമർ ഭരണകൂടത്തിന്റെ ആസൂത്രിത ശ്രമം. 1982ലെ പൗരത്വ നിയമം ഇവരെ പൂര്‍ണമായി പുറത്തുനിര്‍ത്തി. ബംഗ്ലാദേശില്‍നിന്നു വന്നവരാണെന്നു സ്വയം പ്രഖ്യാപിക്കുന്ന രേഖയില്‍ ഒപ്പുവയ്ക്കാൻ ഭരണകൂടം ജനതയെ നിർബന്ധിക്കുന്നു. വിദേശികളാണെന്നു സ്വയം സാക്ഷ്യപ്പെടുത്തിയാൽ തത്കാലം പ്രവിശ്യയില്‍ കഴിയാമെന്നാണു വാഗ്ദാനം. ഈ രേഖ കാലതാമസം കൂടാതെ നിയമപരമാക്കുകയാണു ലക്ഷ്യം. കുടിയേറി പാർത്ത 135 ഓളം വംശങ്ങളെയാണ് ഭരണകൂടം പൗരൻമാരായി അംഗീകരിക്കുക. ഇതിൽപെടാത്തവരാണ് രോഹിൻഗ്യൻ ജനതയെന്നാണു വിശദീകരണം.

Genocide Day
റോഹിഗ്യൻ വംശജരുടെ ഒത്തുച്ചേരൽ

‘വിദേശികളല്ല, ഈ മണ്ണിൽ പിറന്നവരാണ്’

ബംഗ്ലാദേശിൽനിന്നു വന്നവരാണെന്നു സ്വയം പ്രഖ്യാപിക്കുന്ന രേഖയില്‍ ഒപ്പുവയ്ക്കാൻ തോക്കുമുനയിൽ ഭരണകൂടം ആവശ്യപ്പെടുന്നതെന്നാണ് ഏറ്റവും പുതിയതായി മ്യാൻമറിൽനിന്നു റിപ്പോർട്ട് ചെയ്യുന്ന മനുഷ്യവകാശ ലംഘനം. വിദേശികളാണെന്നു സ്വയം അംഗീകരിച്ചു കൊണ്ട് തിരിച്ചറിയൽ കാർഡുകൾ കൈപ്പറ്റി രാജ്യം വിടാൻ തോക്കുമുനയിൽ രോഹിൻഗ്യൻ അഭയാർഥികളോടു ആവശ്യപ്പെടുകയാണ് മ്യാൻമർ. ഞങ്ങൾ വിദേശികളല്ല, ഈ മണ്ണിൽ പിറന്നവരും ഈ മണ്ണിന്റെ ഉടമകളുമാണെന്ന അഭയാർഥികളുടെ വിലാപത്തെ 1982 ലെ പൗരത്വാവകാശ നിയമം ചൂണ്ടിക്കാട്ടിയാണു മ്യാൻമർ മറികടക്കുന്നത്.

Rohingya people
റോഹിഗ്യൻ കുട്ടികൾ ബംഗ്ലാദേശിലെ അഭയാർഥി ക്യാംപിൽ

ദേശീയ തിരിച്ചറിയിൽ കാർഡ് നിലവിൽ വരുന്നതോടെ ഏറ്റവും ഫലപ്രദമായി രോഹിൻഗ്യൻ അഭയാർഥികളെ ഉൻമൂലനം ചെയ്യാനാകുമെന്നു ഭരണകൂടം കണക്കുകൂട്ടുന്നു. എന്നാൽ സൈനിക വക്താവ് തുൻ തുൻ നയി ആരോപണങ്ങൾ തള്ളി. തോക്കുമുനയിൽ തിരിച്ചറിയൽ കാർഡുകൾ കൈപ്പറ്റാൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്നു സൈനിക വക്താവ് അറിയിച്ചു. രാഷ്ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി മതവികാരം ഇളക്കിവിട്ട് സര്‍ക്കാര്‍ വര്‍ഗീയകലാപത്തിന് ആക്കംകൂട്ടുകയാണെന്നു രാജ്യാന്തര സമൂഹം മ്യാൻമറിനു നേരേ വിരൽ ചൂണ്ടുമ്പോഴാണ് ദേശീയ തിരിച്ചറിയൽ കാർഡ് എന്ന തുറുപ്പുചീട്ട് മ്യാൻമർ പുറത്തെടുക്കുന്നത്.

തോണികളിൽ ജീവിതം മുറുകെപ്പിടിച്ച്

ബുദ്ധമതത്തിലേക്കു പരിവർത്തനം ചെയ്യപ്പെടുന്നവർക്കു മാത്രമാണു സമാധാനപരമായ ജീവിതം സ്വപ്നമെങ്കിലും കാണാനാകുക. അവിടെയും മൂന്നാംകിട പൗരൻമാരായി ജീവിക്കാനാണ് ഇവരുടെ വിധി. സ്ത്രീകളെയാണു പട്ടാള ഭരണകൂടത്തിന്റെ അനുമതിയോടെ ബുദ്ധ ഭീകരവാദികൾ ലക്ഷ്യം വയ്ക്കുന്നതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകളോടും കുട്ടികളോടുമുള്ള അതിരുവിട്ട ആക്രമണം രോഹിൻഗ്യകളെ പലായനത്തിനു പ്രേരിപ്പിക്കുമെന്നാണു കണക്കുകൂട്ടൽ. സാധാരണ ബോട്ടുകളിൽ ജീവിതവും കയ്യിൽപിടിച്ച് തായ്‌ലാന്‍ഡിലേക്കും മലേഷ്യയിലേക്കും നടത്തുന്ന ഇത്തരം യാത്രകളിൽ ഭൂരിഭാഗവും കലാശിക്കുന്നതു മരണത്തിലാണ്.

പ്രതിസന്ധിയെ അതിജീവിക്കുന്നവർ ചെന്നെത്തുന്നതു സര്‍വായുധ സജ്ജരായി നിലകൊള്ളുന്ന തായ് തീരസേനയുടെ മുന്നിലാകും. തിരിച്ചയയ്ക്കാതിരിക്കാൻ കയ്യിലെ വിലപിടിപ്പുള്ളതെല്ലാം നൽകിയിട്ടും മതിയാകാതെ വരുമ്പോൾ സ്ത്രീകളെപ്പോലും കാഴ്ച വയ്ക്കേണ്ടി വരും. എല്ലാം നഷ്ടപ്പെടുത്തിയിട്ടും തായ്‌ലാൻഡിലും മലേഷ്യയിലും പ്രവേശിക്കാൻ സാധിക്കാതെ ബോട്ടിൽ തന്നെ മടങ്ങുന്ന ഇവരെ ‘തോണി മനുഷ്യർ’ എന്ന് രാജ്യാന്തര സമൂഹം വിളിക്കുന്നത് ഈ വേദനയുടെ ആഴവും പരപ്പും അറിയുന്നതു കൊണ്ടു തന്നെയാകും.

മ്യാൻമറിലെ രോഹിൻഗ്യകള്‍ക്കെതിരെ ഭരണകൂടം നടത്തിയ വംശഹത്യയുടെ ശക്തമായ തെളിവുകള്‍ പുറത്തുവിട്ടതു ഫോര്‍ട്ടിഫൈ റൈറ്റ്‌സ് എന്ന മനുഷ്യാവകാശ സംഘടനയാണ്. ഇവരുടെ റിപ്പോർട്ട് അനുസരിച്ച് നിർബന്ധിതരേഖ കൈപ്പറ്റാനായി രോഹിൻഗ്യൻ വംശജരെ നിർബന്ധിക്കുന്ന സവിശേഷ സാഹചര്യം രാജ്യത്തു നിലനിൽക്കുന്നുണ്ടെന്നു പറയുന്നു. രോഹിൻഗ്യകളെ കൂട്ടത്തോടെ ഉൻമൂലനം ചെയ്യാനുള്ള തന്ത്രമാണു സത്യത്തിൽ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 2017 മുതൽ നിർബന്ധിത രേഖ അടിച്ചേൽപ്പിക്കാനുള്ള ശ്രമമുണ്ടെങ്കിലും ദിവസങ്ങൾക്കു മുൻപാണു യുദ്ധകാല അടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പാക്കാൻ തുനിഞ്ഞത്. ബംഗ്ലാദേശിൽ അഭയാർഥികളായി കഴിയുന്ന രോഹിൻഗ്യൻ വംശജരെ തിരിച്ചറിയുകയെന്നതും ദേശീയ തിരിച്ചറിയൽ കാർഡിന്റെ ലക്ഷ്യമാണ്.

നിർബന്ധിത രേഖ ഒപ്പിട്ടു നൽകിയില്ലെങ്കിൽ തന്നെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായി 62 കാരനായ രോഹിൻഗ്യൻ കർഷകർ ഫോർട്ടിഫൈ റൈറ്റ്സിനോടു പറയുന്നു. ‘അതിദാരുണമായി മർദിക്കപ്പെട്ടു. നെഞ്ചിലും തലയിലും അവർ ചവിട്ടിനിന്നു. ഞങ്ങൾ വിദേശികളല്ല, ഈ നാടിന്റെ അവകാശികളാണ്. ബോധപൂർവം ഞങ്ങളെ കൂട്ടിലാക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. ഞങ്ങൾ വിദേശികളും കയ്യേറ്റക്കാരുമാണെന്നു സ്ഥാപിക്കാനാണു ശ്രമം. നിങ്ങൾ എന്നു മുതലാണ് ബംഗ്ലാദേശിൽ നിന്നു വന്നതെന്നാണ് ആദ്യത്തെ ചോദ്യം. ബംഗ്ലാദേശിൽ നിങ്ങളുടെ ഗ്രാമത്തിന്റെ തലവൻ ആരെന്നായിരുന്നു അടുത്ത ചോദ്യം’.

ദേശീയ തിരിച്ചറിയൽ കാർഡു കൊണ്ട് നിങ്ങളുടെ നാട് ഇതെല്ലെന്ന കൃത്യമായ സന്ദേശമാണ് നൽകുന്നത്. അതുകൊണ്ട് തന്നെയാണ് ലോകത്തിന്റെ പലഭാഗങ്ങളിലായി ചിതറിപ്പോയ രോഹിൻഗ്യകൾ മ്യാൻമറിൽ തിരിച്ചെത്താൻ ഭയപ്പെടുന്നതും. തിരിച്ചെത്തിയാൽ െകാല്ലപ്പെടുമെന്ന് അവർ ഭയപ്പെടുന്നു. എന്നാൽ അഭയം നൽകിയ ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ഏതു നിമിഷവും പുറന്തള്ളപ്പെടുന്ന അവസ്ഥയിലുമാണ്. രോഹിൻഗ്യകളെ തിരിച്ചുവിളിക്കാമെന്ന കരാറിൽ മ്യാന്‍മറും ബംഗ്ലദേശും ഒപ്പിട്ടിരുന്നു. എന്നാൽ മരണതുല്യമായ ജീവിതത്തിലേക്കു ഇല്ലെന്നും മതിയായ സുരക്ഷ ഉറപ്പുവരുത്തിയാൽ ‍മാത്രം മടങ്ങാമെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അഭയാർഥികൾ.

വിവാഹം കഴിക്കണമെങ്കിൽ സർക്കാർ കനിയണം

ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മ്യാന്‍മര്‍ പ്രവിശ്യയായ റഖീനിൽ വസിക്കുന്നവരാണ് രോഹിൻഗ്യകൾ. 2016 ലെ വംശഹത്യയ്ക്കു മുൻപെ 11 ലക്ഷത്തിലധികം പേരാണ് ഇവിടെ ജീവിച്ചിരുന്നത്. ഇവർക്കു മ്യാന്‍മര്‍ ഭരണകൂടം പൗരത്വം വകവച്ചു കൊടുത്തിരുന്നില്ല. അടിമകൾക്കു സമാനമായിരുന്നു ജീവിതം. വഴിനടക്കാനോ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകാനോ അനുവാദമില്ല. സർക്കാരിന്റെ അനുമതിയില്ലാതെ വിവാഹം ചെയ്താൽ വിചാരണ നേരിടേണ്ടി വരും. അപേക്ഷിക്കണമെങ്കില്‍ വന്‍ സമ്പത്തുണ്ടെന്നു രേഖാമൂലം തെളിയിക്കണം. സർക്കാരിന്റെ സാക്ഷ്യപത്രമില്ലാതെ നടക്കുന്ന വിവാഹങ്ങളിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾ ദേശവിരുദ്ധരെന്നും നിയമവിരുദ്ധരെന്നും മുദ്രകുത്തപ്പെടും.

സ്വന്തമായി ഭൂമിയോ രേഖകളോ ഇവർക്കില്ല. വീട് പണിതാലും താമസിക്കാൻ യോഗമില്ല. അനുമതിയില്ലെന്നു പറഞ്ഞു പട്ടാളമെത്തി പൊളിക്കും. ഭൂമി സർക്കാരും ഭൂരിപക്ഷ സമുദായവും കയ്യേറിയതിനെ തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്നു. ആകെ അറിയാവുന്ന െതാഴിലായ മീൻപിടിത്തം ചെയ്യാനും നിർവാഹമില്ല. ഇവരുടെ മീനിനു കമ്പോളത്തിൽ പകുതി വിലയേ കിട്ടൂ. ജോലി ചെയ്താൽ മറ്റുള്ളവരേക്കാൾ കുറഞ്ഞ കൂലിയേയുള്ളൂ. വെള്ളവും വൈദ്യുതിയും ഇല്ലാത്ത ടെന്റുകളിൽ നരകജീവിതമാണ് ഇവരുടേത്.

രോഹിൻഗ്യകകളുടെ മതപരമായ ചടങ്ങുകൾക്ക് വിലക്കുണ്ട്. ഒരിക്കൽ പലായനം ചെയ്ത രോഹിൻഗ്യകളെ പ്രവിശ്യയില്‍ പ്രവേശിക്കാന്‍ അനുവദിക്കാറില്ല. പെണ്‍കുഞ്ഞുങ്ങളെ സൈന്യവും പ്രദേശവാസികളും ലൈംഗികമായി പീഡിപ്പിക്കുന്നത് നിത്യസംഭവമായതോടെയാണ് 73,000 ലേറെ പേർ രാജ്യം ഉപേക്ഷിച്ച് ബംഗ്ലാദേശിലേക്കു കുടിയേറിയത്. ഗ്രാമവാസികളും സൈന്യവും ചേർന്ന് ഒരു ഗ്രാമത്തിലെ ആറായിരത്തോളം വരുന്ന രോഹിൻഗ്യൻ വംശജരെ കൊന്നും വീടുകൾ കത്തിച്ചും കൊള്ളയടിച്ചും ഇല്ലാതാക്കിയതിന്റെ നേർച്ചിത്രങ്ങള്‍ രാജ്യാന്തര മാധ്യങ്ങൾ പുറത്തുവിട്ടിരുന്നു. റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തരെ അറസ്റ്റ് ചെയ്തതും രാജ്യാന്തര തലത്തിൽ വൻ ഒച്ചപ്പാട് ഉണ്ടാക്കി.

Rohingya people
മ്യാൻമറിലെ കൂട്ടക്കൊലയുടെ രണ്ടാം വാർഷികത്തിൽ ബംഗ്ലാദേശിലെ റോഹിൻഗ്യ വംശജർ ഒത്തുച്ചേർന്നപ്പോൾ

മ്യാൻമറിൽ രോഹിൻഗ്യൻ വംശജരെ കൂട്ടക്കുരുതി നടത്തിയ വാർത്ത പുറത്തുവിട്ടതിന്റെ പേരിൽ ജയിലിലടയ‌്ക്കപ്പെട്ട മാധ്യമപ്രവർത്തകർക്ക‌ു പുലിറ്റ‌്സർ സമ്മാനം ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇൻ ദിൻ ഗ്രാമത്തിൽനിന്നു കൂട്ടത്തോടെ മുസ്‌ലിം വംശജർ ഒഴിഞ്ഞുപോയി. കൂട്ടക്കൊലകളും പീഡനങ്ങളും തീവയ്പ്പും നടത്തിയാണു പട്ടാളം തങ്ങളെ ഗ്രാമത്തിൽനിന്നും പുറത്താക്കിയതെന്നു ബാക്കിയായ ഗ്രാമവാസികൾ പറയുന്നു. ഇരകളായ രോഹിൻഗ്യകളുടെ വാക്കുകളിലൂടെയാണു മ്യാൻമറിന്റെ ക്രൂരത ലോകം അറിഞ്ഞത്.

English Summary: 'Genocide card': Myanmar Rohingya verification scheme condemned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com