ADVERTISEMENT

പാലക്കാട് ∙ ഇടവപ്പാതി കഴിയാറായിട്ടും സജീവമായ കാലവർഷപാത്തി മഴയുടെ ആക്കം വർധിപ്പിക്കുന്നു. സാധാരണയിൽനിന്നു വ്യത്യസ്തമായി അറബിക്കടലിന്റെ ചൂട് ഇനിയും കുറയാത്തതിനാലാണ് ഈ സാഹചര്യം. മഴക്കാലത്ത് അറബിക്കടൽ തണുക്കുന്നതേ‍ാടെ സാധാരണ പാത്തി ദുർബലമാകുകയാണു ചെയ്യുക. നിശ്ചിത പ്രദേശത്തുണ്ടാകുന്ന ന്യൂനമർദത്തെ തുടർന്നു കാറ്റ് കടന്നുപേ‍ാകുന്ന മേഖലയിൽ രൂപപ്പെടുന്ന ചാലുപേ‍ാലുളള പ്രതിഭാസമാണ് കാലവർഷപാത്തി.

മർദത്തിന്റെ ഫലമായി ഇവിടേക്കു കൂടുതലായി എത്തുന്ന കാറ്റ് സഹ്യപർവതത്തിന് അടുത്ത് എത്തുമ്പേ‍ാഴാണു മഴപെയ്യുന്നത്. സാധാരണ കാലവർഷം ആരംഭിച്ചു നിശ്ചിത സമയത്തിനുശേഷം പാത്തി ക്ഷയിക്കുന്നതേ‍ാടെ മഴയുടെ ശക്തിയും കുറയും. എന്നാൽ ഇപ്രാവശ്യം കടൽചൂട് തുടരുന്നതിനാൽ പാത്തി സജീവമാണ്. മിക്കയിടത്തും ലഭിക്കുന്ന കനത്തമഴയുടെ പ്രധാനകാരണം ഇതാണ്. ശക്തി കുറഞ്ഞെങ്കിലും ബംഗാൾ ഉൾക്കടലിൽ ഒരു മാസം മുൻപ് ആരംഭിച്ച ന്യൂനമർദവും തുടരുകയാണ്. ഈ മാസം 25 വരെ ഏറിയുംകുറഞ്ഞും സംസ്ഥാനത്ത് മഴ തുടരാനാണു സാധ്യത.

പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള അതിതീവ്രമഴ രണ്ടുദിവസത്തിനുളളിൽ കുറയുമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. അങ്ങനെയെങ്കിൽ തിരുവോണ ദിവസം തെളിയും. കുറഞ്ഞസമയത്തിൽ കേ‍ാരിച്ചെ‍ാരിയുന്നതാണ് മഴയുടെ സ്വഭാവത്തിൽ ഇത്തവണത്തെ പ്രകടമായ മാറ്റം. 10 – 15 മിനിറ്റാണു പെയ്ത്തിന്റെ സമയം. ഈ സ്ഥലങ്ങളിൽ ദിവസം നാലു മുതൽ ആറു സെന്റീമീറ്റർവരെ മഴ ലഭിക്കുന്നുണ്ട്. മഴത്തുള്ളികൾക്കു കനവും വെള്ളത്തിന്റെ അളവും കൂടുതലാണ്. അതിതീവ്രമഴയിൽ നല്ല തണുപ്പും അനുഭവപ്പെടുന്നുണ്ട്.

കൂടുതൽ ഉയരത്തിൽ നിന്നുള്ള മേഘങ്ങളിൽനിന്നു മഴ പെയ്യുന്നതുകെ‍ാണ്ടാണു തണുപ്പു വർധിക്കുന്നതെന്നു കെ‍ാച്ചി റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞർ പറഞ്ഞു. രണ്ടാഴ്ചയായി തുടരുന്ന പ്രാദേശിക മഴ സംസ്ഥാനത്തിന്റെ വടക്കുഭാഗത്താണു കൂടുതൽ. കാറ്റിന്റെ ഗതിയും മഴക്കാവശ്യമായ ഇതര ഘടകങ്ങളും വടക്ക് നിലനിൽക്കുന്നുണ്ട്. ന്യൂനമർദത്തെ തുടർന്നുണ്ടായ മേഘപടലങ്ങൾ നീങ്ങുന്നതും ഈ വഴിക്കാണ്. ന്യൂനമർദം ഇടതടവില്ലാതെ തുടരുന്ന സാഹചര്യവും ഇത്തവണയുണ്ട്. കഴിഞ്ഞയാഴ്ച ഗുജറാത്ത് തീരത്തു രൂപപ്പെട്ട ന്യൂനമർദം ഏതാണ്ട് ദുർബലമായി. തുലാവർഷത്തിന്റെ സാധ്യതകളെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com