ADVERTISEMENT

ബെംഗളൂരു ∙ ഹാർഡ് ലാൻഡിങ്ങാണു നടത്തിയതെങ്കിലും ചന്ദ്രയാൻ 2ലെ വിക്രം ലാൻഡറിനു കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് ഐഎസ്ആർഒ. അതിവേഗത്തിൽ കുത്തനെ ശക്തമായി ചന്ദ്രോപരിതലത്തിൽ ലാൻഡർ വന്നിടിക്കുകയായിരുന്നെന്നാണ് ചെയർമാൻ ഡോ.കെ.ശിവൻ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ലാൻഡർ പൂർണമായി തകർന്നിട്ടില്ല. ചെരിഞ്ഞ നിലയിലാണുള്ളത്. ലാൻഡറുമായി ആശയവിനിമയം നടത്താനുള്ള ശ്രമം തുടരുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു.

ഓർബിറ്റർ വഴിയെടുത്ത തെർമൽ ചിത്രം വിശകലനം ചെയ്താണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ഈ നിഗമനത്തിലെത്തിയത്. ലാൻഡർ തകരുകയോ ഏതെങ്കിലും ഭാഗം നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. ചെരിഞ്ഞു കിടക്കുകയാണെന്നു മാത്രം. ഇതുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ബെംഗളൂരുവിലെ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് കേന്ദ്രത്തിലെ പ്രത്യേക സംഘം തുടർശ്രമങ്ങൾ നടത്തുകയാണെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

സമയം പോകുന്തോറും ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യത കുറഞ്ഞുവരികയാണ്. ഒരു ചാന്ദ്രദിനത്തിനു തുല്യമായ 14 ദിവസമാണ് ലാൻഡറിന്റെ ആയുസ്സ്. എന്നാൽ പ്രതീക്ഷിച്ച രീതിയിലാണ് ലാൻഡറിന്റെ കിടപ്പെങ്കിൽ സോളർ പാനലുകള്‍ വഴി ബാറ്ററി റീചാർജ് ചെയ്യാനാകും. അക്കാര്യം കണ്ടെത്തുന്നതിനും സമയം വളരെ കുറവാണെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നത്.

ചന്ദ്രനിൽ ഇറങ്ങിയ വിക്രം ലാൻഡർ കണ്ടെത്തിയതായി ഡോ. കെ.ശിവൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ലാൻഡറിന്റെ ലൊക്കേഷൻ കണ്ടെത്തി. ലാൻഡറിന്റെ തെർമൽ ഇമേജും വിശകലനം ചെയ്തു. ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ‌ലാൻഡിങ് നടത്തുക എന്ന ലക്ഷ്യത്തിന്റെ അവസാന ഘട്ടം വരെയെത്തിയെങ്കിലും തുടർന്നു സിഗ്നൽ നഷ്ടമാവുകയായിരുന്നു. വിക്രം ലാൻഡറിൽനിന്നു ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽ വരെ സിഗ്നലുകൾ ലഭിച്ചെന്നും തുടർന്നു ബന്ധം നഷ്ടമാകുകയായിരുന്നു.

ചന്ദ്രയാൻ–2 ദൗത്യം 90 മുതൽ 95 ശതമാനം വിജയമാണെന്ന് ഐഎസ്ആർഒ വിലയിരുത്തിയിരുന്നു. ദൗത്യത്തിന്റെ ഭാഗമായ ഓർബിറ്റർ ഏഴു വർഷം ചന്ദ്രനെ ഭ്രമണം ചെയ്യും. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതുവരെ ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് നടത്തിയിട്ടുള്ളത്. അതും ഇന്ത്യൻ ദൗത്യത്തിന്റെ ചെലവു പരിഗണിച്ചാൽ പതിന്മടങ്ങ് പണം മുടക്കിയും.

ചന്ദ്രോപരിതലത്തിലെ സോഫ്റ്റ്‌ ലാൻഡിങ് ദൗത്യങ്ങളിൽ 37% മാത്രമാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. യുഎസ്, റഷ്യ തുടങ്ങിയ ബഹിരാകാശ വൻശക്തികളുടെ ഒട്ടേറെ ലാൻഡർ ദൗത്യങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ ഇസ്രയേലിന്റെ ബെറഷീത്ത് എന്ന ദൗത്യവും പരാജയപ്പെട്ടിരുന്നു. ലാൻഡിങ്ങിനുള്ള സ്ഥലമായി ഇസ്റോ തിരഞ്ഞെടുത്ത ദക്ഷിണധ്രുവം വെല്ലുവിളിയുടെ ആക്കം കൂട്ടി. മറ്റൊരു ദൗത്യവും കടന്നുചെന്നിട്ടില്ലാത്തതും ശാസ്ത്രജ്ഞർക്കു ധാരണ കുറവുള്ളതുമായ മേഖലയാണിത്. വീഴ്ചയുടെ കാരണങ്ങളെക്കുറിച്ചു പഠിക്കാൻ പരാജയ വിശകലന സമിതി (എഫ്എസി) രൂപീകരിച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്റോ പ്രാഥമിക വിശകലനം നടത്തും.

English Summary: Vikram Lander Found Intact but tilred near landing site

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com