ADVERTISEMENT

കോട്ടയം ∙ മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണയുമായി സിപിഎം. ഫ്ലാറ്റ് ഉടമകളെ ശിക്ഷിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അവരോട് അനുകമ്പ കാണിക്കുന്ന സമീപനം സ്വീകരിക്കണം. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. അങ്ങനെ നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ കോടതി മുഖേന തന്നെ മുൻകയ്യെടുക്കണം. ഫ്ലാറ്റുടമകൾ വേണ്ട സഹായങ്ങൾ സിപിഎം നൽകും.

ഉടമകള്‍ക്ക് മാനുഷികപരിഗണന നല്‍കണം. നിയമലംഘനത്തിലാണ് കോടതി ഇടപെട്ടത്. അങ്ങനെ നിയമലംഘനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഇപ്പോഴത്തെ വിധി ഫ്ലാറ്റിലെ താമസക്കാരെ തെരുവാധാരമാക്കുന്നതാണ്. ഈ സാഹചര്യത്തിൽ ബദൽ നടപടികളെ കുറിച്ചും താമസക്കാരെ പുനഃരധിവസിപ്പിക്കേണ്ട കാര്യങ്ങളെ കുറിച്ചും സർക്കാർ ആലോചിക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ ശനിയാഴ്ച മരട് സന്ദർശിക്കും. പൊളിക്കണമെന്നു സുപ്രീംകോടതി ഉത്തരവിട്ട നാലു ഫ്ലാറ്റുകളിലെ താമസക്കാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച മരടിലേക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം, മരടിലെ ഫ്ലാറ്റുകൾ പൊളിക്കാതിരിക്കാൻ അപ്പീൽ നൽകുന്നതിനുള്ള എല്ലാ സാധ്യതകളും സംസ്ഥാന സർക്കാർ ഉപയോഗപ്പെടുത്തണമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ പറഞ്ഞു. 350ഓളം കുടുംബങ്ങളെ വഴിയാധാരമാകാത്തിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സി.എൻ.മോഹനൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com