ADVERTISEMENT

കൊച്ചി∙ തീരദേശ പരിപാലനച്ചട്ടം ലംഘിച്ചതിന് കൊച്ചി മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതിയുടെ അന്തിമ വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ, സോളിസിറ്റർ ജനറലിന്റെ നിയമോപദേശം തേടി.

വിധി നടപ്പാക്കുന്നതിൽ എന്തെങ്കിലും ഇളവ് സുപ്രീം കോടതിയിൽ നിന്നു നേടാനാകുമോ എന്നറിയുന്നതിനാണ് സർക്കാർ ചർച്ച നടത്തിയിരിക്കുന്നത്. വിധിയുടെ വിവിധ വശങ്ങൾ സർക്കാർ ചർച്ച ചെയ്തിട്ടുണ്ട്. ഈ മാസം 23ന് കേസ് പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ ഹാജരായേക്കും.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളിലേയ്ക്ക് അടയിന്തിരമായി കടക്കാൻ സോളിസിറ്റർ ജനറൽ സർക്കാരിന് നിയമോപദേശം നൽകി. ഇതിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറി പൊളിക്കേണ്ട ഫ്ലാറ്റുകൾ സന്ദർശിക്കുകയും നഗരസഭ ഫ്ലാറ്റുടമകൾക്ക് ഒഴിയുന്നതിനുള്ള നോട്ടിസ് നൽകുകയും ചെയ്തിരിക്കുന്നത്. വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന് താൽപര്യമില്ല എന്ന നിലയിലേയ്ക്ക് കാര്യങ്ങൾ പോകുന്നത് കൂടുതൽ അപകടകരമാകുകയും കൂടുതൽ നടപടികളിലേക്ക് കോടതി കടക്കാൻ ഇടയുണ്ടെന്നുമാണ് വിലയിരുത്തൽ.

അതേ സമയം ഫ്ലാറ്റുകളിലെ താമസക്കാരെ സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ അതിഥി മന്ദിരങ്ങളിലേക്ക് മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ആരും മാറി താമസിക്കാൻ തയാറായിട്ടില്ല. ഫ്ലാറ്റുകളിൽ നിന്ന് ഇറങ്ങില്ലെന്ന കർശന നിലപാടിലാണ് താമസക്കാർ.

ഫ്ലാറ്റിലെ താമസക്കാർക്ക് പിന്തുണയുമായി ഇതിനിടെ നിരവധി സംഘടനകളും തദ്ദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്. നടപടിയുടെ ഭാഗമായി കഴി‍ഞ്ഞ ദിവസം ഫ്ലാറ്റുകൾ  പൊളിക്കുന്നതിനുള്ള പരസ്യം സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. ഫ്ലാറ്റ് പൊളിക്കുന്നതിന് തയാറായി ഇതുവരെ ആരും വന്നിട്ടില്ല. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങൾ കാണിച്ചുകൊണ്ടായിരിക്കും വരും ദിവസം സർക്കാർ കോടതിയിൽ റിപ്പോർട് സമർപ്പിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com