ADVERTISEMENT

ന്യൂഡൽഹി ∙ നരേന്ദ്ര മോദി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഇപ്പോഴത്തെ സാമ്പത്തിക പ്രയാസത്തിൽനിന്നു കരകയറാൻ വർഷങ്ങളെടുക്കും. ‘തലക്കെട്ട് സൃഷ്ടിക്കല്‍’ ശീലം ഉപേക്ഷിച്ചു പ്രതിസന്ധി ഉണ്ടെന്ന് അംഗീകരിക്കാൻ സർക്കാർ തയാറാകണം. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു മൻമോഹന്റെ വിമർശനം.

‘ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നതു നമുക്കു സമ്മതിക്കാതിരിക്കാനാവില്ല. ഇപ്പോൾത്തന്നെ ധാരാളം സമയം നഷ്ടപ്പെട്ടു. പൊടിക്കൈകള്‍ കൊണ്ടോ നോട്ടുനിരോധനം പോലുള്ള അബദ്ധങ്ങള്‍ കൊണ്ടോ യാതൊരു ഗുണവുമില്ല. പുതിയ തലമുറ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുമാണു സർക്കാർ ശ്രദ്ധിക്കേണ്ടത്’– മൻമോഹൻ പറഞ്ഞു.

ധനമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികളിൽ ഇരുന്നപ്പോൾ വിജയകരമായാണു രാജ്യത്തെ സമ്പദ്‌രംഗം മുന്നേറിയത്. ഇപ്പോഴത്തേതു മനുഷ്യനിർമിത പ്രതിസന്ധിയാണ്. നോട്ടുനിരോധനവും ജിഎസ്ടിയും ആണ് നിലവിലെ അവസ്ഥയ്ക്കു കാരണം. തുടർച്ചയായി രണ്ടു തവണ വലിയ ഭൂരിപക്ഷം നേടിയ സര്‍ക്കാരാണിത്. തന്റെ കാലത്ത് ഇങ്ങനെയായിരുന്നില്ല. എന്നിട്ടും 1991, 2008 വർഷങ്ങളിലെ സാമ്പത്തിക പ്രതിസന്ധികൾ വിജയകരമായി മറികടക്കാനായെന്നും മൻമോഹൻ ചൂണ്ടിക്കാട്ടി. സാമ്പത്തിക ഉണർവുണ്ടാകാൻ അഞ്ച് നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.

1. കുറഞ്ഞ കാലയളവിൽ വരുമാന നഷ്ടമുണ്ടാകുമെങ്കിലും ജിഎസ്ടി യുക്തസഹമായി പുനഃസംഘടിപ്പിക്കുക.

2. കാര്‍ഷിക മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവ പുനരുദ്ധരിക്കുക. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍നിന്നു വേണമെങ്കില്‍ സർക്കാരിന് ഇതിനുള്ള സൂചന കണ്ടെത്താം.

3. പണലഭ്യത കുറയുന്നുവെന്ന യാഥാർഥ്യം നേരിടണം. പൊതുമേഖലാ ബാങ്കുകള്‍ മാത്രമല്ല മറ്റു ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുന്നു.

4. വലിയ തോതില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ടെക്‌സ്റ്റൈല്‍, വാഹനം, ഇലക്‌ട്രോണിക്‌സ്, നിര്‍മാണ മേഖല തുടങ്ങിയവ പുനരുജ്ജീവിപ്പിക്കുക. ഈ മേഖലകളിൽ കൂടുതൽ വായ്പ ലഭ്യമാക്കണം.

5. യുഎസും ചൈനയും തമ്മില്‍ വ്യാപാര യുദ്ധം നടക്കുന്നതിനാല്‍ പുതിയ വിപണികള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം.

English Summary: Manmohan Singh Predicts Slowdown Will Last a Few Years, Has 5-Point Guide for PM Modi to Revive Growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com