sections
MORE

കോക്‌പിറ്റിൽ കാപ്പിക്കപ്പ് മറിഞ്ഞു; വിമാനം വഴിമാറ്റി, അടിയന്തര ലാൻഡിങ്

condor-airlines
കോണ്ടോർ എയർലൈന്‍സിന്റെ എയർബസ് എ 321 (ഫയൽ ചിത്രം)
SHARE

ഫ്രാങ്ക്ഫർട്ട്∙ മുന്നൂറിലേറെ യാത്രക്കാരുമായി പറന്ന വിമാനത്തിന്റെ കണ്‍ട്രോൾ പാനലിലേക്കു കാപ്പിക്കപ്പ് മറിഞ്ഞു വീണതിനെത്തുടർന്ന് വിമാനം വഴിതിരിച്ചുവിട്ട സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. ഫെബ്രുവരി ആറിനായിരുന്നു സംഭവം. 11 ക്രൂ അംഗങ്ങളും 326 യാത്രക്കാരുമായി നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ പറക്കുകയായിരുന്ന കോണ്ടോർ എയർലൈൻസിന്റെ എയർബസ് എ330 വിമാനത്തിലായിരുന്നു പ്രശ്നം.

ഫ്ലൈറ്റ് നിയന്ത്രിക്കുന്നതിലും ആശയവിനിമയത്തിലും പൈലറ്റുമാർക്കു ‘സാരമായ ബുദ്ധിമുട്ട്’ നേരിട്ടതിനെത്തുടർന്ന് വിമാനത്തിന് അടിയന്തര ലാൻഡിങ് വേണ്ടി വന്നെന്നായിരുന്നു നേരത്തേ അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഇതിന്റെ വിശദവിവരങ്ങളാണിപ്പോൾ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ (എഎഐബി) അന്വേഷണ റിപ്പോർട്ടിലുള്ളത്.

ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് മെക്സിക്കോയിലെ കാൻകൂണിലേക്കു പറക്കുകയായിരുന്നു വിമാനം. യാത്രയ്ക്കിടെ ഓഡിയോ കണ്‍ട്രോൾ ബോർഡിലായിരുന്നു പൈലറ്റിന്റെ കാപ്പി വീണത്. തുടർന്ന് പാനൽ ചൂടാവുകയും പുക ഉയരുകയും ചെയ്തു. കോക്‌പിറ്റിലാകെ കരിഞ്ഞ ഗന്ധവും നിറഞ്ഞു. ഓക്സിജൻ മാസ്ക് ധരിച്ചാണ് ഇതിനെ പ്രതിരോധിച്ചത്.

കണ്‍ട്രോൾ പാനലിലെ ബട്ടണുകളിലൊന്ന് ഉരുകിയതാണു പ്രശ്നമായത്. ആശയവിനിമയത്തിൽ സാരമായ പ്രശ്നം വന്നതിനെത്തുടർന്ന് വിമാനം വഴിതിരിച്ചു വിടാൻ തീരുമാനിക്കുകയായിരുന്നു. അയർലൻഡിലെ ഷാനൻ വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. സംഭവത്തിൽ ആർക്കും പരുക്കില്ല. അറ്റകുറ്റപ്പണികൾ നടത്തി മാഞ്ചസ്റ്റർ വഴി കാൻകുണിലേക്കു വിമാനം യാത്ര തുടരുകയും ചെയ്തു. 

കോക്‌പിറ്റിലെ ട്രേ ടേബിൾ പൈലറ്റ് കാപ്പിക്കപ്പ് വച്ചതാണു പ്രശ്നമായതെന്ന് എഎഐബി റിപ്പോർട്ടിൽ പറയുന്നു. ഏതു വസ്തുവും തട്ടിമറിഞ്ഞു പോകാൻ ഏറ്റവും എളുപ്പമുള്ള ഭാഗമാണിതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കോക്‌പിറ്റിൽ കപ്പ് ഹോൾഡറുകൾ ഉപയോഗിക്കണമെന്നാണ് എയർബസ് അനുശാസിക്കുന്നത്. എന്നാൽ വലുപ്പം കുറഞ്ഞ കാപ്പിക്കപ്പുകളാണ് കോണ്ടോറിന്റെ വിമാനങ്ങളിൽ ഉപയോഗിക്കുന്നത്. അവ കപ്പ് ഹോൾഡറുകളിലേക്ക് ഇറക്കിവയ്ക്കാനും ബുദ്ധിമുട്ടുണ്ട്. 

സംഭവത്തെത്തുടർന്ന് മൂടിവയ്ക്കാവുന്ന തരം കപ്പ് ലിഡുകളുള്ള കാപ്പിക്കപ്പുകൾ ഉപയോഗിക്കാൻ കോണ്ടോർ തീരുമാനിച്ചിരുന്നു. ചായയോ കാപ്പിയോ എന്തുതന്നെയാണെങ്കിലും ഉപയോഗിക്കുമ്പോൾ സൂക്ഷ്മത വേണമെന്നും പൈലറ്റുമാരോട് നിർദേശിച്ചു. കോക്ക്പിറ്റിൽ പലതരം ദ്രാവകപദാർഥങ്ങൾ വിളമ്പുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ജീവനക്കാർക്കു നിർദേശം നൽകിയിട്ടുണ്ട്.

13,000 മണിക്കൂർ വിമാനം പറത്തി അനുഭവസമ്പത്തുള്ള നാൽപത്തിയൊൻപതുകാരനായ പൈലറ്റിനാണ് അബദ്ധം സംഭവിച്ചത്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കണക്കു പ്രകാരം ഇത്തരം വഴിതിരിച്ചു വിടലിലൂടെ എയർലൈന്‍ കമ്പനികൾക്ക് 10,000 മുതല്‍ 80,000 പൗണ്ട് വരെ (9 ലക്ഷം–70 ലക്ഷം രൂപ വരെ) നഷ്ടമുണ്ടാകാറുണ്ട്. വിമാനത്തിന്റെ വലുപ്പവും എവിടേക്കാണു വഴിതിരിച്ചു വിട്ടത് എന്നതും അടിസ്ഥാനമാക്കിയാണിത്. 

English Summary: Cockpit coffee spill caused transatlantic flight diversion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA