sections
MORE

പടുകൂറ്റൻ ടാങ്കുകൾ നിറഞ്ഞു കവിയുന്നു; റേഡിയോ ആക്ടിവ് മലിനജലം കടലിലേക്ക്

Fukushima-Protest-japan
സ്ഫോടനമുണ്ടായ റിയാക്ടറിൽ പരിശോധന നടത്തുന്ന വിദഗ്ധർ (ഫയൽ ചിത്രം) ആണവ റിയാക്ടറുകൾക്കെതിരെയുള്ള ജപ്പാനിലെ പ്രതിഷേധം.
SHARE

എട്ടു വർഷം മുൻപുണ്ടായ സൂനാമിയില്‍ സ്ഫോടനമുണ്ടായി ആണവചോർച്ചയിലൂടെ കുപ്രസിദ്ധി നേടിയ ജപ്പാനിലെ ഫുകുഷിമ നിലയത്തില്‍നിന്നു വീണ്ടും ഞെട്ടിക്കുന്ന വാർത്ത. സ്ഫോടനമുണ്ടായ റിയാക്ടറുകൾ തണുപ്പിക്കാൻ ഉപയോഗിച്ച റേഡിയോ ആക്ടിവിറ്റി നിറഞ്ഞ വെള്ളം പസിഫിക് സമുദ്രത്തിലേക്ക് ഒഴുക്കുകയല്ലാതെ മറ്റു വഴികളിലൊന്നുമില്ലെന്നു ജാപ്പനീസ് പരിസ്ഥിതി മന്ത്രി യോഷിയാകി ഹരാദ. 2022നകം ഇതു സംഭവിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പ്രതിസന്ധിയിൽനിന്ന് ഒരു വിധത്തിൽ തിരിച്ചുകയറുന്ന ആഭ്യന്തര മത്സ്യവിപണിയെ ശക്തമായി ബാധിക്കുന്ന തീരുമാനമാണിതെന്ന് മത്സ്യത്തൊഴിലാളികൾ പ്രതികരിച്ചു. സമീപ രാജ്യങ്ങളായ ചൈനയും ദക്ഷിണ കൊറിയയും വിഷയത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്.

എന്നാൽ വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്നും വിദഗ്ധ സമിതിയുടെ പരിശോധനയ്ക്കു ശേഷമല്ലാതെ റേഡിയോ ആക്ടിവ് ജലം സമുദ്രത്തിലേക്ക് ഒഴുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. തന്റെ അഭിപ്രായം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി മന്ത്രാലയം ഇതിനെ ശക്തമായി പിന്താങ്ങുന്നുമുണ്ട്. റിയാക്ടറുകള്‍ തണുപ്പിക്കാനായി ഉപയോഗിച്ച് റേ‍ഡിയോ ആക്ടിവിറ്റിയാൽ വിഷലിപ്തമായ 10 ലക്ഷത്തിലേറെ ടൺ ജലമാണ് നിലവിൽ ആയിരത്തിനടുത്തു പടുകൂറ്റൻ ടാങ്കുകളിൽ സംഭരിച്ചിരിക്കുന്നത്. ഈ ടാങ്കുകൾ 2022ഓടെ നിറയുമെന്നാണു സർക്കാർ പറയുന്നത്. പിന്നെയും ജലം സംഭരിക്കണമെങ്കിൽ ടാങ്കിലുള്ളത് ഒഴിവാക്കുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല. ‌

JAPAN-QUAKE-NUCLEAR-DISASTER-ACCIDENT
2011ലുണ്ടായ സൂനാമിയിൽ ഫുക്കുഷിമ നിലയത്തിലേക്ക് കൂറ്റൻ തിരമാല അടിച്ചുകയറുന്നു.

ജപ്പാനിലെ ഭൂഗർഭ ജലത്തിൽപ്പോലും റേഡിയോ ആക്ടിവ് മൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതോടെ താരതമ്യേന ഏറ്റവും ‘സുരക്ഷിതമെന്നു’ വിശ്വസിക്കുന്ന കടലിലേക്കുള്ള ഒഴുക്കൽ രീതി തന്നെ പ്രാവർത്തികമാക്കാനാണ് സർക്കാർ നീക്കം. 2011 മാർച്ചിലാണ് സൂനാമിയെത്തുടർന്ന് ഹൈഡ്രജൻ സ്ഫോടനമുണ്ടായി റിയാക്ടറുകളിലെ ആണവഇന്ധനം ഉരുകിയൊലിച്ചത്. ഫുകുഷിമ ഡെയ്‌ച്ചി, ഡെയ്‌നി എന്ന പേരിലറിയപ്പെടുന്ന ആണവനിലയത്തിലെ ഡെയ്‌ച്ചി റിയാക്‌ടറാണു തകർന്നത്. നിലയത്തിന്റെ ആണവടാങ്കുകളിൽ വെള്ളം കയറുകയായിരുന്നു. ടോക്കിയോയിൽ നിന്ന് 250 കിലോമീറ്റർ വടക്കുകിഴക്കാണ് ഈ നിലയം. പ്രദേശത്തു ശക്തമായ അണുപ്രസരണവുമുണ്ടായി. ടാങ്കുകളിൽനിന്ന് അണുവികിരണമുള്ള ജലം ചോർന്നു. ഒരു ലക്ഷത്തോളം പേരെ മാറ്റി പാർപ്പിക്കേണ്ടി വന്നു.

1986–ലെ ചെർണോബിൽ ദുരന്തത്തിനുശേഷമുണ്ടായ ഏറ്റവും തീവ്രമായ ആണവച്ചോർച്ചയാണു ഫുകുഷിമയിലുണ്ടായത്. ഡെയ്‌ച്ചി മേഖലയിൽ തന്നെയുള്ള കൂറ്റൻ ടാങ്കുകളിലാണു റേഡിയോ ആക്ടീവ് വെള്ളം സൂക്ഷിച്ചിരിക്കുന്നതും. മൊത്തം മേഖല ആണവവിമുക്തമാക്കണമെങ്കിൽ ദശാബ്ദങ്ങൾ ഇനിയും വേണം. മനുഷ്യർക്കു സുരക്ഷിതമായ വിധത്തിൽ ഫുകുഷിമയും പരിസര പ്രദേശങ്ങളും ‘വൃത്തിയാക്കുക’ എന്നതു മാത്രമാണ് നിലവിലെ ലക്ഷ്യം. കഴിഞ്ഞ എട്ടു വർഷമായി എല്ലാ ദിവസവും റിയാക്ടർ തണുപ്പിച്ചതിനു ശേഷം കുറഞ്ഞത് 200 ടൺ റേഡിയോ ആക്ടിവ് ജലമെങ്കിലും പുറന്തള്ളപ്പെടുന്നുണ്ട്.

SKOREA-JAPAN-QUAKE-NUCLEAR
ഫുകുഷിമ ആണവ സ്ഫോടനത്തിന്റെ ടിവി ദൃശ്യം. ദക്ഷിണ കൊറിയയിൽ നിന്ന് (ഫയൽ ചിത്രം)

അതിസങ്കീർണമായ ഫിൽട്രേഷൻ പ്രക്രിയയിലൂടെ റേഡിയോ ആക്ടീവ് ഐസോടോപ്പുകളിലേറെയും റിയാക്ടറുകളിൽനിന്നു മാറ്റിയിരുന്നു. റേഡിയോ ന്യൂക്ലൈഡുകളെയാണ് ഇത്തരത്തിൽ വേർതിരിച്ചൊഴിവാക്കിയത്. എന്നാൽ ഹൈഡ്രജന്റെ ഐസോടോപ്പുകളിലൊന്നായ ട്രിറ്റിയത്തെ ജലത്തിൽനിന്നു വേർതിരിക്കാനുള്ള വഴികൾ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ഇപ്പോഴും ഒരു റിയാക്ടറിൽ തണുപ്പിക്കൽ പ്രക്രിയ തുടരുകയാണ്. ഇതിലെ ജലമാണ് ടാങ്കുകളിൽ സൂക്ഷിക്കുന്നത്. എന്നാൽ 2022നു ശേഷം ഈ ജലം സംഭരിക്കാൻ സ്ഥലമില്ലാതാകുമെന്ന പ്രശ്നം വരികയാണ്.

ജലം കടലിലേക്ക് ഒഴുക്കി വിടാൻ നേരത്തെയും പദ്ധതിയുണ്ടായിരുന്നു. പരിസ്ഥിതി മന്ത്രാലയം പിന്തുണ നൽകുകയും ചെയ്തു. പക്ഷേ ഇതുവരെ നടപ്പാക്കാനായിട്ടില്ല. പസിഫിക്കിലെ ജലത്തിൽ റേഡിയോ ആക്ടിവിറ്റി വളരെ എളുപ്പത്തിൽ നേർപ്പിക്കപ്പെടുമെന്നാണു ഗവേഷകർ പറയുന്നത്. ട്രിറ്റിയമാകട്ടെ, മനുഷ്യർക്കോ മൃഗങ്ങൾക്കോ കാര്യമായ ദോഷമുണ്ടാക്കുന്നവയുമല്ലെന്നും വിദഗ്ധര്‍ പറയുന്നു. കടൽത്തീരങ്ങളിൽ പ്രവർത്തിക്കുന്ന ആണവനിലയങ്ങൾ ട്രിറ്റിയം നിറഞ്ഞ വെള്ളം കടലിലേക്കൊഴുക്കുന്നത് പതിവാണ്. എന്നാൽ മത്സ്യത്തൊഴിലാളികൾ ഇക്കാര്യങ്ങളൊന്നും വിശ്വാസത്തിലെടുത്തിട്ടില്ല.

ദക്ഷിണ കൊറിയയാകട്ടെ, ഇതിനോടകം വഷളായിക്കഴിഞ്ഞ ബന്ധം കൂടുതൽ താറുമാറാകുമെന്ന മുന്നറിയിപ്പ് ജപ്പാനു നൽകിക്കഴിഞ്ഞു. റിയാക്ടറിൽ നിന്നുള്ള വെള്ളം എന്തു ചെയ്യുന്നുവെന്നു വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ജാപ്പനീസ് എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരിലൊരാളെ കഴിഞ്ഞ മാസം ദക്ഷിണകൊറിയ വിളിച്ചുവരുത്തുകയും ചെയ്തു. റേഡിയോ ആക്ടിവിറ്റി നിറഞ്ഞ ജലം എന്തു ചെയ്യുമെന്നതു സംബന്ധിച്ച് ജപ്പാൻ ഉടനടി തീരുമാനമെടുക്കണമെന്നു രാജ്യാന്തര ആണവോർ‌ജ ഏജൻസിയും ആവശ്യപ്പെട്ടിട്ടുണ്ട്. ട്രിറ്റിയമല്ലാതെ മറ്റു റേഡിയോ ആക്ടിവ് മൂലകങ്ങളും റിയാക്ടറിൽ നിന്നു പുറന്തള്ളപ്പെടുന്ന വെള്ളത്തിലുണ്ടെന്ന് ഇതിന്റെ ചുമതലയുള്ള ടോക്കിയോ ഇലക്ട്രിക് പവർ (ടെപ്കോ) കമ്പനി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.

SKOREA-JAPAN-QUAKE-NUCLEAR
ഫുകുഷിമ ആണവ സ്ഫോടനത്തിന്റെ ടിവി ദൃശ്യം. ദക്ഷിണ കൊറിയയിൽ നിന്ന് (ഫയൽ ചിത്രം)

കടലിലേക്ക് ഒഴുക്കാനായില്ലെങ്കില്‍ വെള്ളം ബാഷ്പീകരിക്കുക എന്നതാണു മാർഗം. അല്ലെങ്കിൽ കരയിൽ തന്നെ മറ്റൊരിടത്ത് കുറച്ചു കാലം കൂടി ടാങ്കുകൾ സൂക്ഷിക്കുക. ആണവ പ്ലാന്റ് അനുശാസിക്കുന്ന സുരക്ഷാ നിലവാരത്തിൽ വെള്ളത്തിലെ റേഡിയോ ആക്ടീവ് മാലിന്യങ്ങളെ ഒഴിവാക്കി ശുദ്ധീകരിച്ച് പുറത്തേക്കൊഴുക്കണമെങ്കിൽ ഇനിയും 17 വർഷം കൂടി വേണ്ടിവരുമെന്നാണു പറയപ്പെടുന്നത്. ഫുകുഷിമയിൽ തകർന്ന മൂന്നു റിയാക്ടറുകളിൽ നിന്നുള്ള ആണവ ഇന്ധനം മണ്ണിലേക്കും ഭൂഗർഭ ജലത്തിലേക്കും കലരുന്നതു തടയാൻ ജാപ്പനീസ് സർക്കാർ ഏകദേശം 2200 കോടി രൂപ ചെലവിട്ട് മണ്ണിനടിയിൽ കൂറ്റൻ മതിൽ തീർത്തിരുന്നു. വരാനിരിക്കുന്ന ടോക്കിയോ ഒളിംപിക്സിനു മുന്നോടിയായി, ഫുകുഷിമയുണ്ടാക്കിയ ചീത്തപ്പേര് ഇല്ലാതാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലുമാണ് സർക്കാർ.

2011 മാർച്ച് 11നുണ്ടായതു ജപ്പാനിൽ അന്നുവരെയുണ്ടായതിൽ ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു. റിക്ടർ സ്കെയിലിൽ 9 രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് 133 അടി ഉയരത്തിൽ സൂനാമി തിരകളെത്തി. സൂനാമിയും ഫുകുഷിമ സ്ഫോടനവും കാരണം രണ്ടു ലക്ഷത്തിലേറെ പേർക്ക് വീടു വിട്ട് അഭയകേന്ദ്രങ്ങളിലേക്കു മാറേണ്ടി വന്നു. ഇവരിൽ 43,000 പേർക്ക് ഇപ്പോഴും തിരിച്ചെത്താനായിട്ടില്ല. ഏകദേശം 45 ലക്ഷം കോടി രൂപ ചെലവിട്ടാൽ മാത്രമേ ആണവമലിനീകരണം കൊണ്ടുള്ള പ്രശ്നങ്ങൾ മറികടക്കാനാകൂവെന്നാണ് ദ് ജപ്പാൻ സെന്റർ ഫോർ എക്കണോമിക് റിസർച്ചിന്റെ റിപ്പോർട്ട്.

English Sumamry: Japan will have to dump radioactive Fukushima water into Pacific Ocean, says Environmental minister

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA