ADVERTISEMENT

പനജി ∙ ഇന്ത്യ വികസിപ്പിച്ചെടുത്ത ചെറു പോർവിമാനം തേജസിന്റെ ആദ്യ അറസ്റ്റഡ് ലാൻഡിങ് പരീക്ഷണം വിജയകരം. വിമാനവാഹിനിക്കപ്പലുകളിൽ പറന്നിറങ്ങുന്ന പോർവിമാനങ്ങളെ ‘പിടിച്ചുനിർത്തുന്ന’ രീതിയാണിത്. ഗോവയിലെ ഷോര്‍ ബേസ്ഡ് ടെസ്റ്റ് ഫെസിലിറ്റി (എസ്ബിടിഎഫ്)യിലാണ് അറസ്റ്റർ വയറുകൾ ഉപയോഗിച്ചു വിമാനത്തെ ലാൻഡിങ്ങിനു വിധേയമാക്കിയത്. ഇപ്പോൾ കരയിലാണ് ഇറക്കിയതെങ്കിലും വൈകാതെ വിമാനവാഹിനികളിലും അറസ്റ്റർ ലാൻഡിങ് സാധ്യമാകും.

ലാൻഡ് ചെയ്യുന്ന വിമാനത്തെ ബലമുള്ള അറസ്റ്റർ വയറുകൾ കൊണ്ട് പിടിച്ചുനിർത്തുന്ന രീതിയാണിത്. ഇതുവരെ അമേരിക്ക, യുകെ, ഫ്രാൻസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് അറസ്റ്റഡ് ലാൻഡിങ് വിജയകരമായി പരീക്ഷിച്ചത്. തേജസ് പരീക്ഷണം വിജയിച്ചതോടെ ആ മേഖലയിലെ ഇന്ത്യയുടെ വൻ ചുവടുവയ്പാണിത്.

ഗോവ എസ്ബിടിഎഫിൽ നാവിക സേനയുടെ വിമാനമാണു വിജയകരമായി ‘കുരുക്കിയെടുത്തത്’. രണ്ടു പേർക്കിരിക്കാവുന്ന വിമാനമാണ് ഇതിനായി ഉപയോഗിച്ചതെന്നു പ്രതിരോധ വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. 2012 ഏപ്രിലിലാണ് ഇത്തരം വിമാനങ്ങൾ ഇന്ത്യൻ സേന ആദ്യമായി ഉപയോഗിച്ചത്. 2014ൽ വിമാനത്തിന്റെ മറ്റൊരു വകഭേദവും സേന പറത്തി.

പല തവണ പരീക്ഷണങ്ങൾ നടത്തി വിജയിച്ച ശേഷം യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിലും വിമാനം ഇറക്കാൻ ശ്രമം നടത്തും. നിലവിലെ അവസ്ഥയിൽ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകള്‍ നാവികസേനയ്ക്കുള്ള ആവശ്യാനുസരണം ഉപയോഗിക്കാൻ സാധിക്കില്ലെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ സുനിൽ ലാംബ 2016ൽ പ്രതികരിച്ചിരുന്നു. എന്നാൽ വികസന പദ്ധതികൾ തുടരും. വിമാനത്തിന്റെ അന്നത്തെ ഭാരംവച്ചു യുദ്ധക്കപ്പലുകളില്‍നിന്നു പറന്നുയരാൻ സാധിക്കില്ലെന്നായിരുന്നു കണ്ടെത്തൽ.

ഐഎൻഎസ് വിക്രമാദിത്യയിൽനിന്ന് മിഗ്– 29 കെ പോർവിമാനങ്ങളാണു നിലവിൽ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ നിർമിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിലും മിഗ് വിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത്.

English Summary: Naval Tejas Clears Test Before Landing On Aircraft Carrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com