ADVERTISEMENT

തൃശൂർ∙ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച ഒരു വിഡിയോയ്ക്കു സാമൂഹിക മാധ്യമങ്ങളില്‍ വമ്പിച്ച സ്വീകരണമാണു ലഭിച്ചത്. കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ഒരു സ്വകാര്യ ബസ്. ആ ബസിന്റെ വരവിനു സാമൂഹിക മാധ്യമങ്ങള്‍ നല്‍കിയതു വന്‍ വരവേല്‍പാണ്. ബസിനും ഡ്രൈവര്‍ക്കും ആരാധകരും കൈയടിയും നിറഞ്ഞു.

സംഭവം ഇത്രേയുള്ളൂ: കുതിരാനിലെ മണിക്കൂറുകള്‍ നീണ്ട പതിവു കുരുക്ക്. തിരക്കു കൊടുംപിരികൊണ്ട ഓണക്കാലം. മണിക്കൂറുകള്‍ നീളുന്ന കുരുക്കും സമയനഷ്ടവും ഒഴിവാക്കാന്‍ ഒരു ബസിന്റെ യാത്രാട്വിസ്റ്റ്. നീണ്ടവരിയില്‍നിന്നു ഇടത്തോട്ടുതിരിഞ്ഞ് മറുവഴിയിലൂടെ വീണ്ടും മെയിന്‍ റോഡിലേക്കു വന്നു കയറുന്ന ബസ്. യൂട്യൂബിലൂടെ പ്രചരിച്ച ഈ വിഡിയോ പിന്നീടു സാമൂഹിക മാധ്യമങ്ങളില്‍ നിലംതൊടാതെ പറന്നുകയറി. ടിക് ടോക് വിഡിയോ, സ്റ്റാറ്റസ് വിഡിയോ, ട്രോള്‍ വിഡിയോ...സംഭവം വൈറല്‍! യാത്രാദുരിതത്തിന്റെ ദിശമാറി വിഡിയോ വിവിധ സാമൂഹിക മാധ്യമങ്ങളില്‍ കറങ്ങി. 

തൃശൂര്‍-പാലക്കാട് റൂട്ടിലോടുന്ന ‘ജോണീസ്’ ബസ് ആണ് വീഡിയോകളിലെ താരം. 007 എന്ന ജെയിംസ് ബോണ്ട് നമ്പറു കൂടിയായപ്പോള്‍ താരാരാധന കൂടി. ‘നെഞ്ചുവിരിച്ച്, തോളുചരിച്ച്...ലാലേട്ടന്‍’ സ്‌റ്റൈലിലാണ് ടിക് ടോക്, ഹലോ, ഇന്‍സ്റ്റഗ്രാം, ഷെയര്‍ ചാറ്റ്, ഫെയ്‌സ്‌ബുക് എന്നീ മാധ്യമങ്ങളിലൂടെ മറുവഴിയിലൂടെ മഴവെള്ളം ചിതറിച്ച് വരുന്ന കുതിരാനിലെ ബസ് കത്തിക്കയറിയത്. ‘ജോണീ, മോനേ ജോണീ...’, ‘ഏഴിമല പൂഞ്ചോല...’ എന്നീ പാട്ടുകളുടെയും ബാഹുബലി തീം മ്യൂസിക്കിന്റെയും സിനിമ ഡയലോഗുകളുടെയും അകമ്പടിയിലാണ് പ്രചരിച്ചത്.

കൂട്ടത്തില്‍ ഏറ്റവും ഹിറ്റായത് ഷൈദു ദാമോദരന്റെ കമന്ററിയോടെയുള്ള വിഡിയോ ആണ്. ‘അടയാളപ്പെടുത്തുക കാലമേ, ഇത് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം. സിംഹരാജാവ് എഴുന്നള്ളുന്നു. ദ ലയണ്‍ ഹാസ് എറൈവ്ഡ്’...ലോകകപ്പില്‍ ലയണല്‍ മെസിയുടെ ഗോളിനൊപ്പം ചേര്‍ത്തുവച്ച ആ ശബ്ദത്തോടെ ജോണീസ് ബസും! കുമ്പളങ്ങി നൈറ്റ്‌സിലെ ഫഹദ് ഫാസിലിന്റെ ഹിറ്റ് ഡയലോഗ്, 'ഷമ്മി ഹീറോയാടാ, ഹീറോ...' എന്ന വിഡിയോയും ലക്ഷങ്ങളാണ് കണ്ടത്.

എന്തിനായിരുന്നു ആ വീഡിയോ? എന്തായിരുന്നു ലക്ഷ്യം?

‘Extreme roads live’ എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിനായി ഫ്രീലാന്‍സ് ജേണലിസ്റ്റും തൃശൂര്‍ സ്വദേശിയുമായ എ.എന്‍. സഞ്ചാരി (അജില്‍) ആണ് ആ വിഡിയോ എടുത്തത്. കഷ്ടപ്പെട്ട് ദിവസങ്ങള്‍ കാത്തുനിന്നെടുത്ത വിഡിയോ എന്ന കുറിപ്പോടെ സുഹൃത്ത് ജിഷ്ണു ഇട്ട ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് യാഥാര്‍ഥ വിഡിയോ എടുത്തത് ആരെന്ന് പുറത്തെത്തിയത്. വീഡിയോ, എടുക്കാനുണ്ടായ സാഹചര്യം...അജിലിന്റെ വാക്കുകള്‍:

‘Extreme roads live’ എന്ന യൂട്യൂബ് പേജിനായി ഞാനെടുത്ത ഒരു വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയിരുന്നു. ഈ കാര്യത്തിന് ജോണീസ് ബസ് പൊലീസ് പിടിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വിഡിയോ ശരിയല്ല എന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ സ‌ാധിച്ചത്. തൃശൂർ-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന എല്ലാ ബസുകളുടെയും അവസ്ഥ ഇതാണ്. ഗതികേട് എന്നു തന്നെ പറയണം.  അത്രയ്ക്കുമോശമായി തുടരുകയാണ് ഇവിടുത്തെ റോഡുകൾ. ഓണത്തോട് അടുത്തുള്ള സമയത്താണ് കുതിരാനിൽ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

വീട്ടിലേക്കുള്ള വഴിയായതിനാല്‍ എന്നും കാണുന്നതും അനുഭവിക്കുന്നതും ആണ് ഈ കുരുക്ക്. ദിവസങ്ങള്‍ക്കു മുൻപ് ഒരു മന്ത്രിയെ സമയത്തിനു കുതിരാന്‍ കടത്തിവിടാന്‍ പൊലീസ് വാഹനങ്ങൾ തടഞ്ഞിട്ടപ്പോൾ സ്ത്രീകള്‍ അടക്കമുള്ള സാധാരണ ജനം മണിക്കൂറുകളാണു വഴിയില്‍ കാത്തുകിടന്നത്. ഈ കുരുക്ക് വാർത്തയും വിവാദവുമായ പശ്ചാത്തലത്തില്‍ കുതിരാനിലെ യാഥാര്‍ഥ്യം അധികാരികളുടെ കണ്ണുതുറപ്പിക്കട്ടെ എന്ന ലക്ഷ്യത്തോടെയാണ് അന്ന് വിഡിയോ എടുത്തത്.

ജിഷ്ണു എന്ന സുഹൃത്തിനൊപ്പം കുതിരാനിലെത്തി വലിയ വാഹനങ്ങളുടെ യാത്രാദുരിതം മണിക്കൂറുകളോളം നിരീക്ഷിച്ചു. രണ്ടുപേരും രണ്ടിടത്തായി നിന്ന് എല്ലാം വിഡിയോയിൽ പകർത്തി. ഡ്രൈവര്‍മാരില്‍നിന്നും യാത്രക്കാരില്‍നിന്നും നേരിട്ടും ദുരിതം മനസിലാക്കി. ദൂരേയ്ക്കു ക്യാമറ സൂം ചെയ്ത് എടുക്കുന്നതിനിടെ ആകസ്മികമായാണ് ഒരു ബസ് ഇടത്തോട്ടു തിരിഞ്ഞ്, സര്‍വീസ് റോഡ് പണിക്കായുള്ള മണ്ണുറോഡിലൂടെ തിരിഞ്ഞുകയറുന്നത് ശ്രദ്ധയില്‍പെട്ടത്.

നീണ്ട വരിയും വലിയ കുഴികളും, യാത്രികരുടെയും ബസിന്റെയും സമയനഷ്ടവും ഒഴിവാക്കാന്‍ ആ ഡ്രൈവര്‍ക്ക് അതേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഇന്നും ഇന്നലെയും തുടങ്ങിയ ഗതികേടല്ല ഇത്. അധികാരികളുടെ അനാസ്ഥയ്ക്ക് യാത്രക്കാര്‍ മറുവഴി തേടുന്നത് ഈ പ്രദേശത്തെ പതിവു കാഴ്ചയാണ്. (അതല്ലാതെ വേറെ മാർഗം ഇല്ല) അധികാരികള്‍ക്ക് സുഖയാത്ര, നികുതിയടയ്ക്കുന്ന ജനത്തിനു ദുരിതയാത്ര...ന്യായീകരിക്കാവുന്ന ഒന്നല്ലല്ലോ. എല്ലാവരും കാണട്ടെ, അറിയട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com