ADVERTISEMENT

കൊച്ചി∙ പാലാരിവട്ടം പാലം നിർമാണ അഴിമതിക്കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഇബ്രാഹിം കുഞ്ഞിനെതിരെ, റിമാൻഡിലുള്ള പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടിക്കൊരുങ്ങുന്നത്. മന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പടെയുള്ളവയ്ക്ക് തെളിവു ലഭിച്ചതായാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.

ഇബ്രാഹിം കുഞ്ഞിനെതിരെ നടപടി വേണ്ടിവരുമെന്ന് സ്പീക്കറെ അറിയിച്ചുവെന്നാണു സൂചന. നോട്ടിസ് നല്‍കാനായി വിജിലന്‍സ് സംഘം എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയെങ്കിലും കാണാന്‍ കഴിഞ്ഞില്ല. എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ നിന്നോ നിയമസഭാ വളപ്പില്‍ നിന്നോ അറസ്റ്റ് ചെയ്യണമെങ്കില്‍ സ്പീക്കറെ രേഖാമൂലം അറിയിച്ച് അനുമതി വാങ്ങണം. പുറത്തുവച്ചാണ് അറസ്‌റ്റെങ്കിലും മുന്‍കൂര്‍ അറിയിച്ചിരിക്കണം. പാലാ ഉപതിരഞ്ഞെടുപ്പിനു മുമ്പ് അറസ്റ്റ് ഉണ്ടാകുമെന്നാണു റിപ്പോര്‍ട്ട്.

അതേസമയം ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങില്ലെന്നാണു മുസ്്‌ലിം ലീഗിന്റെ വിലയിരുത്തല്‍. പാലാ ഉപതിരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്ട്രീയനീക്കം മാത്രമാണ്. അറസ്റ്റ് ചെയ്യാന്‍ പാകത്തില്‍ തെളിവുകളൊന്നും ഇല്ലെന്നും ലീഗ് വിലയിരുത്തുന്നു.

വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്യുന്നതിനാണ് വിജിലൻസ് തീരുമാനം. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും, നിര്‍മാണത്തിന്റെ ഫയല്‍ വാങ്ങും. ഇതിനായി ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കുമെന്നും വിജിലന്‍സ്  അറിയിച്ചു. നേരത്തെ ടി.ഒ. സൂരജ് ഉൾപ്പടെയുള്ളവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിജിലൻസ് അറസ്റ്റ് നടപടിയിലേക്ക് കടക്കുകയായിരുന്നു. നടപടിക്കു മുന്നോടിയായി വിജിലൻസ് ഡയറക്ടർ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

ആർബിഡിസികെയുടെ അന്നത്തെ എംഡിയുടെ ശുപാർശയിൽ മന്ത്രിയുടെ ഉത്തരവിന്മേലാണ് പാലം നിർമാണത്തിന് താൻ മുൻകൂറായി പണം അനുവദിച്ചതെന്ന് ടി.ഒ. സൂരജ് കോടതിയിൽ ജാമ്യഹർജിയിൽ ബോധിപ്പിച്ചിരുന്നു. മാധ്യമങ്ങൾക്കു മുമ്പിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com