ADVERTISEMENT

മുംബൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മഹാരാഷ്ട്രയിൽ ബിജെപി– ശിവസേന സഖ്യത്തിൽ വിള്ളലിന്റെ സൂചനകൾ. പകുതി സീറ്റുകൾ വിട്ടുതന്നില്ലെങ്കിൽ ബിജെപിയുമായുള്ള സഖ്യം തകർന്നേക്കുമെന്നു ശിവസേന നേതാക്കൾ ആവർത്തിച്ചു. മന്ത്രിയും ശിവസേന നേതാവുമായ ദിവാകർ റോത്, ശിവസേന എംപി സഞ്ജയ് റാവത്ത് എന്നിവരാണു ബിജെപിക്കെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയത്.

‘ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ സാന്നിധ്യത്തിൽ തയാറാക്കിയ 50–50 ഫോർമുല അവർ ബഹുമാനിക്കണം. സഖ്യം തകരുന്നതിനെക്കുറിച്ചല്ല ഇപ്പോൾ സംസാരിക്കുന്നത്. ദിവാകർ റോത് പറഞ്ഞതിൽ തെറ്റുമില്ല’– സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപിക്കു തുല്യമായ സീറ്റുകൾ ശിവസേനയ്ക്കു നൽകിയില്ലെങ്കിൽ തിരഞ്ഞെടുപ്പിനു മുമ്പുള്ള സഖ്യം ഇല്ലാതാകുമെന്നു കഴിഞ്ഞ ദിവസം ദിവാകർ റോത് പറഞ്ഞിരുന്നു.

2014ലെ തിരഞ്ഞെടുപ്പിൽ സഖ്യം സാധ്യമാകാത്തതിനാൽ വെവ്വേറെയാണ് ഇരുപാർട്ടികളും മത്സരിച്ചത്. ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിൽ സർക്കാർ രൂപീകരിക്കാൻ രണ്ടു പാർട്ടികളും കൈ കോർക്കുകയായിരുന്നു. ഇത്തവണ സഖ്യത്തിൽ മത്സരിക്കുകയാണെങ്കിൽ പകുതി സീറ്റുകൾ വേണമെന്ന വാശിയിലാണു ശിവസേന. 288 അംഗ നിയമസഭയിലേക്ക് 124 സീറ്റിൽ കൂടുതൽ വിട്ടുതരാനാകില്ലെന്നാണു ബിജെപിയുടെ നിലപാട്.

ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ സഖ്യത്തിനുവേണ്ടി ഉറച്ചുനിൽക്കുകയാണെന്നും സീറ്റ് പങ്കിടൽ ചർച്ച പുരോഗമിക്കുകയാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഫഡ്നാവിസിന്റെ ‘മഹാജനദേശ് യാത്ര’ തീരുന്നമുറയ്ക്കു രണ്ടുമൂന്നു ദിവസത്തിനകം തീരുമാനമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

English Summary: Respect 50:50 formula or the alliance could break: Shiv Sena warns BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com