ADVERTISEMENT

തിരുവനന്തപുരം∙ വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്. ഇക്കാര്യം സംബന്ധിച്ച് സിപിഎം നേതൃത്വത്തില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷം പേരും പ്രശാന്തിനെയാണു പിന്തുണച്ചത്.

സാമുദായിക സമവാക്യങ്ങള്‍ മാറ്റിവച്ച് യുവനേതാവിനെ തന്നെ കളത്തിലിറക്കാനാണ് സിപിഎം തീരുമാനം. മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രതിച്ഛായയും പ്രളയകാലത്തെ സഹായപ്രവര്‍ത്തനങ്ങളും യുവാക്കള്‍ക്കിടയിലുള്ള സ്വീകാര്യതയും പ്രശാന്തിനു മുതല്‍ക്കൂട്ടാകുമെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇന്ന് ഉച്ചയ്ക്കു ശേഷം പാര്‍ട്ടി വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി ചേര്‍ന്നതിനു ശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക.

യുവനേതാവ്, പഞ്ചായത്ത് അംഗം, അഭിഭാഷകൻ അങ്ങനെ വ്യത്യസ്തമായ മേഖലകളിലൂടെയാണ് പ്രശാന്ത് കടന്നു വന്നത്. കോർപ്പറേഷനിൽ നിന്നും ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത് – 3272 വോട്ട്. എസ്.എഫ്.ഐയിലൂടെയായിരുന്നു രംഗപ്രവേശം. പഠനകാലത്ത് സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലാണ് പ്രീഡിഗ്രി ചെയ്തത്. ആ സമയത്ത് മാഗസിൻ എഡിറ്റർ, കോളേജ് യൂണിയൻ ചെയർമാൻ പദവികള്‍ വഹിച്ചു.

പേരൂർക്കട ലോ അക്കാദമിയിൽ ചേർന്ന സമയത്ത് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം, എസ്എഫ്ഐ കഴക്കൂട്ടം ഏരിയ സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. പിന്നീട് കഴക്കൂട്ടം പഞ്ചായത്തിലെ കരിയിൽ വാർഡിലെ പ്രായം കുറഞ്ഞ മെമ്പറെന്ന പദവിയും പ്രശാന്തിന്റെ പേരിലാണുള്ളത്. അച്ഛൻ എസ്.കൃഷ്ണൻ പ‍ഞ്ചായത്തിൽ ഉദ്യോഗസ്ഥനാണ്. അമ്മ ജെ. വസന്ത. ഭാര്യ രാജി. മകൾ ആലിയ.

English Summary: VK Prasanth LDF Candidate in Vattiyoorkavu Byelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com