ADVERTISEMENT

ഹോങ്കോങ്∙ 15,000 കിലോമീറ്റർ ദൂരപരിധിയുള്ള പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ എഴുപതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സൈനിക പരേഡിൽ പ്രദർശിപ്പിച്ച് കരുത്തു കാട്ടുകയായിരുന്നു ചൈന. ലോകത്ത് ചൈനയ്ക്കുള്ള സ്ഥാനം ആർക്കും ഇളക്കാനാവില്ലെന്നും ചൈനീസ് ജനതയുടെയും രാജ്യത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തെ തടയാനാവില്ലെന്നും പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ പ്രഖ്യാപനം.

ഡിഎഫ് 41 എന്ന പേരില്‍ പുറത്തിറക്കിയ മിസൈലിന് അരമണിക്കൂര്‍  കൊണ്ട് അമേരിക്കയിലെത്തി കനത്ത നാശം വിതയ്ക്കാനാകുമെന്നാണു വിലയിരുത്തൽ. ഒരേ സമയം പത്തു പോര്‍മുനകള്‍ ഒന്നിച്ചു വഹിക്കാന്‍ ശേഷിയുള്ള ഡിഎഫ് 41 ലോകത്തെ ഏറ്റവും പ്രഹര ശേഷി കൂടിയ മിസൈലുകളില്‍ ഒന്നാണെന്നും ചൈന ലോകത്തിനു ‘മുന്നറിയിപ്പ്’ നൽകി.

എന്നാൽ മറുവശത്തു മറ്റൊരു കാഴ്ചയും അന്നേദിവസം തന്നെ ലോകം കണ്ടു. ചൈനയിൽ കമ്യൂണിസ്റ്റ് ഭരണത്തിന്റെ 70ാം വാർഷികാഘോഷം നടന്ന ഒക്ടോബർ ഒന്നിനു കരിദിനമായി ആചരിച്ച് ഹോങ്കോങ്ങിൽ നടന്ന ആയിരങ്ങളുടെ പ്രകടനമായിരുന്നു അത്. 4 മാസമായി അവിടെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായിരുന്നു അത്.

 Tsang Chi Kin
സാങ് ഷി കിൻ എന്ന വിദ്യാർഥിയുടെ അറസ്റ്റിൽ ഹോങ്കോങ് ജനത പ്രതിഷേധിക്കുന്നു (ഇടത്) സാങ് ഷി കിൻ (വലത്)

ചെറുപ്രവിശ്യകളെ അധികാരത്തിന്‍റെ ബലത്തില്‍ സ്വന്തം കാല്‍ക്കീഴിലാക്കുന്ന ഭരണാധികാരികള്‍ക്കുള്ള മുന്നറിയിപ്പ് എന്ന ശീർഷകത്തിൽ രാജ്യാന്തര മാധ്യമങ്ങൾ ആ പ്രതിഷേധ പ്രകടനത്തെ ഏറ്റെടുക്കുകയും ചെയ്തു. ലോകത്തിനു മുന്നിൽ ചൈനയെ ചെറുതായെങ്കിലും നാണം കെടുത്താൻ ആ പ്രതിഷേധ പ്രകടനത്തിനായി എന്നതാണു സത്യം. 

ഏകാധിപത്യം വാഴുന്ന ചൈന ഒന്നാം ലോകശക്തിയാകാനുള്ള നെട്ടോട്ടത്തിലാണ്. അതിനിടെയാണു സ്വന്തം തട്ടകത്തില്‍ ഹോങ്കോങ് തീർക്കുന്ന പ്രതിരോധം. ചൈനയുടെ എഴുപതാം വാർഷികാഘോഷ ദിനത്തോടനുബന്ധിച്ച് പ്രകടനങ്ങളും പ്രതിഷേധങ്ങളും ഹോങ്കോങ് തെരുവുകളിൽ നിരോധിച്ചിട്ടും ആയിരങ്ങൾ തെരുവുകൾ കീഴടക്കുകയായിരുന്നു.

സുവാന്‍ വാന്‍ ജില്ലയില്‍ ഒക്ടോബർ ഒന്നിന് ഉച്ച തിരിഞ്ഞ് പ്രതിഷേധക്കാർക്കെതിരെ പൊലീസ് പാഞ്ഞെ‌ത്തി. പെട്രോൾ ബോംബുകളും, ഇരുമ്പു ദണ്ഡുകളും, കുടകളുമുപയോഗിച്ച് പൊലീസിനെ നേരിടാൻ ശ്രമിക്കുന്ന പ്രതിഷേധക്കാരെ പൊലീസുകാർ വളഞ്ഞിട്ടു ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഹോങ്കോങ്ങിന്റ െതരുവുകളിൽ നിന്നും തെരുവുകളിലേക്കു പ്രതിഷേധം ആളിക്കത്തി. പ്രതിഷേധക്കാർക്കെതിരെ പൊലീസ് വെടിയുതിർത്തു. 18 വയസ് മാത്രം പ്രായമുള്ള സാങ് ഷി കിൻ എന്ന സ്കൂൾ വിദ്യാർഥിയുടെ നെഞ്ചിലാണ് ആ വെടിയുണ്ടകളിലൊന്നു തറച്ചത്.

Hong Kong protest
സുവാന്‍ വാന്‍ ജില്ലയിലെ പ്രതിഷേധത്തിനിടെയുള്ള ദൃശ്യം

ഒാക്സിജന്‍ മാസ്ക് ധരിച്ച, നെഞ്ചില്‍ രക്തക്കറയുള്ള ആ സ്കൂൾ വിദ്യാർഥിയെ  ഉദ്യോഗസ്ഥര്‍ പരിചരിക്കുന്നതും വൈകിയെത്തിയ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ബോധം നഷ്ടപ്പെടാത്ത അയാളെ സ്ട്രെച്ചറിൽ കിടത്തുന്നതും പ്രാദേശിക ചാനല്‍ പുറത്തു വിട്ട ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സ്വയം രക്ഷയ്ക്കായാണു വിദ്യാർഥിയുടെ നെഞ്ചിൽ വെടിവയ്ക്കേണ്ടി വന്നതെന്നായിരുന്നു ചൈനീസ് ഭരണകൂടത്തിന്റെ വിശദീകരണം.

വിദ്യാർഥിയുടെ ആരോഗ്യാവസ്ഥ മോശമാണെന്നു രാജ്യാന്തര മാധ്യമങ്ങൾ വാർത്ത നൽകിയെങ്കിലും ചൈന അത് നിഷേധിച്ചു. സാങ് ഷി കിൻ ചൈനീസ് പൊലീസിന്റെ കസ്റ്റ‍ിയിലാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കലാപത്തിനു കോപ്പുകൂട്ടിയതും പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതുമാണ് സാങ് ഷി കിനിനു മേൽ ചൈനീസ് ഭരണകൂടം ചുമത്തിയ കുറ്റം.

Hong Kong protest
ചൈനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വനിത

ചൈനയുടെ നടപടിക്കെതിരെ പ്രക്ഷോഭകാരികൾ രംഗത്തെത്തി. സമരത്തിന്റെ രൂപവും ഭാവവും മാറുമെന്നും ചൈനീസ് ഭരണകൂടത്തിനു അവർ താക്കീത് നൽകുകയും ചെയ്തു. സാങ്ങിനെ വിട്ടയ്ക്കണമെന്നു ആവശ്യപ്പെട്ടു ഹോങ്കോങ് തെരുവുകളിൽ കൂറ്റൻ റാലികൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. 

ചൈനയെ പിന്തുണച്ചു ‘പുഞ്ചിരിച്ച്’ കാരി ലാം

ഹോങ്കോങ്ങിന്റെ ഭരണാധിപയും ചൈനീസ് പക്ഷക്കാരിയുമായ കാരി ലാം ബെയ്ജിങ്ങിൽ നടന്ന ദേശീയദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ ലോകം കാണുമ്പോൾ മറുവശത്ത് ഹോങ്കോങ് ജനത തെരുവിൽ പൊലീസിനെതിരെ പോരാടുകയായിരുന്നു.

Hong Kong protest

ഹോങ്കോങ് പൗരന്മാർക്കു നേരെ പലയിടത്തും കണ്ണീർവാതകവും റബർ ബുള്ളറ്റുകളും പ്രയോഗിക്കപ്പെട്ടു. ആ സമയത്ത് ഹോങ്കോങ്ങിനെ പ്രതിനിധീകരിച്ചുള്ള ഫ്ലോട്ട് ബെയ്ജിങ്ങിലെ ഘോഷയാത്രയിലൂടെ ഒഴുകി നീങ്ങുകയായിരുന്നു. അതിലേക്കു നോക്കി പുഞ്ചിരി തൂകി ഇരിക്കുന്ന കാരി ലാമിന്റെ വിഡിയോയും വിവിധ മാധ്യമങ്ങളിലൂടെ ലോകം കണ്ടു.

കുറ്റാരോപിതരെ ചൈനയിൽ വിചാരണ ചെയ്യാനുള്ള നിയമത്തിനെതിരെ ആരംഭിച്ച പ്രക്ഷോഭം ഭീകരതയുടെ തലത്തിലേക്കു വഴിമാറുന്നതായി ചൈന ആരോപിച്ചുവെങ്കിലും ഹോങ്കോങ് പ്രക്ഷോഭം നാൾക്കുനാൾ ശക്തി പ്രാപിക്കുന്നത് ചൈനയെ ഏറെ പ്രതിരോധത്തിലാക്കുന്നുണ്ടെന്നാണു പുതിയ സംഭവ വികാസങ്ങൾ വ്യക്തമാക്കുന്നത്. ഹോങ്കോങ് പ്രതിഷേധം രൂപപ്പെട്ടതിനു ശേഷം ഏറ്റവുമധികം അറസ്റ്റ് നടന്നതു ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ്.

269 പേരെയാണ് െപാലീസ് കയ്യാമം വച്ചത്. പന്ത്രണ്ടുകാരനും എഴുപത്തിയൊന്നുകാരനും പ്രതിഷേധക്കാരുടെ നിരയിൽ ഉണ്ടായിരുന്നു. തൊള്ളായിരത്തോളം റബർ ബുള്ളറ്റുകളാണ് െപാലീസ് പ്രതിഷേധക്കാർക്കു നേരെ പ്രയോഗിച്ചത്. 1400 തവണ കണ്ണീർ വാതകം പ്രയോഗിച്ചു. നൂറിലധികം ആളുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. മുപ്പതിലധികം ആളുകൾ പരുക്കേറ്റ് ഇപ്പോഴും ആശുപത്രിയിലാണ്. 

മധ്യ ഹോങ്കോങ്ങിലെ ആറു ജില്ലകളിലാണ് പ്രധാനമായും പ്രതിഷേധക്കാർ തമ്പടിച്ചിരിക്കുന്നത്. സാങ് ഷി കിനിന് വെടിയേറ്റതോടെ ഹോങ്കോങ്ങിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. രാജ്യാന്തര സമൂഹവും ചൈനയ്ക്കെതിരെ ശബ്ദമുയർത്തി രംഗത്തുണ്ട്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തുകയും ചെയ്തു.

Hong Kong protest

ആഘോഷത്തിനിടെ ചൈനയ്ക്കു കിട്ടിയ തല്ല്!

മാവോ സെ തുങ്ങിന്റെ നേതൃത്വത്തില്‍ ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചതിന്റെ 70-ാം വാര്‍ഷികത്തില്‍, തങ്ങൾ അജയ്യരാണെന്നു ലോകത്തോടു വിളിച്ചു പറയുന്ന വേളയിൽത്തന്നെ ചൈനയുടെ മുഖത്ത് ‘ആഞ്ഞു തല്ലിയ’ പ്രക്ഷോഭകാരികൾക്കെതിരെ ചൈന സ്വരം കടുപ്പിക്കുകയാണെന്ന റിപ്പോർട്ടുകളാണ് നിലവിൽ പുറത്തു വരുന്നത്.

Hong Kong protest

ഹോങ്കോങ് തെരുവുകളിലെ പ്രതിഷേധക്കാരെ എന്തു വിലകാടുത്തും അടിച്ചൊതുക്കാനാണു ചൈനീസ് സർക്കാരിന്റെ ശ്രമം. ഇനി കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും ചൈനീസ് അടിച്ചമർത്തൽ രീതികൾ വ്യക്തമാക്കുന്നു.

1842 മുതൽ ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് 1997ലാണു തിരിച്ചു ചൈനയുടെ നിയന്ത്രണത്തിലെത്തിയത്. തങ്ങളുടെ കീഴിൽ പ്രത്യേക അധികാര മേഖലയായ ഹോങ്കോങ്ങിനു സ്വയംഭരണം നല്‍കുമെന്നായിരുന്നു ചൈനയുടെ ആദ്യ വാഗ്ദാനം.

ഹോങ്കോങ്ങിനായി പ്രത്യേക നിയമസംവിധാനം രൂപീകരിക്കുമെന്നും പറഞ്ഞു. എന്നാൽ അതൊന്നും നടപ്പിലായില്ല. മാത്രവുമല്ല കുറ്റാരോപിതരെ ചൈനയിൽ വിചാരണ ചെയ്യാനുള്ള നിയമവും കൊണ്ടുവന്നു. ഹോങ്കോങ്ങിനെ ചൈനയുടെ ചൊല്‍പ്പടിയില്‍ നിർത്താൻ വേണ്ടിയാണ് ഈ കരിനിയമം െകാണ്ടു വന്നതെന്നായിരുന്നു വിമർശകർ പറയുന്നത്. നിലവില്‍ തങ്ങള്‍ അനുഭവിച്ചുവരുന്ന ജനാധിപത്യവും പൗരസ്വാതന്ത്ര്യവും നഷ്ടപ്പെടുമെന്ന ഈ ചിന്തയാണു ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിൽ ഒന്നു രൂപപ്പെടാൻ കാരണമായതും.

Hong Kong protest

1997 മുതൽ ചൈനയ്ക്കെതിരെ ഒട്ടേറെ തവണ ഹോങ്കോങ് തെരുവുകളിൽ പ്രതിഷേധ സ്വരം ഉയർന്നിട്ടുണ്ടെങ്കിലും ഇത്രയേറെ ജനപങ്കാളിത്തം ആദ്യമായാണ്. ഇക്കഴിഞ്ഞ ജൂണിൽ ഹോങ്കോങ് നഗരത്തിൽ നടന്ന പ്രകടനത്തിൽ പത്തു ലക്ഷം പേർ പങ്കെടുത്തുവെന്നാണു കണക്ക്. അന്നു പ്രതിഷേധക്കാർ ഏതാണ്ട് ഏഴു മണിക്കൂറോളം നേരമാണു നഗരം വളഞ്ഞത്. 2003ല്‍ നടന്ന സമാനമായ പ്രതിഷേധത്തിൽ അഞ്ചു ലക്ഷത്തോളം പേരാണു പങ്കെടുത്തത്. ജൂൺ മാസത്തോടെ ഹോങ്കോങ്ങിൽ ശക്തി പ്രാപിച്ച പ്രതിഷേധം മാസങ്ങൾക്കു ശേഷം ഇപ്പോഴും അതേപടി തുടരുകയാണ്.

ചൈനയുടെ പിന്തുണയോടെയാണ് ചീഫ് എക്സിക്യൂട്ടിവ് കാരി ലാം ഇപ്പോൾ ഭരണം നടത്തുന്നത്. ബില്ലിനെത്തുടർന്നുണ്ടായ പ്രക്ഷോഭത്തിലെ നാശനഷ്ടങ്ങൾക്കു കാരി ലാം ജനങ്ങളോടു മാപ്പ് പറഞ്ഞതിനു പിന്നാലെ വിവാദ ബിൽ പിൻവലിക്കുകയും ചെയ്തിരുന്നു.  പൊലീസ് ക്രൂരതയെക്കുറിച്ചു സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകാരികൾ നടത്തിയ പ്രതിഷേധം ഒക്ടോബർ ഒന്നിനു മറ്റൊരു തലത്തിലെത്തി. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിൽ സംഘടിതമായി മാറുകയും ചെയ്തിരിക്കുകയാണ്. 

English Summary: Hong Kong protester shot by police at point-blank range has been charged with assault

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com