ADVERTISEMENT

വാഷിങ്ടൻ ∙ അധികാര ദുർവിനിയോഗത്തിന്റെ പേരിൽ ഡെമോക്രാറ്റുകൾ ഇംപീച്ച്മെന്റ് നീക്കം ശക്തമാക്കിയിരിക്കെ വീണ്ടും പുലിവാലുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായി ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ സാധ്യതയുള്ള മുൻ യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന് എതിരെ അന്വേഷണം നടത്തണമെന്നു ചൈനയോട് ട്രംപ് പരസ്യമായി ആവശ്യപ്പെട്ടതാണു പുതിയ സംഭവം. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലൻസ്ക്കിയോട് ഇതേയാവശ്യം ഉന്നയിച്ചതു വൻ വിവാദമായിരുന്നു.

ലോകശക്തിയാകാൻ വെമ്പുന്ന, വ്യാപാരയുദ്ധത്തിൽ ഏർപ്പെട്ട ചൈനയോടുള്ള ട്രംപിന്റെ ആവശ്യത്തെ വിചിത്രമായാണു നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്. ‘ബൈഡനെതിരെ ചൈന അന്വേഷണം തുടങ്ങണം. യുക്രെയ്നിൽ സംഭവിച്ചതിനേക്കാൾ മോശം കാര്യങ്ങളാണു ചൈനയിൽ ഉണ്ടായത്.’– ഫ്ലോറിഡയിലേക്കു പോകാൻ വൈറ്റ് ഹൗസിൽ നിന്നിറങ്ങവേ മാധ്യമ പ്രവർത്തകരോടു ട്രംപ് പറഞ്ഞു. ബൈഡൻ യുഎസ് വൈസ് പ്രസിഡന്റായിരുന്നപ്പോൾ മകൻ ഹണ്ടർ യുക്രെയ്നിലെ ഒരു കമ്പനിയിൽ ഡയറക്ടറായിരുന്നു. ബൈഡൻ പദവി ദുരുപയോഗപ്പെടുത്തി മകനെ സഹായിച്ചുവെന്നു വരുത്താനാണു ട്രംപിന്റെ ശ്രമം.

ബൈഡനും മകനുമെതിരെ അന്വേഷണം നടത്താൻ വഴിയുണ്ടെങ്കിൽ വലിയ ഉപകാരമായിരിക്കും എന്നാണു ട്രംപ് സെലൻസ്കിയോടും പറഞ്ഞത്. മറ്റു രാഷ്ട്രത്തലവന്മാരുമായി യുഎസ് പ്രസിഡന്റുമാർ നടത്തുന്ന ഔദ്യോഗിക ഫോൺ സംഭാഷണങ്ങളേറെയും രഹസ്യമായി സൂക്ഷിക്കുന്നതാണു വൈറ്റ് ഹൗസിലെ പതിവ്. എന്നാൽ ആരോപണം കടുത്തതോടെ സെലൻസ്ക്കിയുമായുള്ള സ്വന്തം രഹസ്യസംഭാഷണം ട്രംപ് പുറത്തുവിട്ടു. അധികാര ദുർവിനിയോഗമാണെന്ന വിമർശനത്തിന്, അഴിമതി തടയാൻ വിദേശസഹായം തേടുന്നതിൽ കുഴപ്പമില്ലെന്നാണു ട്രംപിന്റെ നിലപാട്. വിവാദത്തെത്തുടർന്ന്, യുക്രെയ്ൻ കാര്യങ്ങൾക്കുള്ള പ്രത്യേക യുഎസ് പ്രതിനിധി കുർട് വോൾക്കർ രാജി വച്ചിരുന്നു. 

Englsih Summary: Donald Trump Publicly Urges China to Investigate the Joe Biden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com