sections
MORE

അയൽവീട്ടിലെ സിസിടിവി സ്വകാര്യത കവർന്നു; എടുത്തുമാറ്റാൻ നിർദേശിച്ച് വനിതാ കമ്മിഷൻ

CCTV-2
പ്രതീകാത്മക ചിത്രം
SHARE

കൊച്ചി∙ അയൽവാസി സ്വന്തം വീട്ടുമുറ്റത്ത് സിസിടിവി ക്യാമറ വച്ചാൽ അടുത്ത വീട്ടുകാരന്റെ സ്വകാര്യത നഷ്ടപ്പെടുമോ? നഷ്ടപ്പെടുമെന്നാണു വനിതാ കമ്മിഷന്റെ കണ്ടെത്തൽ. സിസിടിവി വച്ചതുകൊണ്ട് സ്വകാര്യത നഷ്ടമാകുന്നെന്ന പേരിൽ അയൽവാസികൾ തമ്മിൽ നിലനിന്ന തർക്കം ഒടുവിൽ വനിതാ കമ്മിഷന്റെ മുന്‍പിലെത്തുകയായിരുന്നു. ഇരു ഭാഗത്തിന്റെയും വാദം കേട്ട വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പരാതിക്കാരന്റെ അഭ്യർഥന അംഗീകരിച്ച് ക്യാമറ എടുത്തു മാറ്റാൻ നിർദേശം നൽകി. ശനിയാഴ്ച കൊച്ചിയിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിലാണ് സിസിടിവി ക്യാമറ വില്ലനായി എത്തിയത്.

മക്കൾ മുതിർന്നാൽ..

മക്കൾ മുതിർന്നു കഴിഞ്ഞാൽ അവർക്കുള്ള വിഹിതം നൽകുന്നതും അവകാശം അംഗീകരിച്ചു നൽകുന്നതും നാട്ടുനടപ്പാണ്. കുടുംബനാഥൻ അതിനു തയാറായില്ലെങ്കിൽ നിയമനടപടികൾ ആവാം. അത്തരത്തിലൊരു പരാതിയും ശനിയാഴ്ച കൊച്ചിയിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിൽ ചെയർപേഴ്സന്റെ മുന്നിെലത്തി. തനിക്കും 32ഉം, 28 ഉം വയസുള്ള മക്കൾക്കും അർഹമായ അവകാശം ലഭിക്കുന്നില്ലെന്നായിരുന്നു വീട്ടമ്മയുടെ പരാതി.

34 വർഷമായി തുടരുന്ന ഗാർഹിക പീഡനത്തിന് ഇരയാണ് താനെന്നും നേരത്തേ നടത്തിയ സിറ്റിങ്ങിൽ അവർ ബോധിപ്പിച്ചിരുന്നു. ഒടുവിൽ കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ മക്കൾ കടുത്ത ഒറ്റപ്പെടലിലാണെന്നും വീട്ടമ്മയുടെ പരാതിയിൽ കഴമ്പുണ്ടെന്നും കണ്ടെത്തിയിരുന്നു. തുടർന്നു മക്കൾക്കു കുടുംബനാഥന്റെ സ്ഥാപനങ്ങളുടെ മേൽനോട്ട ഉത്തരവാദിത്തം നൽകാൻ കമ്മിഷൻ നിർദേശിച്ചു.

ശല്യക്കാരി സ്ത്രീ..

കാക്കനാട് സ്വദേശിനിയായ സ്ത്രീ പൊതുശല്യമായി മാറുകയാണെന്നു കാണിച്ചാണു നാട്ടുകാർ വനിതാ കമ്മിഷനെ സമീപിച്ചത്. ഒന്നും രണ്ടും പേരല്ല, ഒരു നാട്ടിലെ വലിയൊരു സംഘം തന്നെ സ്ത്രീക്കെതിരായ പരാതിയിൽ ഒപ്പിട്ടിട്ടുണ്ട്. കാര്യങ്ങളുടെ വസ്തുത അറിയാതെ എങ്ങനെ പരിഹരിക്കാൻ. ഇതിനായി കമ്മീഷൻ സാമൂഹ്യ നീതി വകുപ്പിന്റെ റിപോർട്ട് തേടിയിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കാനാണു തീരുമാനം.

പള്ളുരുത്തി അഗതി മന്ദിരത്തിൽ നടക്കുന്നത്

അന്തേവാസിയായ യുവതിയെയും മാതാവിനെയും മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നതോടെ വാർത്തകളിൽ നിറഞ്ഞ പള്ളുരുത്തി അഗതിമന്ദിരത്തിലെ അന്തരീക്ഷം അത്ര നല്ലതല്ലെന്നു തിരിച്ചറിഞ്ഞതായി വനിതാ കമ്മിഷൻ ചെർപേഴ്സൺ പറഞ്ഞു. അവിടെ നടത്തിയ സന്ദർശനത്തിൽ ശുചിമുറികൾ വൃത്തിഹീനമാണെന്നും പരിസരം അടിയന്തിരമായി ശുചീകരിക്കണമെന്നും കണ്ടെത്തിയിട്ടുണ്ട്.

കോർപ്പറേഷൻ പ്ലാൻ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചു ശുചിമുറി നിർമ്മിക്കണമെന്നു നിർദേശിച്ചു. 28നു നടക്കുന്ന കമ്മിഷൻ അദാലത്തിലേക്ക് കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വൃദ്ധസദനങ്ങളുടെയും അഗതി മന്ദിരങ്ങളുടെയും നടത്തിപ്പിനു ചുമതലപ്പെട്ടവർ കുറച്ച് ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കണമെന്നും എം.സി. ജോസഫൈൻ ആവശ്യപ്പെട്ടു.

‘സമൂഹത്തിൽ ഗാർഹീക പീഡനങ്ങൾ വർധിച്ചു വരികയാണ്. എന്നാൽ സ്ത്രീകളുടെ നിശബ്ദത മൂലം പുറത്തറിയുന്നില്ല. പലരും വർഷങ്ങൾ കഴിഞ്ഞാണ് പരാതി നൽകാൻ പോലും കൂട്ടാക്കുന്നത്. – വനിതാ കമ്മിഷൻ ചെയർപേഴ്സൺ പറഞ്ഞു. ശനിയാഴ്ച നടന്ന വനിതാ കമ്മിഷൻ മെഗാ അദാലത്തിൽ 26 പരാതികൾക്കു പരിഹാരമായിട്ടുണ്ട്. ആകെ 81 പരാതികളാണു പരിഗണിച്ചത്. ഇതിൽ 5 പരാതികൾ വിവിധ വകുപ്പുകളുടെ റിപ്പോർട്ടിനായി മാറ്റിവച്ചു. 50 പരാതികൾ അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA