ADVERTISEMENT

കഴിഞ്ഞ വർഷം ജൂണിൽ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഇന്റർനാഷനൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് (ഐസിഡി) 11ാം റിവിഷനിൽ അഡിക്‌ഷനുകളോടൊപ്പം സ്ഥാനം പിടിച്ച പുതിയ രോഗമാണ് ഗെയിമിങ് ഡിസോഡർ. ചികിത്സ ആവശ്യമായേക്കാവുന്ന രോഗങ്ങളുടെ പട്ടികയിൽ ഇത് ഉൾപ്പെടുത്തിയ ലോകാരോഗ്യ സംഘടനയുടെ നടപടി വിവാദവുമായിരുന്നു. ഗെയിമിങ്ങിനേക്കാൾ അഡിക്‌ഷൻ സൃഷ്ടിക്കുന്ന മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളെ പരാമർശിക്കുന്നതു പോലുമില്ല എന്ന പരാതിയുടെ അലയൊലികളും ഇതുവരെ കെട്ടടങ്ങിയിട്ടില്ല. 

എന്നാൽ, ഇതേ അഭിപ്രായമാണ് കേരളത്തിലെ മനഃശാസ്ത്ര വിദഗ്ധർക്കും. ഗെയിം അഡിക്‌ഷനേക്കാൾ മൊബൈൽ ഫോൺ ഉപയോഗമാണ് കുട്ടികളെ സ്വാധീനിക്കുന്നത് എന്നാണ് ഇവരുടെ അഭിപ്രായം. നിയന്ത്രണമില്ലാത്ത ഗെയിമിങ്ങും അമിത മൊബൈൽ ഉപയോഗവും സത്യത്തിൽ ചികിത്സിക്കപ്പെടേണ്ടതാണെന്ന് ഇവരുടെ അനുഭവങ്ങൾ തെളിയിക്കുന്നു. ഒരാളുടെ ശാരീരിക, മാനസിക സുഖത്തെ തകർക്കുന്ന രീതിയിൽ ഫോൺ ഉപയോഗം ബാധിച്ചാൽ അത് രോഗാവസ്ഥയായി കാണണം. അമിത മൊബൈൽ ഫോൺ ഉപയോഗത്തിനു പെട്ടെന്ന് അടിപ്പെടുന്നത് 16 വയസ്സിൽ താഴെയുള്ള കുട്ടികളാണെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും ഇവർ പറയുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ ഫോൺ അഡിക്‌ഷനു ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും ഏറിവരുന്നതായാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ അഭിപ്രായം. 

ഗെയിം കളിക്കുന്നതും മൊബൈൽ ഉപയോഗവുമൊക്കെ ഇക്കാലത്ത് സാധാരണമാണെങ്കിലും കുട്ടിയുടെ സ്വാഭാവിക പെരുമാറ്റത്തിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടാക്കുകയും ദൈനംദിന ജീവിതക്രമത്തിൽ മാറ്റം വരുകയും ചെയ്യുന്നുണ്ടെങ്കിൽ ഉറപ്പിക്കാം കുട്ടി അഡിക്ടഡ് ആവുകയാണ്. ഈ അവസരത്തിൽ, ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും മാറ്റി നിർത്തി മൊബൈലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.

ഡിജിറ്റൽ ഹെറോയിൻ

പഠനങ്ങൾ വെളിപ്പെടുത്തുന്നത്, പുകവലി, മദ്യപാനം, ലഹരിമരുന്ന് തുടങ്ങിയ അഡിക്‌ഷനുകൾ ചികിത്സിക്കുന്നതിനേക്കാൾ  ബുദ്ധിമുട്ടാണ് മൊബൈൽ അഡിക്‌‌ഷൻ ചികിത്സിക്കാനെന്നാണ്. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിലെ ഡോ. പീറ്റർ വൈബ്രോ ഇതിനെ വിശേഷിപ്പിച്ചത്, ‘ഇലക്ട്രോണിക് കൊക്കെയ്ൻ’ എന്നാണ്. ചൈനീസ് ഗവേഷകർ ഇതിനെ ‘ഡിജിറ്റൽ ഹെറോയിൻ, ഡിജിറ്റൽ ഡ്രഗ്’ എന്നും വിളിച്ചു. ‌‌‌മൊബൈൽ ഫോൺ വീട്ടിൽ തന്നെ ഉള്ളതു കൊണ്ട് കുട്ടിക്ക് ഈ ‘ഹെറോയിൻ’ ലഭിക്കാൻ പുറത്തു പോകേണ്ട. സോഷ്യൽ മീഡിയ (ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ്), ചാറ്റിങ് തുടങ്ങിയവ മറ്റേതു ഹോബികളേക്കാൾ ആകർഷിക്കാനും എളുപ്പം.

mobile-phone-c

മൈതാനത്ത് കളിക്കുന്നതിനേക്കാളും പുസ്തക വായനയേക്കാളും മൊബൈൽ ഉപയോഗം കുട്ടികളെ ആകർഷിക്കുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ. അമിത മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ ക്രിയാത്മകത, വായന, വ്യായാമം, കളി എന്നിവയും ക്രമേണ ഇല്ലാതാക്കും. സ്ക്രീനിലെ വളരെ വേഗം മാറിമറിയുന്ന ലോകം സ്ക്രീനിന് പുറത്തില്ലാത്തപ്പോൾ കുട്ടി അസ്വസ്ഥനാകുകയും ആ അയഥാർഥ ലോകത്തേക്ക് തിരിച്ചു പോകാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

എല്ലാവരും അഡിക്ടഡ് ആണോ?

അല്ല. ഓൺലൈൻ, മൊബൈൽ ഉപയോഗിക്കുന്ന എല്ലാവരും അഡിക്ടഡ് അല്ല. കളിക്കുന്നവരിൽ ചെറിയ ഒരു ശതമാനം മാത്രമാണ് ആസക്തിയിലേക്ക് പോകുന്നത്.  സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിവ് കുറവുള്ളവർ അഡിക്‌ഷന് പെട്ടെന്ന് അടിപ്പെടാം. 

തിരിച്ചറിയാം മൊബൈൽ അഡിക്‌ഷൻ 

∙ മൊബൈൽ ഉപയോഗം, ഗെയിം കളി.  

∙ സദാസമയവും ഗെയിം കളിക്കുന്നതിനെപ്പറ്റിയും മൊബൈൽ ഉപയോഗിക്കുന്നതിനെപ്പറ്റിയുമുള്ള ചിന്ത.

∙ മൊബൈൽ ഉപയോഗിക്കാൻ പറ്റിയില്ലെങ്കിൽ ഉണ്ടാകുന്ന അസ്വസ്ഥത.

∙ അമിത ആശങ്ക, ഉറക്കമില്ലായ്മ.

∙ മൊബൈൽ ഉപയോഗിക്കുന്നില്ലെന്നു നുണ പറയുക.

∙ മുൻപ് ഏറെ ഇഷ്ടപ്പെട്ടു ചെയ്തിരുന്ന കാര്യങ്ങളോടുള്ള താൽപര്യക്കുറവ്. (ഉദാ. ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കളികൾ, സിനിമ, വായന).

∙ അഡിക്ടഡ് ആണെന്ന് സ്വയം ബോധവാനാകണമെന്നില്ല.

പരീക്ഷിച്ചിട്ടുണ്ടോ മൊബൈൽ ഫാസ്റ്റിങ്?

രോഗമല്ലാത്തിനാൽ ചികിത്സിച്ചു മാറ്റാനും ഏറെ ബുദ്ധിമുട്ടാണ് മൊബൈൽ അഡിക്‌‌ഷനെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ഒരു കുട്ടിയിലെ ബുദ്ധിവികാസം ജനിക്കുന്നതു മുതൽ 16 വയസ്സുവരെയാണ് നടക്കുന്നത്. അതിനാൽ ഈ കാലഘട്ടത്തിൽ കുട്ടിയുടെ മൊബൈൽ ഉപയോഗം പൂർണമായും നിയന്ത്രിക്കുക. വെർച്വൽ ലോകത്തിന് പുറത്തുള്ള യഥാർഥ ലോകത്തിൽ അതിലും രസകരമായ ഏറെ കാര്യങ്ങളുണ്ടെന്നു മനസ്സിലാക്കി കൊടുക്കുക. 

representative image
representative image

മുതിർന്നവർ ചെയ്യേണ്ടത്– മൊബൈൽ ഫാസ്റ്റിങ് ശീലമാക്കുക. അതായത്, ദിവസങ്ങളോളം മൊബൈൽ ഫോൺ ഉപയോഗം പൂർണമായും ഒഴിവാക്കുന്ന രീതി. ജോലി, അത്യാവശ്യ ഉപയോഗം എന്നിവയ്ക്കു ശേഷം വീട്ടിൽ മൊബൈൽ പൂർണമായും ഒഴിവാക്കുക. കുട്ടികളുടെ മുൻപിൽ വച്ച് പ്രത്യേകിച്ച്. വീട്ടിലുള്ളപ്പോൾ സ്മാർട് ഫോൺ ഉപയോഗം പരമാവധി കുറച്ച് സാധാരണ ഫോൺ, ലാൻഡ് ഫോൺ എന്നിവ ഉപയോഗിക്കുക. 

വിവരങ്ങൾക്ക് കടപ്പാട്,
ബിൻസ് ജോർജ്, 
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,
എസ്.എച്ച്. ഹോസ്പിറ്റൽ, തൊടുപുഴ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com