ADVERTISEMENT

സ്‌റ്റോക്കോം ∙ 2019 ലെ ഭൗതിക ശാസ്ത്ര നൊബേൽ കനേഡിയൻ അമേരിക്കക്കാരനായ ശാസ്ത്രകാരൻ ജെയിംസ് പീബിൾസ്, സ്വിസ് ശാസ്ത്രജ്ഞരായ മിഷേൽ മേയർ, ദിദിയെ ക്വലോസ് എന്നിവർക്ക്. പ്രപഞ്ചശാസ്ത്രസംബന്ധമായ രണ്ടു പഠനങ്ങൾക്കാണ് 1:2 എന്ന അനുപാതത്തിൽ സമ്മാനം പങ്കുവച്ചത്.

അമേരിക്കയിലെ പ്രിൻസ്റ്റൻ സർവകലാശാലയിലെ ശാസ്ത്രജ്ഞനാണ് ജെയിംസ് പീബിൾസ്, പുരസ്കാരം പങ്കിട്ട മിച്ചേൽ മേയർ സ്വിറ്റ്സർലൻഡിലെ ജനീവ സർവകലാശാലയിലെ ഭൗതികശാസ്ത്രജ്ഞനും ദിദിയെ ക്വലോസ് ജനീവ, ക്രേംബ്രിജ് സർവകലാശാലകളിലെ ശാസ്ത്രജ്ഞനും വാനനിരീക്ഷകനുമാണ്.

പ്രപഞ്ചവികാസം സംബന്ധിച്ച പഠനത്തിന് ജെയിംസ് പീബിൾസ് സമ്മാനത്തിന്റെ നേർപകുതിക്ക് അർഹനായപ്പോൾ, സൗരയൂഥത്തിനു പുറത്ത് സൂര്യസമാനമായ നക്ഷത്രത്തെയും അതിനെ വലയം ചെയ്യുന്ന ഗ്രഹത്തെയും സംബന്ധിച്ച ഗവേഷണത്തിന് മിച്ചേൽ മേയറും ദിദിയെ ക്വലോസും പുരസ്കാരത്തിന്റെ മറുപകുതിക്ക് അർഹരായി. പ്രപഞ്ച ഘടനയും ചരിത്രവും സംബന്ധിച്ച പുത്തൻ വെളിപ്പെടുത്തലുകളാണ് പുരസ്കാരങ്ങളിലൂടെ ആദരിക്കപ്പെട്ടതെന്ന് നൊബേൽ സമ്മാനം നൽകുന്ന ദ് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

രണ്ടു ദശാബ്ദത്തോളം നീണ്ട ഗവേഷണങ്ങളിലും എഴുത്തിലൂടെയും നൽകിയ നിർവചനങ്ങളിലൂടെ ജെയിംസ് പീബിൾസ് പ്രപഞ്ചഘടന സംബന്ധിച്ച അറിവിനെ കൂടുതൽ മിഴിവാർന്നതാക്കിയെന്ന് അക്കാദമി സൂചിപ്പിച്ചു. പ്രപഞ്ചത്തിന്റെ ഉൽപത്തിക്കിടയാക്കിയെന്നു കരുതുന്ന മഹാവിസ്ഫോടനത്തിൽ തുടങ്ങി ഇന്നത്തെ പ്രപഞ്ചാവസ്ഥ വരെ അനുഭവവേദ്യമാക്കുന്ന പഠനങ്ങൾ വഴി പ്രപഞ്ചചരിത്രം സംബന്ധിച്ച പഠനങ്ങൾക്ക് പീബിൾസ് അടിസ്ഥാനമിട്ടെന്ന് അക്കാദമിയുടെ ട്വിറ്റർ അക്കൗണ്ടിൽ പറയുന്നു.

സൗരയൂഥത്തിന് പുറത്ത് സൂര്യനു സമാനമായ ‘51 പെഗാസി’ എന്ന നക്ഷത്രത്തെയും അതിനെ വലം വയ്ക്കുന്ന ഗ്രഹവും കണ്ടെത്തിയതാണ് മിഷേൽ മേയർ, ദിദിയെ ക്വലോസ് എന്നിവരെ പുരസ്കാരത്തിന് അർഹരാക്കിയത്. 1995 ൽ ഇവർ നടത്തിയ കണ്ടെത്തൽ പിന്നീട് സൗരയൂഥത്തിനപ്പുറം നാലായിരത്തോളം ഗ്രഹങ്ങളെ തിരിച്ചറിയുന്നതിന് വഴിവിളക്കായി.

ബുധനാഴ്ച രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരവും വ്യാഴാഴ്ച സാഹിത്യ നൊബേലും പ്രഖ്യാപിക്കും. പിന്നിട്ട വർഷം നൊബേൽ സമിതിയിലെ ഒരംഗത്തിനെതിരെ ഉയർന്ന ലൈംഗികാരോപണത്തെതുടർന്ന് മാറ്റി വച്ച സാഹിത്യ നൊബേൽ ഉൾപ്പെടെ ഇത്തവണ രണ്ടു സാഹിത്യ നൊബേൽ പ്രഖ്യാപിക്കും. ഒക്ടോബർ 11 നാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com