ADVERTISEMENT

തിരഞ്ഞെടുപ്പിൽ പഴങ്കണക്കുകൾ വെറും കടങ്കഥകളാണ്. മുൻ തിരഞ്ഞെടുപ്പുകളിലെ കണക്കുവച്ച് അടുത്ത തിരഞ്ഞെടുപ്പിൽ ജയിച്ചു കയറാമെന്നോ തകർത്തു കളയാമെന്നോ ഉള്ള വ്യാമോഹവും വേണ്ട. പണ്ട് പാർട്ടികൾക്കു വോട്ടു ബാങ്കുണ്ടായിരുന്നു. ഇപ്പോൾ എല്ലാം പോയി; പാർട്ടികൾ ശോഷിച്ചു. കുത്തക വോട്ടുകൾ ഇല്ലാതായി. ഉപതിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും രാഷ്ട്രീയ വ്യതിയാനങ്ങൾ ഏറെ ശക്തമാണ്.

തിരഞ്ഞെടുപ്പുകളിൽ ഓരോ കാലത്തും വ്യത്യസ്ത സ്വാധീനവും സ്വാഭാവികമാണ്. കാലത്തിന്റെ കുത്തൊഴുക്കുകളും കണക്കെടുപ്പും സംഭവങ്ങളുമെല്ലാം കാല, ദേശ ഭേദങ്ങളില്ലാതെ എന്നും തിരഞ്ഞെടുപ്പുകളിലെ സ്വാധീന ശക്തിയായി നിലകൊള്ളാറുണ്ട്. ആഴ്ചകളുടെ വ്യത്യാസത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ പോലും പല സ്വാധീനങ്ങളാൽ ജനമനം മാറിമറിയുന്നതാണ് മിക്കപ്പോഴും നാം കാണുന്നത്. കേരളത്തിൽ ഏറ്റവുമൊടുവിൽ പാലായിൽ നടന്ന ഉപതിരഞ്ഞെടുപ്പു ഫലം എല്ലാ പാർട്ടികളുടെയും കണ്ണു തുറപ്പിക്കുന്നതുമാണ്.

ഉപതിര‍ഞ്ഞെടുപ്പു നടക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും മുൻ തിരഞ്ഞെടുപ്പു ഫലങ്ങൾ ഏറെ കൗതുകമുള്ളവയാണ്. അവയ്ക്ക്  എന്തെങ്കിലും സ്വാധീനമുണ്ടോയെന്നും കാണേണ്ടിയിരിക്കുന്നു.

മഞ്ചേശ്വരം 

ബിജെപി ഏറ്റവും ‘കനത്ത’ തോൽവി ഏറ്റുവാങ്ങിയ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ  കൂടുതൽ ബൂത്തുകളിൽ  ഒന്നാമതെത്തിയത് ബിജെപി ആയിരുന്നു. ആകെയുള്ള 167 ബൂത്തിൽ 75 ലും ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രനായിരുന്നു ഒന്നാമൻ. എന്നാൽ വെറും 89 വോട്ടിന് പരാജയം എറ്റുവാങ്ങാനായിരുന്നു നിയോഗം. വിജയിച്ച യുഡിഎഫിന്റെ ലീഗ് സ്ഥാനാർഥി പി.ബി. അബ്ദുൽ റസാക്ക് 66 ബൂത്തിൽ മാത്രമാണ് ഒന്നാമതെത്തിയത്. ഇടതു മുന്നണിയാകട്ടെ 26 ബൂത്തുകളിൽ മാത്രമാണ് മുന്നിലെത്തിയത്. മുപ്പതോളം ബൂത്തുകളിൽ റസാക്കിന്  500 അധികം വോട്ട് നേടാനായെങ്കിൽ സുരേന്ദ്രൻ 22 ബൂത്തിൽ 500 ൽ പരം വോട്ടു നേടി ഒന്നാമതെത്തി. 

ഈ ചിത്രം മാറ്റിയെഴുതി  2019 ഏപ്രിലിലെ ലോക്സഭാ തിരഞ്ഞെടുപ്പ്. മണ്ഡലത്തിൽ ബൂത്തുകളുടെ എണ്ണം 198 ആയി. ഇതിൽ 110 ലും ഒന്നാമതെത്താൻ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനു കഴിഞ്ഞു. അതേസമയം, ബിജെപിയായിരുന്നു മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത്. 78 ബൂത്തുകളിൽ പാർട്ടി ഒന്നാമതെത്തി. ഇടതു മുന്നണി സ്ഥാനാർഥി ബഹുദൂരം പിന്നിലായി. വെറും 10 ബൂത്തിൽ മാത്രമാണ് മുന്നിലെത്തിയത്.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 62 ബൂത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. യുഡിഎഫിന് 52459 വോട്ടും ബിജെപിക്ക് 46631 വോട്ടും എൽഡിഎഫിന് 24,434 വോട്ടുമാണ് അന്നു കിട്ടിയത്. ഇടത്, വലത് മുന്നണികളെയും സ്വതന്ത്രരെയും പലപ്പാഴും ജയിപ്പിച്ച മഞ്ചേശ്വരത്ത് കേരളത്തിലെ ആദ്യ നാലു തിരഞ്ഞെടുപ്പുകളിൽ സ്വതന്ത്രരാണ് ജയിച്ചു കയറിയത്. 2006 ൽ ആദ്യമായി സിപിഎം സ്ഥാനാർഥി വിജയിച്ചു.1957 മുതൽ 1982 വരെ വിജയം കണ്ടത് കന്നഡിഗരായ സ്ഥാനാർഥികളായിരുന്നു. 1987 മുതൽ 2006 വരെ ലീഗിന്റെ ചെർക്കളം അബ്ദുല്ല വിജയിയായി. 

മണ്ഡലത്തിൽ നിർണായക ശക്തിയായി വളർന്ന ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും  കനത്ത ആഘാതം 2016 ൽ തന്നെ ആയിരുന്നു. വെറും 89 വോട്ടിന് കെ.സുരേന്ദ്രൻ പരാജയം ഏറ്റുവാങ്ങി. 1982 ആണ് ബിജെപി മൽസരരംഗത്തു വന്നത്. അന്നു മൂന്നാമതായെങ്കിലും അടുത്ത തിരഞ്ഞെടുപ്പു മുതൽ ബിജെപി രണ്ടാമതാണ്. 1991 ൽ അന്നത്തെ സംസ്ഥാന അധ്യക്ഷൻ കെ.ജി.മാരാർ 1045 വോട്ടിന് മഞ്ചേശ്വരത്തു തോറ്റതാണ് ബിജെപിയുടെ ഇതിനു മുമ്പുള്ള ‘കനത്ത’ തോൽവി.

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ വോട്ടുചിത്രം ഏറെ വ്യത്യസ്തമാണ്. യുഡിഎഫ് - ബിജെപി സ്ഥാനാർഥികൾ 60 ശതമാനം ബൂത്തിലും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ ബിജെപിക്ക് എട്ട് ബൂത്തിലും യുഡിഎഫിന് ഒൻപത് ബൂത്തിലും 100 ൽ താഴെ വീതം വോട്ടാണ് കിട്ടിയത്. 132-ാം ബൂത്തിൽ ബിജെപിക്കു കിട്ടിയ രണ്ട് വോട്ടാണ് ഏറ്റവും കുറവ്: യുഡിഎഫിനാകട്ടെ 126 -ാം ബൂത്തിലെ 25 വോട്ടും. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ചിത്രം മാറി. രാജ് മോഹൻ ഉണ്ണിത്താൻ 68,217 വോട്ടു നേടിയപ്പോൾ ബിജെപി സ്ഥാനാർഥി 57,104 വോട്ടാണ് സ്വന്തമാക്കിയത്. ഏറ്റവും രസകരമായ സംഭവം, രണ്ടാമതെത്തിയ ബിജെപിക്ക് 157 ാം ബൂത്തിൽ ഒരു വോട്ടു പോലും നേടാനായില്ലെന്നതാണ്. 168 ാം ബൂത്തിലാകട്ടെ വെറും നാലു വോട്ടു മാത്രവും.

എറണാകുളം

യുഡിഎഫിന് മൂന്നു തിരഞ്ഞടുപ്പുകളിൽ ഏകപക്ഷീയ വിജയം സമ്മാനിച്ച നിയമസഭാ മണ്ഡലമാണ് എറണാകുളം. 2014 ലും 2016 ലും 2019 ലും യുഡിഎഫ് കുത്തക ആവർത്തിച്ചു. 2016 ൽ മൊത്തമുള്ള 122 ബൂത്തിൽ 102 ലും യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ ഒന്നാമനായി. ഇടതു മുന്നണി 16 ബൂത്തിൽ മാത്രമാണ് മുന്നിലെത്തിയത്. വോട്ടിൽ വളരെ പിന്നിലായിട്ടും എൻഡിഎ (ബിജെപി)ക്ക് നാല് ബൂത്തിൽ ലീഡ് നേടാനായി.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ, യുഡിഎഫ് സ്ഥാനാർഥിയായി ഹൈബി ഈഡൻ എത്തി. ബൂത്തുകൾ 136 ആയി. ഇതിൽ 129 ബൂത്തിലും ഹൈബി മുന്നിലെത്തി. ഇടതു മുന്നണിയാവട്ടെ വെറും രണ്ട് ബൂത്തിൽ മാത്രമാണ് ലീഡ് നേടിയത്. അതേസമയം, എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം അഞ്ച് ബൂത്തുകളിൽ ഒന്നാമതെത്തി. ഒരു ബൂത്തിൽ എൽഡിഎഫും യുഡിഎഫും തുല്യ വോട്ട് നേടിയപ്പോൾ എൻഡിഎ ആയിരുന്നു 11 ബൂത്തുകളിൽ രണ്ടാം സ്ഥാനത്ത്.

അരൂർ

കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലായി വോട്ടർമാർ അദ്ഭുതം കാട്ടുന്ന മണ്ഡലമാണ് അരൂർ. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി എം.എം. ആരിഫ് 38,519 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെയുള്ള 159 ൽ 156 ബൂത്തിലും ആരിഫ് ഒന്നാമതെത്തി. മൂന്ന് ബൂത്തിൽ മാത്രം യുഡിഎഫ് മുന്നിലെത്തിയപ്പോൾ എൻഡിഎയുടെ സാന്നിധ്യം മിക്കയിടത്തും പ്രകടമായില്ല. എന്നാൽ അവരുടെ ബിഡിജെഎസ്  സ്ഥാനാർഥിക്ക് 27,753 വോട്ട് നേടാനായി.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചിത്രം മാറി. ബൂത്തുകൾ 183 ആയി. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ  94 ബൂത്തിൽ ഒന്നാമതെത്തി ഇടതു മുന്നണിയെ ഞെട്ടിച്ചു. ഇടതു മുന്നണി സ്ഥാനാർഥിയായി  അരൂർ എംഎൽഎ ആരിഫ് തന്നെ വന്നിട്ടും 648 വോട്ടിന് ഷാനിമോൾ ആരിഫിനെ പിന്നിലാക്കി. നാലോ അഞ്ചോ ബൂത്തിൽ മാത്രം ശക്തി കാട്ടിയ എൻഡിഎക്ക് എങ്ങും ഒന്നാമതെത്താനായില്ല.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 66,584 വോട്ട് നേടിയപ്പോൾ ഇടതു മുന്നണിക്ക് 65621വോട്ട് കിട്ടി. കെ.ആർ ഗൗരിയമ്മ അര നൂറ്റാണ്ടോളം പ്രതിനിധാനം ചെയ്ത അരൂരിന്റെ നാലാമത്തെ എംഎൽഎ യെ കണ്ടെത്താനാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ്. 1977 ൽ ജയിച്ച പി.എസ്. ശ്രീനിവാസനും ഇപ്പോഴുള്ള ആരിഫുമാണ് മറ്റു രണ്ടു പേർ. പണ്ട് ഇടതു കോട്ടയായിരുന്ന അരൂർ മണ്ഡലത്തിൽ ഇപ്പോൾ മിക്ക പഞ്ചായത്തിലും യുഡിഎഫും ശക്തമായ സാന്നിധ്യമാണ്. നാമമാത്ര പോക്കറ്റുകൾ ബിജെപിക്കുമുണ്ട്. പത്ത് പഞ്ചായത്തുകളിൽ ഏഴിടത്ത് എൽഡിഎഫും മുന്നിടത്ത് യുഡിഎഫുമാണ് ഭരണത്തിൽ. ആറ് പഞ്ചായത്തിലായി 12 മെമ്പർമാർ ബിജെപിക്കുമുണ്ട്.

കോന്നി

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ ത്രികോണ മത്സരത്തിലേക്കു മാറിയ കോന്നി,  അടൂർ പ്രകാശിലൂടെ രണ്ടു പതിറ്റാണ്ടിലേയൊയി യുഡിഎഫിന്റെ കുത്തകയാണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൊത്തമുള്ള 169 ൽ 133 ബൂത്തിലും യുഡിഎഫ് ഒന്നാമതെത്തി. 36 ബൂത്തിൽ മാത്രം എൽഡിഎഫ് ഒന്നാതായപ്പോൾ എൻഡിഎ ഒന്നിൽ പോലും മുന്നിലെത്തിയില്ല.

എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ മാറ്റം ശക്തമായി. ശബരിമല സമരത്തിനു പിന്നാലെ .മണ്ഡലത്തിൽ ബിജെപി നിർണായക ശക്തിയായി. ബൂത്തുകൾ 212 ആയി ഉയർന്നു. ഇതിൽ യുഡിഎഫിന്റെ ആന്റോ ആന്റണി തന്നെ 87 ബൂത്തിലും  ഒന്നാമനായി. എന്നാൽ നിയമസഭയിലേക്ക് ഒരു ബൂത്തിലും ഒന്നാമത് എത്താൻ കഴിയാതിരുന്ന ബിജെപി (എൻഡിഎ) 65 ബൂത്തുകളിൽ ഒന്നാമതെത്തി ചരിത്രം കുറിച്ചു. കെ.സുരേന്ദ്രനായിരുന്നു സ്ഥാനാർഥി. ഇടതു മുന്നണിക്കു വേണ്ടി മത്സരിച്ച വീണ ജോർജ് 60 ബൂത്തിലാണ് ഒന്നാമതെത്തിയത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മൂന്ന് ബൂത്തിൽ മാത്രമായിരുന്നു ഒന്നാമതെത്തിയിരുന്നത്.    

അതേസമയം, 2016 ലെ 72,800 ൽ നിന്ന് 2019 ൽ 49667 ആയി യുഡിഎഫ് വോട്ട്. എൽഡിഎഫ് വോട്ട് 51674 ൽ 46946 ആയി. എന്നാൽ ബിജെപി വോട്ട് വിഹിതം മുന്നിരട്ടിയോളമായി കുതിച്ചുയർന്നു. 16655 വോട്ട് 46506 ആയി വളർന്നു.

വട്ടിയൂർക്കാവ്

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും അഭിമാന പോരാട്ടം നടന്ന വട്ടിയൂർക്കാവിൽ യുഡിഎഫിന് ഒരേ രീതിയിൽ ബൂത്തുകൾ നിലനിർത്താനായി എന്നത് ശ്രദ്ധേയമാണ്. 2016 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മൊത്തമുള്ള 146 ബൂത്തിൽ 85 ൽ യുഡിഎഫ് ഒന്നാമത്തി. ഇടതു മുന്നണിയെ പിന്നിലാക്കി എൻഡിഎ (ബിജെപി) 47 ബൂത്തിൽ ഒന്നാമതായപ്പോൾ,14 ബൂത്തിൽ മാത്രമാണ് ഇടതുമുന്നണി മുന്നിലെത്തിയത്. കെ. മുരളീധരൻ 51,322 വോട്ടും കുമ്മനം രാജശേഖരൻ 43,700 വോട്ടും നേടി. ഇടതു മുന്നണിക്ക് 40,441 വോട്ടാണ് കിട്ടിയത്.

അതേസമയം, ശശി തരൂർ, കുമ്മനം രാജശേഖരൻ പോരാട്ടം നടന്ന 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശശി തരൂർ (യു ഡി എഫ്) 86 ബൂത്തുകളിൽ ഒന്നാമതെത്തി. തൊട്ടുപിന്നിലായി ബിജെപിയുടെ കുമ്മനം രാജശേരൻ 77 ബൂത്തിൽ ഒന്നാമനായപ്പോൾ മൊത്തമുള്ള 167 ൽ വെറും നാല് ബൂത്തിൽ മാത്രമാണ് ഇടതു മുന്നണി സ്ഥാനാർഥിക്ക് ഒന്നാമതെത്താനായത്. തരൂർ 53,545 വോട്ട് നേടിയപ്പോൾ കുമ്മനം 50,709 വോട്ട് സ്വന്തമാക്കി. ഇടതു മുന്നണി 29,441 ലേക്ക് കുത്തനെ വീണു. 

2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെ പിന്നിലാക്കി ബിജെപിയുടെ ഒ. രാജഗോപാൽ മുന്നിലെത്തിയ നിയമസഭാ മണ്ഡലമാണ് വട്ടിയൂർക്കാവ് എന്നത് ശ്രദ്ധേയമാണ്. രാജഗോപാലിന് 43,589 വോട്ട് കിട്ടിയപ്പോൾ തരൂരിന് 40,663 വോട്ട്. ഇടതു മുന്നണിക്ക് 27,504 വോട്ടും. എന്നാൽ, ഈ മുന്നേറ്റം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നിലനിർത്താൻ ബിജെപി ക്കായില്ല എന്നതാണ് വോട്ടുകഥയിലെ വൈപരീത്യം.

English Summary: Kerala Five Assembly Constituencies Byelections booth level analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com