sections
MORE

‘കുമ്മനത്തിന്റെ വോട്ട്’ പിടിച്ചാൽ ജയിച്ചെന്ന് മുന്നണികള്‍; ആശയക്കുഴപ്പത്തില്‍ ബിജെപി

Vattiyoorkavu Candidates
വട്ടിയൂർക്കാവിൽ വിദ്യാരംഭ ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന സ്ഥാനാർഥികളായ കെ.മോഹൻകുമാർ (യുഡിഎഫ്), വി.കെ.പ്രശാന്ത് (എൽഡിഎഫ്), എസ്.സുരേഷ് (എൻഡിഎ) എന്നിവർ. ചിത്രം: മനോരമ
SHARE

തിരുവനന്തപുരം ∙ വട്ടിയൂര്‍ക്കാവിന്റെ വിധിയെഴുത്തിനു പത്തു ദിവസം ശേഷിക്കെ, രാഷ്ട്രീയ പാര്‍ട്ടികളെ വട്ടം കറക്കുന്നതു ജാതിയെന്ന പതിവു ഘടകത്തിനപ്പുറമുള്ള പുതിയ സാഹചര്യങ്ങള്‍. സ്ഥാനാര്‍ഥികളുടെ വ്യക്തിപ്രഭാവത്തില്‍ കേന്ദ്രീകരിച്ച പ്രചാരണവും യുവവോട്ടര്‍മാരുടെ മനസ്സും മണ്ഡലത്തിന്റെ നഗരസ്വഭാവവുമെല്ലാം നിര്‍ണായകമാണ്. കുമ്മനം രാജശേഖരൻ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി സമാഹരിച്ച അധിക വോട്ടുകള്‍ എങ്ങോട്ടു പോകുമെന്നതില്‍ ആശങ്കയും പ്രതീക്ഷയും ഒരുപോലെയുണ്ട് യുഡിഎഫിനും എല്‍ഡിഎഫിനും.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി വി.വി.രാജേഷ് നേടിയത് 13,494 വോട്ട്. 2016ല്‍ കുമ്മനത്തിനു കിട്ടിയത് 43,700 വോട്ടും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുമ്മനം മത്സരിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തി എതിരാളികളെ ഞെട്ടിച്ച ബിജെപിക്ക് ഉപതിരഞ്ഞെടുപ്പിൽ പഴയ ആവേശമില്ല. ജില്ലാ സെക്രട്ടറി എസ്.സുരേഷാണു സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി നിര്‍ണയം ശരിയായില്ലെന്ന പ്രവര്‍ത്തകരുടെ വികാരവും തിരിച്ചടിയാകാം. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് അത്ര സജീവമല്ല. ഹിന്ദു വോട്ടുകളിലാണു പ്രതീക്ഷ. കുമ്മനമില്ലാത്ത സാഹചര്യം അതിജീവിച്ചെന്ന അവകാശവാദവുമുണ്ട്.

സിപിഎമ്മിന്റെ തുറുപ്പുചീട്ട് സ്ഥാനാര്‍ഥിയായ തിരുവനന്തപുരം മേയർ വി.കെ.പ്രശാന്താണ്. എതിര്‍ഘടകങ്ങള്‍ കൂടുതലുള്ള മണ്ഡലത്തില്‍ ജനകീയനായ മേയറുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണു വിലയിരുത്തല്‍. മേയറുടെ പ്രവര്‍ത്തനങ്ങളാണു മുഖ്യ പ്രചാരണ വിഷയം. മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ ‘മുഖപരിചയം’ കൂടുതല്‍ പ്രശാന്തിനാണെന്നത് അനുകൂല ഘടകം. പാര്‍ട്ടിയുടെ സംഘടനാ സംവിധാനം കൂടുതല്‍ ശക്തമായെന്നു നേതൃത്വം പറയുന്നു. എന്‍എസ്എസ് നിലപാടുകള്‍ തിരിച്ചടിയാകുമോയെന്ന് ആശങ്കയുണ്ട് താനും. ബിജെപിക്കു കഴിഞ്ഞ തവണ ലഭിച്ച അധിക വോട്ടുകള്‍ കോണ്‍ഗ്രസിനു ചോര്‍ന്നേക്കാവുന്ന സാഹചര്യങ്ങളും വിശകലനം ചെയ്യുന്നു.

കോണ്‍ഗ്രസിനു വേരോട്ടമുള്ള മണ്ഡലത്തില്‍ എന്‍എസ്എസ് നിലപാടുകളിലാണു യുഡിഎഫ് പ്രതീക്ഷ. സ്ഥാനാര്‍ഥി കെ.മോഹന്‍കുമാര്‍ മണ്ഡലം ഉൾപ്പെടുന്ന പ്രദേശത്തെ മുന്‍ എംഎല്‍എ ആയതിനാല്‍ വിജയപ്രതീക്ഷ വര്‍ധിക്കുന്നു. കുമ്മനത്തെ മുന്നില്‍ നിര്‍ത്തി ബിജെപി പിടിച്ച വോട്ടുകളില്‍ ഭൂരിപക്ഷവും പിടിക്കാനായാല്‍ വിജയം ഉറപ്പെന്ന് അവകാശവാദം. സ്ഥാനാര്‍ഥി എംഎല്‍എ ആയിരുന്നപ്പോള്‍ പ്രകടനം നന്നായിരുന്നില്ലെന്ന എതിരാളികളുടെ പ്രചാരണത്തെ മറികടക്കുക ശ്രമകരം. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളും തലവേദനയാണ്.

അനുകൂല സാഹചര്യമെന്നു സിപിഎം

എതിരായ ഘടകങ്ങള്‍ക്കിടയിലും ഇത്തവണ അനുകൂല സാഹചര്യങ്ങൾ നിരവധിയാണെന്നു സിപിഎം നേതൃത്വം പറയുന്നു. മണ്ഡലം വട്ടിയൂര്‍ക്കാവ് നോര്‍ത്തായിരുന്നപ്പോള്‍ ജയിക്കാനായതിന്റെ ആത്മവിശ്വാസവുമുണ്ട്. മേയറുടെ ജനകീയ മുഖമാണ് ആശ്രയം. ആ ഇമേജ് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ദിവസവും ചിട്ടയായി നടക്കുന്നു. അതിനെ തകര്‍ക്കാനുള്ള എതിരാളികളുടെ ശ്രമങ്ങള്‍ ഇതുവരെ വിജയം കണ്ടിട്ടില്ലെന്നതിൽ ആശ്വാസവുമുണ്ട്. സിപിഎം സംഘടനാ സംവിധാനവും സജീവമായി. പാലാ ഉപതിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം മുന്നണിക്കു രാഷ്ട്രീയ തിരിച്ചടികള്‍ ഉണ്ടായിട്ടില്ലെന്നതും നേട്ടമാണ്.

സ്ഥാനാര്‍ഥിയുടെ വ്യക്തി പ്രഭാവത്തിനപ്പുറം ശക്തമായ വിജയ ഘടകങ്ങള്‍ ഇല്ലെന്നും, എല്‍ഡിഎഫ് ജയിക്കുമെന്നു ഭയക്കുന്ന സമ്മര്‍ദ ഗ്രൂപ്പുകള്‍ വോട്ടു മറിച്ചേക്കാമെന്നും ആശങ്കയുണ്ട്. ജയ പ്രതീക്ഷയുള്ള സ്ഥാനാര്‍ഥിക്കു വോട്ടു നല്‍കുന്നതാണു നായര്‍ സമുദായം മണ്ഡലത്തില്‍ പിന്തുടരുന്ന രീതി. കുമ്മനത്തിന്റെ ജയസാധ്യതയില്‍ സമുദായം വിശ്വാസം അര്‍പ്പിച്ചപ്പോള്‍ വോട്ടു വിഹിതം കൂടി. ഇത്തവണ ഈ ആനുകൂല്യം ബിജെപിക്കില്ലെന്നാണു വിലയിരുത്തല്‍. മോഹന്‍കുമാറിനാണ് വിജയ സാധ്യതയെന്ന ചിന്ത ഉണ്ടാകുകയും എന്‍എസ്എസ് നിലപാടുകള്‍ ശക്തിപകരുകയും ചെയ്താല്‍ കുമ്മനത്തിനു കിട്ടിയ വോട്ടുകളില്‍ വലിയൊരു ഭാഗം കോണ്‍ഗ്രസിലേക്ക് പോയേക്കും. ഇതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ പാര്‍ട്ടി തേടുന്നു.

പോരാടുന്നത് എല്‍ഡിഎഫും യുഡിഎഫും

മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നാണു യുഡിഎഫ് നേതൃത്വം പറയുന്നത്. മണ്ഡലത്തില്‍ 40% വോട്ടുകളുള്ള എന്‍എസ്എസിന്റെ ശക്തമായ പിന്തുണയിലാണു പ്രതീക്ഷ. റോഡുകള്‍, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ കാര്യങ്ങളില്‍ മേയര്‍ പരാജയപ്പെട്ടെന്ന പ്രചാരണം അവസാനഘട്ടത്തില്‍ ഗുണകരമാകുമെന്നു പ്രതീക്ഷിക്കുന്നു. സിപിഎമ്മിനു വോട്ടു ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന സര്‍ക്കാര്‍ അനുകൂല ഘടകങ്ങളില്ലെന്നും വിലയിരുത്തല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കെ.മുരളീധരനു ലഭിച്ചത് 51,322 വോട്ടാണ്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥി കുമ്മനത്തിനു 43,700 വോട്ട്. സിപിഎം സ്ഥാനാര്‍ഥി ടി.എന്‍.സീമയ്ക്ക് 40,441 വോട്ടു ലഭിച്ചു. മുരളിയുടെ ഭൂരിപക്ഷം 7622.

ബിജെപിക്കു കഴിഞ്ഞ തവണ ലഭിച്ച വോട്ടുകളില്‍ ഒരു ഭാഗം എല്‍ഡിഎഫ് കൊണ്ടുപോയാലും 10,000 വോട്ടെങ്കിലും തിരികെയെത്തുമെന്നു യുഡിഎഫ് കരുതുന്നു. പരമ്പരാഗതമായി കോണ്‍ഗ്രസിനു ലഭിക്കുന്ന ക്രിസ്ത്യന്‍ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കാന്‍ പ്രശാന്തിനു കഴിയില്ലെന്ന ആത്മവിശ്വാസവും പങ്കുവയ്ക്കുന്നു. മുരളീധരനെപോലെ ജനകീയനല്ല സ്ഥാനാര്‍ഥിയെന്നതാണ് എതിര്‍ഘടകം. മുരളീധരനു കിട്ടിയ നിഷ്പക്ഷ വോട്ടുകള്‍ മോഹന്‍കുമാറിനു ലഭിക്കണമെന്നില്ല. ന്യൂനപക്ഷ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുന്ന സാഹചര്യം ആശങ്കപ്പെടുത്തുന്നു. ബിജെപി 25,000 വോട്ടുകള്‍ക്കു താഴെ പോയാല്‍ എല്‍ഡിഎഫിന് അനുകൂലമാകുമെന്നും യുഡിഎഫ് വിലയിരുത്തുന്നു.

ആത്മവിശ്വാസം വിടാതെ ബിജെപി

കഴിഞ്ഞ തവണത്തെ അനുകൂല ഘടകങ്ങള്‍ ഇല്ലെന്ന വിലയിരുത്തലിനിടയിലും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുകയാണു ബിജെപി. വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കുന്നില്ലെന്നു നേതൃത്വം വ്യക്തമാക്കുന്നു. ഹിന്ദു വോട്ടുകളിലാണു വലിയ പ്രതീക്ഷ. രണ്ടു മുന്നണികളുടെയും ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്.

ബിജെപി വോട്ടുകച്ചവടം നടത്തുന്നുവെന്ന ആരോപണത്തെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം ചൂണ്ടിക്കാട്ടിയാണു പ്രതിരോധിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സി.ദിവാകരന്‍ മൂന്നാം സ്ഥാനത്തേക്കു പോയത് എല്‍ഡിഎഫ് കോണ്‍ഗ്രസിനു വോട്ടു മറിച്ചതിനാലാണെന്നാണ് ആരോപണം. ശബരിമലയും പ്രചാരണ വിഷയമാണ്. കേസ് നടക്കുന്നതിനാല്‍ നിയമ നിര്‍മാണത്തിനു കഴിയില്ലെന്നും വിധി വരട്ടെയെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് നേതൃത്വം ആവര്‍ത്തിക്കുന്നു. എന്‍എസ്എസ് വോട്ടുകളിലെ ഒരു വിഹിതം ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നു. ആര്‍എസ്എസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാത്തതു തിരിച്ചടിയാകുമെന്ന ആശങ്കയുമുണ്ട്. 

English Summary: Political atmosphere heats up in Vattiyoorkavu Constituency during Bypoll

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA