sections
MORE

‘മോദി വീട്ടിൽ ഭക്ഷണം കഴിക്കാനെത്തി; സാനുമാഷിനൊപ്പം പുലിമുരുകൻ കാണാൻ പോയി’

cg-rajgopal-bjp-kochi
ബിജെപി എറണാകുളം നിയോജക മണ്ഡലം സ്ഥാനാർഥി സി.ജി. രാജഗോപാലാൽ
SHARE

കൊച്ചി∙ എം.കെ. സാനുമാഷിനൊപ്പം സിനിമയ്ക്കു പോയ ഒരു മലയാളി ബിജെപി നേതാവുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? എങ്കിൽ ഉണ്ട്. അത് മുത്തു എന്ന് എല്ലാവരും വിളിക്കുന്ന ബിജെപി എറണാകുളം നിയോജക മണ്ഡലം സ്ഥാനാർഥി സി.ജി. രാജഗോപാലാണ്. മലയാള മനോരമ ചാറ്റ് വിത്ത് എഡിറ്റേഴ്സ് എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം തന്റെ രസകരമായ അനുഭവങ്ങൾ പങ്കുവച്ചത്.

‘ഒരു ദിവസം സാനുമാഷിനെ കാണാൻ പോയപ്പോൾ പുലിമുരുകൻ റിലീസായ സമയമാണ്. ഡോ. സി.കെ. രാമചന്ദ്രനുമുണ്ട്. അപ്പോൾ സാനുമാഷ് ചോദിച്ചു, മുത്തൂ നമുക്ക് പുലിമുരുകൻ കാണണ്ടേ എന്ന്.. ഞാൻ ഉടനെ മേജർ രവിയെ ഫോണിൽ വിളിച്ചു. മോഹൻലാലിന് സാനുമാഷിനോടു സംസാരിക്കണമെന്ന് പറഞ്ഞ് ഇരുവരും സംസാരിച്ചു. അങ്ങനെ ഫസ്റ്റ് ഷോ കാണാൻ പോകുകയായിരുന്നു. പുലി മുരുകൻ കാണുമ്പോൾ സി.കെ. സാനുമാഷിനോട് ഒരു ചോദ്യം. അത് സാനുമാഷേ, എന്താണ് സിനിമയുടെ അർഥം എന്ന്. അതിന് ഒറ്റവാക്കിലായിരുന്നു മാഷുടെ മറുപടി... നാട്ടിലെ മൃഗത്തെക്കാൾ എത്രയോ ഭേദമാണ് കാട്ടിലെ മൃഗം എന്ന്.’

സിപിഐ നേതാവ് ബിനോയ് വിശ്വത്തിനൊപ്പം സിനിമയ്ക്കു പോയ അനുഭവവുമുണ്ട്. പത്മ തിയേറ്ററിൽ സിനിമ റിങ് മാസ്റ്ററാണ് കണ്ട സിനിമ. തിയേറ്ററിൽ ഇരിക്കുമ്പോൾ ഭാര്യ വിളിച്ചു. സിനിമയ്ക്ക് പോകാത്ത ആളെങ്ങനെ സിനിമയ്ക്ക് പോയെന്നു ഭാര്യ ചോദിക്കും. ഭാര്യയോട് എല്ലാ സത്യവും പറയുന്നതാണ്. അത് പറഞ്ഞില്ല. പിറ്റേ ദിവസം മിണ്ടാതെ അവരെകൊണ്ട് ഒന്നു കൂടി റിങ് മാസ്റ്റർ കാണാൻ പോയി. മനസിലൊരു കുറ്റബോധം. ജസ്റ്റിസ് കൃഷ്ണയ്യർക്കും സാനുമാഷിനും സി.കെ. രാമചന്ദ്രനുമൊപ്പം ഐസ്ക്രീം കഴിച്ച കഥയും സ്ഥാനാർഥി പങ്കുവച്ചു.

2011ൽ ആദ്യമായി തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോഴാണ്, എല്ലാവരും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സാറിനെ കാണുന്നു. ഞാനും കാണാൻ പോയി. എലി ഹിമാലയത്തെ കാണാൻ എങ്ങനെ പോകും എന്നതായിരുന്നു ആശങ്ക. കണ്ടു നമസ്കരിച്ച് മടങ്ങുമ്പോൾ ഒരാളെ വിട്ട് തന്നെ വിളിപ്പിച്ചു. ‘മോദിയുടെ ആളാണല്ലേ, എനിക്ക് മോദിയെ ഭയങ്കര ഇഷ്ടമാണ്. ഈ ഹൃദയത്തിൽ താമരയുണ്ടെന്ന് അദ്ദേഹത്തോടു പറയണം.’ അദ്ദേഹം പറഞ്ഞു. ആ ബന്ധം അവസാനം വരെയുണ്ടായിരുന്നു. 

rajagopal-bjp

സമൂഹത്തിലെ താഴേ തട്ടിൽ മുതൽ ഉന്നതൻമാരുമായി വരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിത്വമാണ് ബിജെപിയുടെ എറണാകുളം സ്ഥാനാർഥി. അതുകൊണ്ടാവണം മണ്ഡലത്തിൽ സ്ഥാനാർഥിയെ തിരഞ്ഞപ്പോൾ യാതൊരു എതിർപ്പുമില്ലാതെ എല്ലാവർക്കും പ്രിയപ്പെട്ട ‘മുത്തു’ എന്ന പേരുതന്നെ നിർദേശിക്കപ്പെട്ടത്. കേരളത്തിൽ ബിജെപി നേതാക്കൾ ആരുവന്നാലും അവിടെല്ലാം മുത്തുവുണ്ട്. പ്രധാനമന്ത്രി വരുമ്പോൾ സ്വീകരിക്കാൻ നിൽക്കുമ്പോൾ എല്ലാവർക്കും കൈകൊടുക്കുമ്പോൾ മുത്തുവിന്റെ തോളിൽ തട്ടി വിശേഷം ചോദിക്കും.

വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയ നരേന്ദ്രമോദി

‘അടൽ ബിഹാരി വാജ്പേയ്‍യാണ് ആഗ്രഹിച്ചിട്ടും അടുത്ത് ഇടപഴകാൻ സാധിക്കാതെ പോയ ഒരു നേതാവ്. അതേ സമയം 1998ല്‍ സംഘടനാ പരമായ കാര്യത്തിനായി നരേന്ദ്രമോദി കേരളത്തിലെത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാൻ സാധിച്ചു. ഒരു ദിവസം തന്റെ വീട്ടിൽ ചെന്ന് ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു. വീട്ടിലെത്തിയപ്പോൾ അമ്മ അവിടെയില്ല. പിന്നെ മറ്റൊരു പ്രവർത്തകന്റെ വീട്ടിലെത്തിയാണ് അന്ന് ഭക്ഷണം കഴിച്ചത്. നിലത്തിരുന്നായിരുന്നു അന്ന് അദ്ദേഹം ഭക്ഷണം കഴിച്ചതെന്നും ഓർമിച്ചു.

‘പിന്നീടൊരിക്കൽ സംഘടനാപരമായ ആവശ്യത്തിനായി അഹമ്മദാബാദിൽ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസിൽ ചെന്നു. അത് ഒരു മേയ് അഞ്ചിനായിരുന്നു. മേയ് അഞ്ചാം തീയതി രാവിലെ 5.55നാണ് തന്റെ ജന്മസമയം. ജീവിതത്തിൽ അഞ്ച് ആണ് തന്റെ പ്രിയപ്പെട്ട നമ്പർ. അന്ന് ഓഫിസിലെ ജോലിയൊക്കെ കഴിഞ്ഞപ്പോൾ സെക്രട്ടറിയോടു ചോദിച്ചു, ഇന്ന് എന്റെ പിറന്നാളാണ്, എനിക്ക് അദ്ദേഹത്തെ കണ്ടാൽ കൊള്ളാമെന്നുണ്ട് എന്ന്.

മേയ് അഞ്ചിന് അഞ്ചാം നിലയിൽ അഞ്ചുമണിക്കാണ് അവിടെയിരിക്കുന്നത്. കൃത്യം 5.55 ആയപ്പോൾ നരേന്ദ്രമോദി കയറിച്ചെല്ലാൻ ആവശ്യപ്പെട്ടു. കയറിച്ചെന്ന ഉടൻ ഒരു റോസാപ്പൂവെടുത്തു നീട്ടി. ഹിന്ദിയിൽ ജൻമദിനാശംസകൾ എന്നു പറഞ്ഞു. അതിനു ശേഷം കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ചെല്ലാം സംസാരിച്ചു. ഓട്ടോഗ്രാഫ് ഒപ്പിട്ടു തന്നു. വളരെ കൃത്യമായി ഒരു പേജിന്റെ മുകളിൽ. വളരെ സൂക്ഷ്മതയോടെയാണ് അദ്ദേഹം അത് ചെയ്തത്. അതിനു ശേഷം പലപ്പോഴും പ്രധാനമന്ത്രിയായതിനു ശേഷവും അദ്ദേഹത്തെ കാണാറുണ്ട്. 

പാർട്ടിയുടെ അകത്തുള്ളതിനെക്കാൾ സ്വീകാര്യത പുറത്ത്

മുത്തുവിന് പാർട്ടിയുടെ ഉള്ളിൽ ഉള്ളതിനേക്കാൾ സ്വീകാര്യതയാണ് പാർട്ടിക്കു പുറത്ത് എന്നാണ് പൊതുവേ പറയപ്പെടുന്നത്. ഇതേക്കുറിച്ചു ചോദിച്ചപ്പോഴാണ് അദ്ദേഹം ‘പാർട്ടിയുടെ പ്രവർത്തകർ ഒപ്പമുള്ളതുകൊണ്ടാണ് സ്ഥാനാർഥി നിർണയ സമയത്ത് മണ്ഡലത്തിലെ അംഗങ്ങൾ അപ്പാടെ തന്റെ പേരെഴുതി നൽകിയത് എന്നാണ് വിശ്വസിക്കുന്നത്. അതേ സമയം സുഹൃത്തുക്കൾ എന്നു പറയുന്നത് തനിക്ക് മറ്റൊരാളല്ല. തന്നെ ജയിപ്പിക്കുന്നതിനായി പ്രവർത്തകർക്കൊപ്പം നിരവധി സുഹൃത്തുക്കളാണുള്ളത്. അതേ സമയം തന്നെ ജയിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് പാർട്ടി പ്രവർത്തകരും. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈ സമൂഹവും തന്റെ പിന്നിലുണ്ട്’ എന്നായിരുന്നു മറ‍ുപടി. 

മുത്തുവിനെ അറിയും സി.ജി. രാജഗോപാലിനെയൊ?

‘ആളുകൾക്കിടയിൽ മുത്തു എന്ന പേരിനാണ് കൂടുതൽ പരിചയം. അതേ സമയം ചിലർ സി.ജി. എന്നു വിളിക്കും. തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ സിജിയും സി.ജി. രാജഗോപാലും മുത്തുവും ഒരാളാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായിട്ടുണ്ട്. സീനിയർ നേതാവ് സി. രാജഗോപാലിനെ എല്ലാവരും അറിയും. താൻ സി.ജി. രാജഗോപാലാണ്. കൊങ്കിണി സമുദായത്തിൽ പെട്ടയാളാണ് താൻ. എന്നാൽ എല്ലാ സമുദായക്കാർക്കുവേണ്ടിയും ഇടപഴകാനും അവരുടെ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നതാണ് പതിവ്.’ 

നേതാക്കളുമായെല്ലാം അടുപ്പമുള്ള നേതാവ്

‘ജനങ്ങളുടെ കാര്യങ്ങൾക്കു വേണ്ടി വർഷങ്ങളായി ഡൽഹിയിലേയ്ക്ക് യാത്ര ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെ നിരവധി നേതാക്കളുമായി നല്ല അടുപ്പമാണുള്ളത്. മുൻ മന്ത്രിയായിരുന്ന സുരേഷ് പ്രഭു കാണുമ്പോഴെല്ലാം തന്നെ എംപി എന്നാണ് വിളിക്കാറ്. ഭാവിയിലെ എംപി എന്ന്. 

മന്ത്രി നിർമലാ സീതാരാമനുമായി വർഷങ്ങൾക്കു മുമ്പുതന്നെ പരിചയവും അടുപ്പവുമുണ്ട്. ജെ.പി നദ്ദ, അദ്ദേഹം വിമാനത്താവളത്തിൽ തന്നെ കണ്ടില്ലെങ്കിൽ ‘ചിരിക്കുന്ന മുത്തു എവിടേ?’ എന്നാണ് ചോദിക്കാറുള്ളത്. കണ്ടാൽ ഉടൻ ഷർട്ടിൽ പിടിക്കും. ഇത് ആരാണ് ചെയ്യുന്നത് എന്നു ചോദിക്കും. ഞാൻ സ്വന്തമായി അലക്കി തേയ്ക്കുന്നതാണ് എന്നു പറയും. ആർഎസ്എസ് എന്ന പ്രവർത്തനത്തിലൂടെയാണ് തനിക്ക് അച്ചടക്കം കിട്ടിയിട്ടുള്ളത്.’

പ്രധാനമന്ത്രി പറയും മുമ്പേ റോഡ് തൂത്തുവാരിയിരുന്നു

മോദിജി സ്വച്ഛ് ഭാരത് പറയുന്നതിന് 31 വർഷം മുമ്പ് വീടിന്റെ അടുത്തുള്ള വട്ടേക്കാട്ട് റോഡ് അടിച്ചു വാരിയിരുന്നത് താനാണെന്ന് മുത്തു അഭിമാനത്തോടെ പറയും.  ‘ആളുകൾ പള്ളിയിൽ പോകുമ്പോൾ തന്നെ ശ്രദ്ധിക്കുന്നത് കാണാമായിരുന്നു. റോഡിൽ ഒരു പുല്ലു പോലും മുളയ്ക്കാൻ അനുവദിക്കാറില്ലായിരുന്നു. ഇപ്പോഴും അത് തുടരുന്നുണ്ട്. കുറച്ചു ദിവസമായി അത് മുടങ്ങിക്കിടക്കുകയാണ്. തിരഞ്ഞെടുപ്പിനു ശേഷവും അത് തുടരും.’ – സ്ഥാനാർഥി പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA