ADVERTISEMENT

മഹാബലിപുരം ∙ ജമ്മു കശ്മീര്‍ വിഷയത്തിലെ വാക്പോരിനു പിന്നാലെ മഹാബലിപുരത്ത് ഇന്നും നാളെയും നടക്കുന്ന ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെന്നൈയിലെത്തി. ഉച്ചയ്ക്കു രണ്ടു മണിക്കാണ് ഷി ചിന്‍ പിങ്ങ് എത്തിയത്. 11 മണിയൊടെ നരേന്ദ്ര മോദി എത്തിയിരുന്നു. ഭീകര സംഘടനകള്‍ക്കു ലഭിക്കുന്ന പരിശീലനം സാമ്പത്തിക സഹായം മറ്റു പിന്തുണകള്‍ എന്നിവയാവും കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം.

വ്യാപാരം, പ്രതിരോധം, അതിര്‍ത്തി പ്രശ്‌നങ്ങള്‍ എന്നിവയും ചര്‍ച്ചയാകും. കശ്മീര്‍ വിഷയത്തില്‍ ചൈന നടത്തിയ മലക്കം മറിച്ചില്‍ ഉച്ചകോടിയെ ബാധിക്കില്ലെന്നും ഉഭയകക്ഷി ബന്ധം പരമാവധി സുഗമമാകേണ്ടത് ഇരുരാജ്യങ്ങളുടെയും ആവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. ഉച്ചകോടിയില്‍ കരാറുകളോ സംയുക്ത പ്രസ്താവനയോ ഉദ്ദേശിച്ചിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളപ്പോഴും വ്യാപാരമുള്‍പ്പെടെയുള്ള മേഖലകളില്‍ ബന്ധം മെച്ചപ്പെടുത്തുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.

കശ്മീർ പ്രശ്നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്നു കഴിഞ്ഞ ദിവസം ചൈന വ്യക്തമാക്കിയത് ഉച്ചകോടി സുഗമമാക്കാനുള്ള ശ്രമം മാത്രമായിരുന്നുവെന്നാണു വിലയിരുത്തൽ. ഇതിനു പിന്നാലെയാണു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാനും ഷിയുമായി ബെയ്ജിങ്ങിൽ ചർച്ച നടത്തിയതും കശ്മീർ വിഷയത്തിൽ പഴയ നിലപാട് തന്നെയാണുള്ളതെന്നു ചൈന വ്യക്തമാക്കിയതും. ഉച്ചകോടിക്കു മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും ചൈനയുടെ ഈ സമീപനത്തെ വിമർശിക്കാൻ ഇന്ത്യ മടിച്ചില്ല. ഇന്ത്യയുടെ നിലപാട് ചൈനയ്ക്ക് അറിയാമെന്നും ആഭ്യന്തര വിഷയങ്ങളിൽ മറ്റു രാജ്യങ്ങൾ പരാമർശങ്ങൾ നടത്തേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലിൽ ചൈനയിലെ വുഹാനിലായിരുന്നു ഷിയും മോദിയും നടത്തിയ ആദ്യ അനൗപചാരിക ഉച്ചകോടി.

അതിശക്തമായ സുരക്ഷയാണു മാമല്ലപുരം എന്ന് ഇപ്പോൾ അറിയപ്പെടുന്ന മഹാബലിപുരത്ത് ഉച്ചകോടിക്കായി ഒരുക്കിയിട്ടുള്ളത്. ചെന്നൈ നഗരത്തിൽനിന്ന് 50 കിലോമീറ്റർ ദൂരെയുള്ള മഹാബലിപുരത്ത് അയ്യായിരത്തിലേറെ പൊലീസുകാർ നിതാന്ത ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുന്നു. തീരത്തോടു ചേർന്നു നാവികസേനയും തീരസംരക്ഷണ സേനയും യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കി. യുനെസ്കോയുടെ പൈതൃക സ്മാരക പട്ടികയിലുള്ള കേന്ദ്രങ്ങളിൽ ഉൾപ്പെടെ എണ്ണൂറോളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.

മഹാ‌ബലിപുരത്തേയ്ക്കുള്ള റോഡുകൾക്കിരുവശത്തും ഫ്ലെക്സുകളിൽ മോദിയും ഷി ചി‌ൻപിങ്ങും ചിരിച്ചു ‌‌നിൽക്കുന്നു. തമിഴ്, ഇംഗ്ലിഷ്, ചൈനീസ് ഭാഷകളിൽ രണ്ടുപേരെയും സ്വാഗതം ചെയ്യുന്ന ബോർഡുകളുമുണ്ട്. മോദി– ഷി കൂ‌ടിക്കാഴ്ചയ്ക്കു വേദിയാകുന്ന മഹാബലിപുരത്തിനു ചൈനയുമായി ‌നൂറ്റാണ്ടുകളിലേക്കു നീളുന്ന ബന്ധമാണുള്ളത്. കിഴക്കൻ ചൈന നഗരമായ ഫൂജിയനുമായി ‌ഏഴാം നൂറ്റാണ്ടിൽ വ്യാപാരബന്ധമുണ്ടായിരുന്ന പല്ലവ രാജാ‌ക്കന്മാരുടെ രാജധാനിയായിരുന്നു മഹാബലിപുരം. ഷി ചിൻപിങ് നേരത്തേ ഫൂ‌ജിയൻ ഗവർണറായിരുന്നു. മഹാബലിപുരത്തു നിന്നു കപ്പലേറി പോയ തമി‌ഴ് രാ‌ജകുമാരൻ ബോധിരാമനാണു സെൻ ബുദ്ധിസം ചൈനയിൽ പ്രചരിപ്പിച്ചത്.

ബോ‌ധിരാമന്റെ പേരിൽ കാന്റൻ പ്രവിശ്യയിൽ ക്ഷേത്രമുണ്ട്. ഏഴാം നൂറ്റാണ്ടിൽ മഹാ‌ബലിപുരം സന്ദർശിച്ച ചൈനീസ് സഞ്ചാരി ഹുവാൻ സാങ് യാത്രയെക്കുറിച്ചു വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പുതുച്ചേരിയിലെ ആരോവില്ലിൽ ഏറെക്കാലം താമസിച്ചിട്ടുള്ള ചൈനീസ് ഉപവിദേശകാര്യമന്ത്രി ലുവ സാഹുയ് ആണു മഹാബലിപുരത്തിന്റെ പേര് ഉച്ചകോടിക്കായി നിർദേശിച്ചതെന്നാണു സൂചന. കല്ലിൽ കൊത്തിവച്ച ചരിത്രമെന്ന വിശേഷണമായിരിക്കും മഹാബലിപുരത്തിനു ചേരുക. ബംഗാൾ ഉൾക്കടലിനോടു ചേർന്നു കിടക്കുന്ന ൈപതൃക നഗരമാണിത്.

വീഥികൾ ‌മിനുക്കിയും ശി‌ൽപങ്ങളിൽ ചായമടിച്ചും അലങ്കാര വിളക്കുകൾ ജ്വലിച്ചുമാണു നഗരം അണിഞ്ഞൊരുങ്ങിയത്. കൂടുതൽ ബുദ്ധപ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചരഥങ്ങൾ, അർജുന തപസ്സ് ശിൽപങ്ങൾ, തീരക്ഷേത്രം എന്നിവ മോദിയും ഷിയും ഒരുമിച്ചു സന്ദർശിക്കും. ഇവിടെ ഫോട്ടോ ഷൂട്ടിനായി പൂക്കൾ വിരിച്ച ‌പ്രത്യേക ഇരിപ്പിടമൊരുക്കി. ചൈ‌‌നീസ് ‌‌പ്രസിഡന്റിനെ വരവേൽക്കാൻ കഥകളിയുൾപ്പെടെയുള്ള പാരമ്പര്യ കലാരൂപങ്ങൾ അണിനിരക്കും. ഉച്ചകോടിക്കു ശേഷം ചൈനീസ് പ്രസിഡന്റ് നേപ്പാളിലേക്കും പോകും.

English Summary: Mahabalipuram ready for Xi Jinping- Narendra Modi second informal summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com