ADVERTISEMENT

ബെംഗളൂരു∙ കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വരയുടെ പഴ്‌സണല്‍ അസിസ്റ്റന്റ് രമേശ് ആത്മഹത്യ ചെയ്ത നിലയില്‍. ബെംഗളൂരു സ്വദേശിയാണ് രമേശ്. ശനിയാഴ്ച രാവിലെ ബെംഗളൂരു യൂണിവേഴ്‌സിറ്റി ക്യാംപസിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ് രമേശിന്റെ മൃതദേഹം കണ്ടെത്തിയത്. 

പരമേശ്വരയുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ ആദായനികുതി റെയ്ഡ് നടന്നതിനു പിന്നാലെയാണ് ആത്മഹത്യ. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രമേശിനെ ചോദ്യം ചെയ്തിരുന്നു. റെയ്ഡ് നടക്കുമ്പോള്‍ രമേശ് ഒപ്പമുണ്ടായിരുന്നതായി പരമേശ്വര പറഞ്ഞു. ഒന്നും സംഭവിക്കില്ലെന്നും വിഷമിക്കേണ്ടതില്ലെന്നും രമേശിനോടു പറഞ്ഞിരുന്നു. ജീവനൊടുക്കിയത് എന്തിനെന്ന് അറിയില്ല. വേദനാജനകമായി - പരമേശ്വര പറഞ്ഞു.

റെയ്ഡില്‍ 100 കോടി രൂപയുടെ കണക്കില്‍ പെടാത്ത വരുമാനത്തിന്റെ തെളിവുകള്‍ കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. 8.82 കോടി രൂപയുടെ അനധികൃത ആസ്തി കണ്ടെത്തിയെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പരമേശ്വരയുടെയും കോണ്‍ഗ്രസ് നേതാവ് ആര്‍.എല്‍. ജാലപ്പയുടെയും ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളജുകളിലെ സീറ്റുകള്‍ ക്രമവിരുദ്ധമായി അനുവദിച്ചതിലൂടെ 100 കോടി നേടിയെന്നാണു കണ്ടെത്തല്‍.

വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കിയ പണം ജീവനക്കാരുടെ പേരിലുള്ള വ്യാജഅക്കൗണ്ടുകളില്‍ ഞിക്ഷേപിച്ചതായും കണ്ടെത്തിയിരുന്നു. എട്ടു ജീവനക്കാരുടെ അക്കൗണ്ടില്‍ 4.6 കോടി രൂപയുടെ സ്ഥിരനിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്കില്‍നിന്നു വായ്പയെടുത്ത് സ്ഥലം വാങ്ങുകയും ഹോട്ടലുകള്‍ നിര്‍മിക്കുകയും ചെയ്തതിന്റെ തെളിവു ലഭിച്ചതായും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

English Summary: Congress Leader Former Dcm Of Karnataka G Parameshwara's Personal Assistabt Ramesh Committed Suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com