ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് കൈമാറാന്‍ ജ്വല്ലറി ജീവനക്കാരനായ മാത്യു രണ്ടുപേരില്‍ നിന്നു സയനൈഡ് വാങ്ങിയെന്ന് അന്വേഷണസംഘം. ഇതില്‍ ഒരാള്‍ പ്രജികുമാറാണ്. രണ്ടാമത്തെയാള്‍ ജീവിച്ചിരിപ്പില്ല. അതിനാല്‍ ആ വ്യക്തിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാവാനിടയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ജോളിയുടെ ഭർത്താവ് ഷാജുവിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തേക്കും. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിലെ സംശയങ്ങളാണു വീണ്ടും ചോദ്യം ചെയ്യാൻ കാരണം. ജോളിയെ പുലിക്കയത്തെ ഷാജുവിന്റ വീട്ടിലെത്തിച്ചു തെളിവെടുത്തതിനു പിന്നാലെ അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്തിരുന്നു. ഇരുവരും നൽകിയ മൊഴികളിലെ സംശയങ്ങൾ കൊണ്ടാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

ജോളിയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുന്നതിന്റെ ആവശ്യകതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. താമരശേരി പൊലീസ് റജിസ്റ്റർ ചെയ്ത സിലിയുടെ കേസിലാകും ചോദ്യം ചെയ്യൽ. സിലിയെ കൊലപ്പെടുത്താൻ ജോളി മൂന്നു വട്ടം ശ്രമിച്ചതായും ഇതു ഷാജുവിന് അറിയാമെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. എന്നാൽ സിലിയുടെയും മകളുടെയും മരണത്തിൽ പങ്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഷാജു.

ജോളിയുടെയും ഷാജുവിന്റെയും മൊഴികളിലെ പഴുതുകൾ കണ്ടെത്തി അതിലൂടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മുഖ്യ പ്രതിയായ ജോളിയെ ഡിജിപിയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു. അന്വേഷണം വെല്ലുവിളി നിറഞ്ഞതാണെന്നു ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു. ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ സാധ്യമായ വഴികളെല്ലാം തേടുമെന്നും ഡിജിപി വ്യക്തമാക്കി. വടകരയിലെത്തിയ പൊലീസ് മേധാവി കൊലപാതകങ്ങൾ നടന്ന പൊന്നാമറ്റം വീടും സന്ദർശിച്ചു.

ഉത്തര മേഖല ഐജി അശോക് യാദവ്, കണ്ണൂർ റേഞ്ച് ഐജി കെ.സേതുരാമൻ, വടകര റൂറൽ എസ്പി കെ. ജി. സൈമൺ, ഡിവൈഎസ്പി ആർ. ഹരിദാസൻ തുടങ്ങിവരടക്കമുള്ള അന്വേഷണ സംഘത്തോട് കേസിന്റെ തുടർ രൂപരേഖ സംബന്ധിച്ച് ഡിജിപി ചർച്ച നടത്തി. ഡിജിപി എത്തുന്നതിന് തൊട്ടുമുൻപാണ് ജോളിയെ ജില്ലാ പൊലീസ് ആസ്ഥാനത്ത് എത്തിച്ചത്.

ശക്തമായ തെളിവുകൾക്കു വേണ്ടി, വിദേശത്തിനു പുറമെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാങ്കേതിക സഹായങ്ങളും തേടും. മൂന്നു കൊലപാതകങ്ങൾ നടന്ന പൊന്നാമറ്റെത്തെ വീട്ടിലെത്തിയ ഡിജിപി പതിനഞ്ചു മിനിറ്റോളം മാത്രമാണ് അവിടെ ചെലവഴിച്ചത്. കേസുകളുമായി ബന്ധപെട്ട് തെളിവു ശേഖരണവും മൊഴിയെടുക്കലും സമാന്തരമായി നടക്കുന്നുമുണ്ട്.

English Summary: Koodathai Serial Murder, 2 persons give cyanide to Jolly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com