ADVERTISEMENT

തിരുവനന്തപുരം∙ ഭൂരഹിതരായവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ ലൈഫ് മിഷന്‍ സ്വകാര്യ കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചു. 8.8 കോടി രൂപയാണ് ചെന്നൈയിലുള്ള സ്വകാര്യ ഏജൻസിക്ക് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇടപാടില്‍ അഴിമതിയുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളെ ഒഴിവാക്കിയെന്നാണ് ആക്ഷേപം.

‌ലൈഫ് മിഷന്‍ ഭവനപദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയെ(പിഎംസി) നിയമിക്കാന്‍ ലൈഫ് മിഷന്‍ തീരുമാനിച്ചിരുന്നു. ഈ നടപടി അംഗീകരിച്ച് തദ്ദേശവകുപ്പ് ഇറക്കിയ ഉത്തരവിലാണ് സ്വകാര്യ കണ്‍സള്‍ട്ടന്‍സിക്ക് ഫീസ് നല്‍കണമെന്നു നിര്‍ദേശിക്കുന്നത്. ഭവന സമുച്ചയങ്ങള്‍ക്കായി മൂന്നു റീജിയണുകളിലായി 56 സ്ഥലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഒന്നും രണ്ടും റീജിയണുകളിലെ 1750 യൂണിറ്റുകള്‍ക്ക് 250 കോടിയും മൂന്നാമത്തെ റീജിയണിലെ 1350 യൂണിറ്റുകള്‍ക്ക് 200 കോടിയുമാണ് ആവശ്യം. റീജിയണ്‍ ഒന്നിലും രണ്ടിലും 4.9 കോടിയും, റീജിയന്‍ മൂന്നില്‍ 3.9 കോടിയുമാണ് സ്വകാര്യ ഏജന്‍സിക്ക് ഫീസായി നല്‍കുന്നത്. 

സ്വകാര്യ കൺസൾട്ടൻസിയുടെ മറവിൽ വീണ്ടുമൊരു തീവെട്ടി കൊള്ളയ്ക്ക് സർക്കാർ തയ്യാറെടുക്കുകയാണെന്നു ചെന്നിത്തല ആരോപിച്ചു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നിലവിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന വിവിധ ഭവന നിർമാണ പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ടാണ് ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും എൻജിനിയറിങ് വിഭാഗത്തെ മറികടന്നാണ് സ്വകാര്യ ഏജൻസിയ്ക്ക് വഴിവിട്ട സഹായം നൽകുന്നത്.

പൊതുമരാമത്ത് വകുപ്പിലും കെട്ടിട നിർമാണ വിഭാഗത്തിലുമായി വിദഗ്ധരും അനുഭവ സമ്പത്തുള്ളവരുമായ നൂറു കണക്കിന് എൻജിനിയർമാരെ നോക്കുകുത്തിയാക്കി കൊണ്ടാണ് അഴിമതിക്ക് കളമൊരുക്കുന്നത്. പ്രളയത്തിൽ വീട് തകർന്നവർക്ക് ഒരു വീടിനു നാല് ലക്ഷം രൂപ മാത്രം സഹായമായി സർക്കാർ അനുവദിക്കുമ്പോഴാണ് 8.8 കോടി രൂപ എന്ന ഭീമമായ തുക പ്രോജക്ട് കൺസൾട്ടൻസിക്ക് അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com