sections
MORE

കർതാർപുർ ഇടനാഴി നവംബർ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

kartarpur-modi
കർതാർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാര, പ്രധാനമന്ത്രി നരേന്ദ്ര മോദി
SHARE

ന്യൂഡൽഹി∙ രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കർതാർപുർ ഇടനാഴി നവംബർ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും സിഖു മത വിശ്വാസികളെ ബന്ധിപ്പിക്കുന്ന ഇടനാഴി യാഥാർഥ്യമാകുന്നതിനെ ചരിത്രനിമിഷമെന്ന് ഹർസിമ്രത് കൗർ ട്വിറ്ററിൽ കുറിച്ചു. 

ഗുരു നാനാക്കിന്റെ കൃപയോടെ കർതാർപുർ ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതോടെ ഒരു ചരിത്രമാണ് സൃഷ്ടിക്കപ്പെടുന്നത്. 72 വർഷത്തെ കോൺഗ്രസ് ഭരണത്തിലൂടെ എന്താണോ സാധ്യമാകാതിരുന്നത്, ആ െതറ്റ് ഇപ്പോൾ മോദി തിരുത്തുകയാണെന്നും ഹർസിമ്രത് കൗർ പറഞ്ഞു.

പഞ്ചാബിലെ ഗുരുദാസ്പൂരിനെ പാക്കിസ്ഥാനിലെ സിഖ് തീർഥാടന കേന്ദ്രമായ കർതാർപുർ ദർബാർ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കർതാർപുർ ഇടനാഴി. ഇത് ഉദ്ഘാടനം ചെയ്യുന്നതോടെ ഇന്ത്യയിൽ നിന്നുള്ള വിശ്വാസികൾക്ക് കർതാർപുരിൽ വീസയില്ലാതെ സന്ദർശനം നടത്താനുള്ള അവസരം ഒരുങ്ങും. ഇതിനായി പ്രത്യേക അനുമതിപത്രം നൽകും. സിഖു മത വിശ്വാസികളുടെ ഏറ്റവും പുണ്യ സ്ഥലമായാണ് കർതാർപുർ ഗുരുദ്വാര അറിയപ്പെടുന്നത്.

പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്കിൽ നിന്നു 4 കിലോമീറ്റർ അകലെ പാക്കിസ്ഥാനിലെ നരോവൽ ജില്ലയിൽ കർതാർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാര വരെയാണ് ഇടനാഴി. സിഖ് മതസ്ഥാപകൻ ഗുരു നാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നതു ദർബാർ സാഹിബിലാണ്. ഗുരു നാനാക്ക് 18 വർഷം രവി നദീതീരത്തുള്ള ഈ ഗുരുദ്വാരയിൽ താമസിച്ചിട്ടുണ്ടെന്നതാണു കർതാർപുറിനെ സിഖുകാരുടെ പ്രമുഖ തീർഥാടനകേന്ദ്രമാക്കുന്നത്.

1539ൽ ഗുരുനാനാക്ക് തന്നെയാണ് ഈ ഗുരുദ്വാര സ്ഥാപിക്കുന്നതും. അറ്റകുറ്റപ്പണികൾക്കു ശേഷം 1999ലാണു ഗുരുദ്വാര ഇപ്പോഴത്തെ രൂപത്തിൽ തീർഥാടകർക്കായി തുറന്നുനൽകിയത്. ആ വർഷം അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി എ.ബി. വാജ്പേയി ലഹോറിലേക്കു നടത്തിയ ബസ് യാത്രയിലാണ് കർതാർപുർ വഴി ഗുരുദ്വാരയിലേയ്ക്കൊരു ഇടനാഴി എന്ന ആശയം രൂപപ്പെട്ടത്.

നവംബർ 9ന് കർതാർപുർ ഇടനാഴി ഇന്ത്യൻ തീർഥാടകർക്കായി തുറന്നു കൊടുക്കുമെന്ന് പാക്കിസ്ഥാൻ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. എന്നാൽ ഉദ്ഘാടനത്തിനുള്ള തീയതി തീരുമാനിച്ചിട്ടില്ലെന്നാണ് പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് വെള്ളിയാഴ്ച പറഞ്ഞത്. ഗുരുദ്വാരയിലേക്കുള്ള ആദ്യ സർവ്വകക്ഷി തീർഥാടകസംഘത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നയിക്കും. മുന്‍ പ്രധാമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങും സംഘത്തിലുണ്ടാവും. 

നവംബർ 12ന് ഗുരു നാനാക്കിന്റെ 550–ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സുൽത്താൻപൂർ ലോധിയിൽ നടക്കുന്ന ആഘോഷത്തിലും പങ്കെടുക്കും. പാക്കിസ്ഥാനിലെ പഞ്ചാബിലാണു മൻമോഹൻ സിങ് ജനിച്ചത്. 1947ൽ വിഭജനകാലത്താണു കുടുംബം ഇന്ത്യയിലേക്കു വന്നത്. പിന്നീട്, 10 വർഷം പ്രധാനമന്ത്രിയായിരുന്നപ്പോൾ ഉൾപ്പെടെ ഇതുവരെ മൻമോഹൻ പാക്കിസ്ഥാനിൽ പോയിട്ടില്ല. രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുരു നാനാക്കിന്റെ ജന്മവാർഷികാഘോഷത്തിൽ പങ്കെടുക്കും. 

ഇന്ത്യൻ അതിർത്തിയിൽ നിന്നു കർതാർപുരിലെ ഗുരുദ്വാര വരെയുള്ള ഇടനാഴി നിർമിക്കുന്നത് പാക്കിസ്ഥാനാണ്. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ദേരാ ബാബാ നാനാക്കിൽ നിന്നു അതിർത്തി വരെയുള്ള ഇടനാഴി നിർമിക്കുന്നത്  ഇന്ത്യയാണ്. ദിവസം 5000 പേർ വീതം, ആഴ്ചയിൽ 7 ദിവസവും തീർഥാടന സൗകര്യം ഒരുക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ അംഗീകരിച്ചിട്ടുണ്ട്.നിലവിൽ തീർഥാടകർ ലഹോർ വഴി 4 മണിക്കൂറെടുത്താണ് കർതാർപുരിലെത്തുന്നത്. ഇടനാഴി യാഥാർഥ്യമാകുമ്പോൾ ഗുർദാസ്പുരിൽ നിന്ന് 20 മിനിറ്റ് മതി കർതാർപുരിലെത്താൻ. 

ഇന്ത്യൻ ഭാഗത്തെ ശിലാസ്ഥാപനം 2018 നവംബർ 26ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ചേർന്നു നിർവഹിച്ചപ്പോൾ പാക്ക് ഭാഗത്തെ ശിലാസ്ഥാപനം 28ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് നിർവഹിച്ചത്. ഇന്ത്യയിൽ നിന്ന് കേന്ദ്രമന്ത്രിമാരായ ഹർസിമ്രത് കൗർ ബാദൽ, ഹർദീപ് സിങ് പുരി, പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിദ്ദു എന്നിവരാണ് പാക്കിസ്ഥാനിലെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തത്.

English Summary : PM Modi To Inaugurate Kartarpur Corridor On November 8: Harsimrat Kaur Badal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA