ADVERTISEMENT

ന്യൂഡൽഹി∙ അയോധ്യക്കേസില്‍ ഇന്ന് വാദം അവസാനിപ്പിക്കാനിരിക്കെ സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ. ഹിന്ദുമഹാസഭയുടെ അഭിഭാഷകൻ വികാസ് സിങ് സമർപ്പിച്ച രേഖകൾ സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാൻ കോടതിയിൽ കീറിയെറിഞ്ഞു. അഭിഭാഷകൻ വികാസ് സിങ് നൽകിയ ഭൂപടവും രേഖകളുമാണ് കീറിയെറിഞ്ഞത്. ഇത്തരം വിലകുറഞ്ഞ രേഖകൾ കോടതിയിൽ അനുവദിക്കരുതെന്നും  രാജീവ് ധവാൻ പറഞ്ഞു. ഇതേത്തുടര്‍ന്ന് രൂക്ഷമായ ഭാഷയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പ്രതികരിച്ചു. മാന്യത നശിപ്പിച്ചുവെന്നും ഇറങ്ങിപ്പോകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കുനാൽ കിഷോർ എഴുതിയ 'അയോധ്യ പുനരവലോകനം' എന്ന പുസ്തകത്തെക്കുറിച്ച് ഹിന്ദുമഹാസഭയുടെ അഭിഭാഷകൻ വികാസ് സിങ് കോടതിയില്‍ പരാമർശിച്ചു. എന്നാല്‍ പുസ്തകത്തിൽ നിന്നുള്ള ഉള്ളടക്കങ്ങൾ തെളിവായി സ്വീകരിക്കുന്നതിനെ മുസ്‌ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ എതിർക്കുകയായിരുന്നു.

രാമജന്മഭൂമി എവിടെയെന്ന് പറയുന്ന ഭൂപടവും പുസ്തകത്തിന്റെ ഏതാനും പേജുകളുമാണ് ധവാന്‍ വലിച്ചു കീറിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അയോധ്യക്കേസില്‍ വാദം ഇന്ന് അവസാനിക്കുമെന്നും  കേസില്‍ ഇനി കൂടുതല്‍ ഇടപെടല്‍ അനുവദിക്കില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഒാഗസ്റ്റ് ആറിന് തുടങ്ങിയ പ്രതിദിന വാദംകേൾക്കൽ ഇന്ന് നാൽപതാം ദിവസത്തിലേക്ക്‌ കടക്കുകയാണ്. എല്ലാ കക്ഷികള്‍ക്കും വാദിക്കാനായി നാല്‍പ്പത്തഞ്ച് മിനിറ്റ് വീതം സമയം മാത്രമെ നല്‍കുള്ളൂവെന്നും കോടതി പറഞ്ഞിരുന്നു.

അന്തിമവാദം കേള്‍ക്കാന്‍ ഹിന്ദു സംഘടനകള്‍ കൂടുതല്‍ സമയം തേടിയിട്ടുണ്ട്. നേരത്തെ കേസില്‍ സുപീംകോടതി ബെഞ്ചിന്റെ വിസ്താരത്തില്‍ മുസ്‌ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ അതൃപ്തി അറിയിച്ചിരുന്നു. ബെഞ്ച് തങ്ങളോട് മാത്രമാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും എതിര്‍കക്ഷികളോട് എന്താണ് ചോദ്യങ്ങളൊന്നും ചോദിക്കാത്തതെന്നുമായിരുന്നു രാജീവ് ധവാന്റെ ചോദ്യം. ഒക്ടോബർ പതിനേഴിന് വാദം അവസാനിപ്പിക്കാൻ ആയിരുന്നു കോടതി നേരത്തെ നിശ്ചയിച്ചിരുന്നത്. 

എന്നാൽ ഒരു ദിവസം നേരത്തെ തീർക്കാൻ കക്ഷികളോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതനുസരിച്ച് സുന്നി വഖഫ് ബോർഡിന് ഒരു മണിക്കൂറും, രാമ ജന്മഭൂമി ന്യാസ്‌ ഉൾപ്പെടെ മറ്റ് കക്ഷികൾക്ക്  മുക്കാൽ മണിക്കൂർ വീതവും അന്തിമ വാദത്തിനായി ഇന്ന് സമയം ലഭിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അടുത്തമാസം പതിനേഴിന് വിരമിക്കുന്നതിനാൽ ഇതിന് മുൻപായി കേസിൽ വിധിയുണ്ടാകും.

English Summary: Senior Advocate Rajeev Dhawan representing Muslim parties has a complete meltdown, tears up maps, papers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com