ADVERTISEMENT

പത്തനംതിട്ട ∙ തുലാമഴയുടെ ശക്‌തിക്കു പിന്നിൽ ഇരട്ട എൻജിൻ പോലെ രണ്ടു ന്യൂനമർദങ്ങൾ. ലക്ഷദ്വീപിനും കേരളത്തിനും ഇടയിലെ ന്യൂനമർദമാണ് അടുത്ത നാലു ദിവസത്തേക്കു മഴയെ ശക്‌തിപ്പെടുത്തുക. ഇത് അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി മാറി ഒമാൻ തീരത്തേക്കു നീങ്ങും. ഇതിന്റെ ഫലമായി 24 വരെ ഇവിടെ കനത്ത തുലാമഴ പ്രതീക്ഷിക്കാമെന്ന് ഇന്ത്യൻ കാലാവസ്‌ഥാ കേന്ദ്രം (ഐഎംഡി) പറയുന്നു. 

എന്നാൽ തൊട്ടുപിന്നാലെ ബുധനാഴ്‌ചയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം രൂപപ്പെടുന്നുണ്ട്. ഇത് ആന്ധ്ര തീരം വഴി കരയിലേക്കു കടക്കാനാണ് സാധ്യത. ഇതും കേരളത്തിൽ മഴയെത്തിക്കും. ഇതിനു ശേഷം ശ്രീലങ്കയ്‌ക്കും കന്യാകുമാരിക്കും ഇടയിൽ വീണ്ടുമൊരു ന്യൂനമർദം രൂപപ്പെട്ട് വീണ്ടും ശക്‌തമായ മഴയ്‌ക്കു കളമൊരുക്കുമെന്ന് യുഎസിലെയും ജപ്പാനിലെയും കാലാവസ്‌ഥാ ഏജൻസികൾ പറയുന്നു. ഒക്‌ടോബർ അവസാന വാരത്തിലാവും ഇത് കനത്ത മഴയുമായി കേരളത്തെ പൊതിയുക. നവംബർ ആദ്യവാരവും നല്ല മഴ പ്രതീക്ഷിക്കാം.

നവംബർ–ഡിസംബർ മാസങ്ങളിലേക്കും ഈ വർഷം തുലാമഴ നീളാനാണു സാധ്യത. എന്നാൽ ഇന്ത്യൻ കാലാവസ്‌ഥാ കേന്ദ്രം ഇതു സംബന്ധിച്ച ചില സൂചനകൾ മാത്രമാണ് നൽകിയിരിക്കുന്നത്. തമിഴ്‌നാടിനും കന്യാകുമാരിക്കും ഇടയിൽ രൂപപ്പെടുന്ന ഈ ന്യൂനമർദം തെക്കൻ കേരളത്തിനു മുകളിലൂടെ അറബിക്കടലിലേക്കു വന്നാൽ സംസ്‌ഥാനത്ത് കനത്ത മഴ ലഭിക്കും.  ചൈനയിൽ നിന്നുള്ള മഴമേഘങ്ങളും ഈ സമയം ബംഗാൾ ഉൾക്കടലിൽ എത്താനിടയുണ്ട്. 

2017 നവംബർ അവസാനവും ഡിസംബർ ആദ്യവുമായി കേരളത്തെ തൊട്ടു നാശം വിതച്ചു കടന്നുപോയ ഓഖി ചുഴലിക്കാറ്റിന്റെ സഞ്ചാരവഴിയാവും ഈ ന്യൂനമർദം തിരഞ്ഞെടുക്കുക. ഇത് ചുഴലിക്കാറ്റായി മാറുമോ എന്ന കാര്യത്തിൽ വ്യക്‌തത കൈവന്നിട്ടില്ലെങ്കിലും കേരളവും തമിഴ്‌നാടും ജാഗ്രത പുലർത്തേണ്ട രണ്ടാഴ്‌ചയാണ് വരാൻ പോകുന്നത്. അതേസമയം കേരളം മുതൽ വിദർഭ വരെ നീണ്ടു കിടക്കുന്ന മഴപ്പാത്തിയും കേരളത്തിനും  കർണാടകത്തിനും അനുകൂലമാണ്. 

തുലാവർഷം 18 ശതമാനം അധികം

ഒക്‌ടോബർ 1 മുതൽ ഇന്നലെ വരെയുള്ള തുലാമഴക്കാലത്ത് സംസ്‌ഥാനത്ത് 18 ശതമാനം അധിക മഴ ലഭിച്ചിരിക്കുകയാണ്. 20 സെ.മീ. ലഭിക്കേണ്ട സ്‌ഥാനത്ത് 24 സെ.മീ. മഴ ലഭിച്ചുകഴിഞ്ഞു. കാലവർഷം 12 ശതമാനം അധികമാണ്.  സംസ്‌ഥാനത്തെ മിക്ക അണക്കെട്ടുകളിലും നിലവിൽ 70 മുതൽ 90 ശതമാനം വരെ വെള്ളമുണ്ട്. ഇടുക്കിയിൽ ശേഷിയുടെ 71 ശതമാനവും ശബരിഗിരിയിൽ 70 ശതമാനവുമാണ് ജലനിരപ്പ്. അടുത്ത 10 ദിവസങ്ങളിൽ വരാനിരിക്കുന്ന മഴയുടെ ശക്‌തിയും തോതുമനുസരിച്ച് ചിലപ്പോൾ ഡാമുകളിൽ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com