ADVERTISEMENT

ജമ്മു∙ കശ്മീരിലെ മുഖ്യധാരാ പാർട്ടികളുടെ നേതാക്കൾ, ഹുറിയത്, മത നേതാക്കൾ തുടങ്ങിയവർക്കൊന്നും ഭീകരത കാരണം അവരുടെ മക്കളെ നഷ്ടമായിട്ടില്ലെന്ന് കശ്മീർ ഗവർണർ സത്യപാൽ മാലിക്ക്. കശ്മീരിലെ സാധാരണക്കാരുടെ മക്കളാണു കൊല്ലപ്പെടുന്നത്. കശ്മീരിലെ യുവാ‌ക്കളുടെ സ്വപ്നങ്ങളും ജീവിതവും തകർത്തതു സ്വാധീനവും ശക്തിയുമുള്ള ഒരു വിഭാഗം ആൾക്കാരാണെന്നും കശ്മീർ ഗവർണർ ആരോപിച്ചു. സത്യം മനസ്സിലാക്കി കശ്മീരിലെ ജനങ്ങള്‍ സമാധാനത്തിനായി കേന്ദ്രസർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും കത്ര നഗരത്തിലെ ശ്രീ മാതാ വൈഷ്ണോ ദേവി സർവകലാശാലയിലെ ബിരുദദാന ചടങ്ങില്‍ ഗവർണർ പറഞ്ഞു.

‌ശക്തരായ വിഭാഗക്കാരുടെ കുട്ടികൾ വിദേശത്താണു പഠിക്കുന്നത്. അവരെല്ലാം നല്ല നിലയിലാണ്. എന്നാൽ സാധാരണക്കാരുടെ കുട്ടികളെ ‘സ്വർഗത്തിലേക്കുള്ള വഴി’ കാണിച്ചുകൊടുത്തു മരണത്തിലേക്കു നയിക്കുന്നു. ഇതെല്ലാം നടക്കുന്നത് ഇവിടെയാണ്. ശക്തരായ ഒരു വിഭാഗത്തിൽനിന്നുള്ളവരുടെ മക്കളാരും കൊല്ലപ്പെട്ടിട്ടില്ല. അവരുടെ കുടുംബങ്ങളിൽനിന്നും ആരും ഭീകരതയോടൊപ്പം ചേര്‍ന്നിട്ടുമില്ല. സത്യം മനസ്സിലാക്കാനാണ് കശ്മീരിലെ യുവാക്കളോടും ജനങ്ങളോടും പറയുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ ഇടത്താണു നിങ്ങള്‍ ജീവിക്കുന്നത്. കശ്മീരില്‍ നിങ്ങൾക്ക് ഇപ്പോൾ തന്നെ ഒരു സ്വർഗമുണ്ട്.

സമ്പത്ത് നിങ്ങൾക്കായി തുറന്നുവച്ചിട്ടുള്ള ഇന്ത്യൻ സർക്കാരിന് അതിനെ നൽകുക. ഞങ്ങൾ നിങ്ങളുടെ സ്ഥലത്തെ എവിടെയും കൊണ്ടുപോകില്ല. എല്ലാവരും മുന്നോട്ടുവന്നു വികസനത്തിന്റെ വഴിയുടെ ഭാഗമാകേണ്ടതാണ്. 22,000 കശ്മീരി യുവാക്കൾ പഠനത്തിനായി കശ്മീരിന്റെ പുറത്താണു താമസിക്കുന്നത്. ജമ്മു കശ്മീരിലെ ജനങ്ങളുടെ ആവശ്യങ്ങൾ രാഷ്ട്രീയക്കാർ അവഗണിക്കുകയാണ്. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി മികച്ച വിദ്യാഭ്യാസം കുട്ടികൾക്കു നൽകാൻ നമുക്കു സാധിക്കുന്നില്ല. കശ്മീരിന് നൽകിയ പണം രാഷ്ട്രീയക്കാരും അധികാരികളും നേരെ ഉപയോഗിച്ചിരുന്നെങ്കിൽ ഇന്നു നിങ്ങളുടെ വീടുകളുടെ മേൽക്കൂര സ്വർണം കൊണ്ടുള്ളതാകുമായിരുന്നു– സത്യപാൽ മാലിക്ക് അവകാശപ്പെട്ടു.

English Summary: None of them lost their own to terrorism: J&K governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com