എല്ലാ കണ്ണുകളും എറണാകുളത്ത്; മഴയിൽ ‘കുതിർന്ന’ വോട്ടുകൾ ആരെ തുണയ്ക്കും?

Ernakulam Election Results Kerala Byelection News Infographic-Video Analysis
SHARE

അപ്രതീക്ഷിതമായി കോരിച്ചൊരിഞ്ഞ മഴയിൽ മുന്നണികളുടെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞ കാഴ്ചയായിരുന്നു എറണാകുളം നിയോജകമണ്ഡലത്തിൽ. മഴയെത്തുടർന്ന് ഉപതിരഞ്ഞെടുപ്പിൽ പോളിങ് കുറഞ്ഞപ്പോൾ ലഭിച്ച വോട്ടുകളെല്ലാം ആർക്ക് അനുകൂലമായി എന്നത് അറിയാൻ 24ന് വോട്ടെണ്ണിത്തീരണം. അത്രയേറെയാണ് മഴയിൽ കുതിർന്ന ഓരോ വോട്ടും മുന്നണികളുടെ കണക്കുകൂട്ടലുകളെ കുഴപ്പിക്കുന്നത്. വോട്ടു കുറഞ്ഞത് വിജയപ്രതീക്ഷയെ ബാധിക്കില്ലെന്നാണു തങ്ങളുടെ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളിലൊന്നിൽ ഉറച്ചുനിന്നുള്ള യുഡിഎഫ് പ്രതീക്ഷ. പോളിങ് ശതമാനം കുറഞ്ഞതു വിജയത്തെ ബാധിക്കില്ലെന്നും കണക്കുകൾ ചൂണ്ടിക്കാട്ടി അവർ വിലയിരുത്തുന്നു. 

1957 മുതൽ 2019 വരെ എറണാകുളം നിയോജകമണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കുറവ് വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വിജയം യുഡിഎഫിനൊപ്പമായിരുന്നുവെന്നതാണ് ഈ ആത്മവിശ്വാസത്തിന്റെ ബലം. 2001ൽ കെ.വി.തോമസ് യുഡിഎഫ് സ്ഥാനാർഥിയായിരുന്നപ്പോഴായിരുന്നു ഏറ്റവും കുറഞ്ഞ പോളിങ്–55.17%. അന്ന് സിപിഎം സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യൻ പോളിനെതിരെ 11,844 വോട്ടിനായിരുന്നു തോമസിന്റെ വിജയം. കെ.വി.തോമസ് 51,265 വോട്ട് നേടിയപ്പോൾ സെബാസ്റ്റ്യൻ പോളിന് നേടാനായത് 39,421 വോട്ട്. 

എന്നാൽ പോളിങ് ശതമാനം കുറഞ്ഞപ്പോൾ വിജയം ഇടതുമുന്നണിക്കൊപ്പം നിന്ന കഥയും പറയും എറണാകുളം. 1998ലായിരുന്നു അത്. എറണാകുളം മണ്ഡലത്തിലേക്കു നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പിൽ, 1998ൽ, 57.71% ആയിരുന്നു പോളിങ്. അന്നു വിജയം എൽഡിഎഫ് സ്വതന്ത്രൻ ഡോ. സെബാസ്റ്റ്യൻ പോളിനൊപ്പമായിരുന്നു. എതിരാളിയായിരുന്ന കോൺഗ്രസിന്റെ ലിനോ ജേക്കബിനേക്കാൾ 3940 വോട്ടിനായിരുന്നു ജയം.

എൽഡിഎഫിനു പ്രതീക്ഷയായി 1997ലെ ലോക്സ‌ഭാ ഉപതിരഞ്ഞെടുപ്പ് ഫലവുമുണ്ട്. അന്ന് എറണാകുളം ലോക്സഭാ മണ്ഡലത്തിൽ 50.78% മാത്രമായിരുന്നു പോളിങ്. എറണാകുളം നിയമസഭാ മണ്ഡലത്തിലാകട്ടെ 42.22 ശതമാനവും. വിജയം സെബാസ്റ്റ്യൻ പോളിനൊപ്പമായിരുന്നു. പിന്നീട് എറണാകുളത്ത് ഏറ്റവും വോട്ട് കുറഞ്ഞത് ഇത്തവണ ഉപതിരഞ്ഞെടുപ്പിലാണ്– 57.89%. 2016ലേതിനേക്കാൾ 13.23 ശതമാനം വോട്ടിന്റെ കുറവ്. 61.32% പേർ വോട്ട് ചെയ്ത 1996ലും 67.92% പേർ വോട്ട് ചെയ്ത 1991ലും വിജയം കോൺഗ്രസിനൊപ്പമായിരുന്നു.

എറണാകുളത്ത് ഏറ്റവുമധികം പേർ വോട്ട് ചെയ്ത തിരഞ്ഞെടുപ്പുകളിലൊന്നിലായിരുന്നു സിപിഎമ്മിന്റെ മറ്റൊരു ജയം. മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ടുചെയ്തതിൽ രണ്ടാം സ്ഥാനത്തുള്ള 1987ൽ 77.36% പേര്‍ വോട്ടു ചെയ്തപ്പോൾ വിജയം സിപിഎം സ്വതന്ത്രനായ പ്രഫ. എം.കെ.സാനുവിന് ഒപ്പമായിരുന്നു. 1960ലായിരുന്നു മണ്ഡലത്തിലെ റെക്കോർഡ് പോളിങ്– 87.22%. അന്ന് കോൺഗ്രസിന്റെ എ.എൽ.ജേക്കബിനായിരുന്നു വിജയം.

2006നു ശേഷം ഒരു തിരഞ്ഞെടുപ്പിലും എറണാകുളം നിയമസഭാ മണ്ഡലം 60 ശതമാനത്തിനു താഴേക്കു പോയിട്ടില്ല. 2009ലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഡൊമിനിക് പ്രസന്റേഷനും സിപിഎമ്മിലെ പി.എൻ. സീനുലാലും മത്സരിച്ചപ്പോൾ 64.55% പോളിങ് നടന്നു. കോൺഗ്രസ് ജയിച്ചു.  2011ൽ 71.16% 2016 ൽ 71.72% എന്നിങ്ങനെയായിരുന്നു പോളിങ്. വിജയം കോൺഗ്രസിനായിരുന്നു. 

ബൂത്തുകൾ ‘കണക്ക്’ പറയുന്നു...

പോളിങ് കുറഞ്ഞെങ്കിലും ശക്തി കേന്ദ്രങ്ങളായ ചേരാനല്ലൂർ പഞ്ചായത്തിലും വടുതല മേഖലയിലും  പോളിങ് അത്രകണ്ടു താഴേക്കു പോകാത്തതിലും യുഡിഎഫ് പ്രതീക്ഷ പുലർത്തുന്നുണ്ട്. എല്ലാ ബൂത്തുകളിലും വോട്ടുകൾ കുറഞ്ഞതിനെക്കാൾ കാലാവസ്ഥ ഒരുക്കിയ ‘അനുകൂല സാഹചര്യത്തി’ലാണ് എൽഡിഎഫിന്റെ പ്രതീക്ഷ. ഇതിലും അനുകൂല സാഹചര്യം ഇനി ലഭിക്കാനില്ലെന്നാണ് എൽഡിഎഫ് നേതാക്കൾ പറയുന്നത്.

ഇത്തവണ വൈകിട്ട് 4നു പോലും 25% പോളിങ് നടക്കാത്ത 5 ബൂത്തുകളുണ്ടായിരുന്നു മണ്ഡലത്തിൽ. കഠാരിബാഗിലെ കേന്ദ്രീയ  വിദ്യാലയത്തിലെ 135– ാം നമ്പർ ബൂത്തിൽ 5.21% ആയിരുന്നു 4നു പോളിങ്. ഇവിടെത്തന്നെ 132–ാം നമ്പർ ബൂത്തിൽ 10% പോളിങ് നടന്നു. സെൻട്രൽ സ്കൂളിലെ തന്നെ 133–ാം നമ്പർ ബൂത്തിൽ 24.49% പേർ വോട്ട് ചെയ്തു.  പൊതുവേ നല്ല പോളിങ് നടക്കുന്ന എറണാകുളം സെൻട്രലിലെ 2 ബൂത്തുകളിൽ വോട്ടർമാർ എത്താതിരുന്നത് മൂന്നു മുന്നണികളെയും ഞെട്ടിച്ചു.

ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 93–ാം നമ്പർ  ബൂത്തിൽ വൈകിട്ട് 4നു 19.12% പേരും കലൂർ സെന്റ് അഗസ്റ്റിൻ എൽപിഎസിലെ 81–ാം നമ്പർ ബൂത്തിൽ 23.41% പേരും വോട്ട് ചെയ്തു. വൈകിട്ട് 4ന് 25 ശതമാനത്തിൽ താഴെ വോട്ടർമാരെത്തിയ കഠാരിബാഗിലെ 3 ബൂത്തുകൾ എല്ലാ തിരഞ്ഞെടുപ്പിലും  പിന്നിൽ നിൽക്കുന്നവയാണ്. വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടെങ്കിലും പലരും ഇവിടെ വോട്ട് ചെയ്യാൻ വരാറില്ല. 

മണ്ഡലത്തിൽ എളംകുളം, കലൂർ, അയ്യപ്പൻകാവ് മേഖലകളിലാണ് പോളിങ് കാര്യമായി കുറഞ്ഞത്. വടുതല, തേവര, കോന്തുരുത്തി, എളമക്കര, ചേരാനല്ലൂർ ഭാഗങ്ങളിൽ  അത്ര കണ്ടു കുറഞ്ഞിട്ടില്ല. എങ്കിലും മുൻ തിരഞ്ഞെടുപ്പുകളെക്കാൾ കുറവായിരുന്നു. കലൂർ, നഗര കേന്ദ്ര മേഖലയിലെ രണ്ടു ബൂത്തുകൾ എന്നിവ നല്ല പോളിങ് നടക്കാറുള്ള കേന്ദ്രങ്ങളാണ്. 14 ബൂത്തുകളിൽ യുഡിഎഫ് റീ പോളിങ്ങും ആവശ്യപ്പെട്ടിരുന്നു. മഴയിൽ ചോര്‍ന്നത് ഏതു മുന്നണിയുടെ വോട്ടുബാങ്കാണെന്നതു നിശ്ചയിക്കും ഇത്തവണത്തെ വിജയിയെയെന്നു ചുരുക്കം.

വെള്ളത്തിൽ ‘മുങ്ങുമോ’ നഗരസഭ?

വിജയ പ്രതീക്ഷ പുലർത്തുമ്പോഴും ഭൂരിപക്ഷം എത്ര കണ്ടു കുറയുമെന്ന ചെറിയ ആശങ്ക യുഡിഎഫ് ക്യാംപിലുണ്ട്. പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളിൽ നഗരസഭാ ഭരണത്തിന്റെ പോരായ്മ ചൂണ്ടിക്കാട്ടിയുള്ള പ്രചാരണമായിരുന്നു എൽഡിഎഫിന്റേത്. വോട്ടെടുപ്പു ദിവസം ബൂത്തിലേക്കു പോകുന്ന വോട്ടർമാർക്ക് അതു നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു.  ഈ വികാരം വോട്ടെടുപ്പിൽ അനുകൂലമായി പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.

മണ്ഡലത്തിന്റെ ബഹുഭൂരിപക്ഷം ഭാഗവും കൊച്ചി നഗരസഭാ പ്രദേശങ്ങളാണ്. നഗരസഭയുടെ 24 ഡിവിഷനുകളും ചേരാനല്ലൂർ പഞ്ചായത്തും ചേരുമ്പോൾ എറണാകുളം മണ്ഡലമായി. കൊച്ചി നഗരസഭയും ചേരാനല്ലൂർ പഞ്ചായത്തും യുഡിഎഫാണു ഭരിക്കുന്നത്. കാൽനൂറ്റാണ്ടിലേറെയായി കോർപറേഷൻ കൗൺസിലറും ഇപ്പോൾ ഡപ്യൂട്ടി മേയറുമാണ് യുഡിഎഫ് സ്ഥാനാർഥി ടി.ജെ.വിനോദ്. തിരഞ്ഞെടുപ്പു ഫലം എന്തായാലും ഭരണത്തിന്റെ അവസാന നാളുകളിൽ കോർപറേഷൻ ഭരണ നേതൃത്വത്തിൽ  അഴിച്ചുപണി വേണമെന്ന ആവശ്യം യുഡിഎഫിൽ ശക്തമാകാൻ ഉപതിരഞ്ഞെടുപ്പു നിമിത്തമാകും.

ജയിച്ചാൽ ഡപ്യൂട്ടി മേയർ രാജിവയ്ക്കണം. പുതിയ ഡപ്യൂട്ടി മേയർക്കൊപ്പം  മറ്റു മാറ്റങ്ങളും വരാം. യുഡിഎഫ് പരാജയപ്പെട്ടാൽ പാപഭാരം മുഴുവൻ നഗരസഭാ ഭരണത്തിനായിരിക്കും. 

English Summary: Ernakulam Election Results Kerala Byelection News Infographic-Video Analysis

ഒക്ടോബർ 24 ന് വോട്ടെണ്ണൽ വിവരങ്ങൾ തൽസമയം അറിയാൻ സന്ദർശിക്കുക www.manoramaonline.com/elections

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ