വോട്ടുമല വീണു; 6 ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നഷ്ടം 51,844 വോട്ട്, ഇനിയെന്ത്?

Kerala BJP
ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള.
SHARE

മൂന്നാം മുന്നണിയായി കേരളത്തിൽ ശക്തി കാട്ടാമെന്ന ബിജെപിയുടെയും സംസ്ഥാനത്തെ എൻഡിഎ സഖ്യത്തിന്റെയും സ്വപ്നങ്ങൾക്കും കണക്കുകൂട്ടലുകൾക്കും വീണ്ടും തിരിച്ചടി. പാലാ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് നടന്ന അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ജനപിന്തുണ ബിജെപിക്ക് അനുകൂലമായില്ല. വിജയപ്രതീക്ഷ ഉണ്ടായിരുന്ന മൂന്നു മണ്ഡലങ്ങളിൽ ഒരിടത്തു മാത്രം രണ്ടാം സ്ഥാനത്തെത്തി. മണ്ഡലങ്ങളിൽ മുൻപു ലഭിച്ച വോട്ടിലും വോട്ടുശതമാനത്തിലും ഉണ്ടായ ഗണ്യമായ കുറവിനു പാർട്ടിക്കുള്ളിലും പുറത്തും മറുപടി പറയേണ്ട ഗതികേടിലാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം.

ആറു നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ, തൊട്ടുമുൻപു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ ബിജെപി നയിക്കുന്ന എൻഡിയ്ക്ക് ആകെ നഷ്ടപ്പെട്ടത് 51,844 വോട്ട്. കേരളത്തിൽ 11 ലക്ഷത്തിലേറെപ്പേർ പാർട്ടിയിൽ പുതുതായി ചേർന്നതിന്റെ ആഹ്ളാദവും അഭിമാനവുമാണു ശ്രീധരൻപിള്ള കഴിഞ്ഞദിവസം പങ്കുവച്ചത്. എന്നാൽ അതൊന്നും തിരഞ്ഞെടുപ്പു ഫലത്തിൽ കാണാനില്ലല്ലോയെന്നു കേരളത്തിലെ ഒരുവിഭാഗം നേതാക്കളും കേന്ദ്ര നേതൃത്വം ചോദിക്കുന്നു. ഏതു ‘സുവർണാവസരമാണ്’ ഇനി കാത്തിരിക്കുന്നതെന്ന കേന്ദ്രത്തിന്റെ ചോദ്യം ഏതുനിമിഷവും ഉയരാമെന്ന ആശങ്കയിലാണു സംസ്ഥാന നേതാക്കൾ.

മഞ്ചേശ്വരം, വട്ടിയൂർക്കാവ്, കോന്നി എന്നീ മണ്ഡലങ്ങളിലാണു ബിജെപി ഉപതിരഞ്ഞെടുപ്പുകളിൽ കൂടുതലായി ശ്രദ്ധിച്ചത്. മുൻ തിരഞ്ഞെടുപ്പുകളിലെ കണക്കുകളും പ്രതീക്ഷയ്ക്കു വകയുള്ളതായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തെപ്പോലെ ശബരിമല വിഷയം വീണ്ടും പ്രചാരണായുധമാക്കിയെങ്കിലും രാഷ്ട്രീയക്കാറ്റ് മാറിയാണു വീശിയത്.  വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ബിജെപി കഴിഞ്ഞതവണ രണ്ടാമതെത്തിയിരുന്നു. സിറ്റിങ് സീറ്റായ നേമം കഴിഞ്ഞാൽ പാർട്ടിക്ക് ഏറ്റവും വളർച്ചയും സ്വാധീനവും സാധ്യതയുമുള്ള മണ്ഡലങ്ങളാണു രണ്ടും. ലോക്സഭയിൽ ബിജെപിക്കു റെക്കോർഡ് കുതിപ്പുണ്ടായ മണ്ഡലങ്ങളിലൊന്നാണു കോന്നി. ഈ സ്വാധീനമണ്ഡലങ്ങളിലെ വോട്ടുചോർച്ചയിലും ദുർബലമായ മത്സരത്തിലും കൈകഴുകൽ എളുപ്പമാകില്ല. 

2016 ൽ കെ.സുരേന്ദ്രൻ 89 വോട്ടിനു തോറ്റ മഞ്ചേശ്വരത്ത്, രവീശ തന്ത്രി കുണ്ടാർ രണ്ടാം സ്ഥാനം നിലനിർത്തിയതും ഒപ്പം മണ്ഡ‍ലത്തിൽ 703 വോട്ട് വര്‍ധിപ്പിച്ചതും മാത്രമാണ് ഈ ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ ‘നേട്ടം’. വോട്ടുശതമാനത്തിൽ പക്ഷേ കുറവാണുണ്ടായത്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 35.74% (56,781) വോട്ടുണ്ടായിരുന്നത് ഉപതിരഞ്ഞെടുപ്പിൽ 35.32% (57,484) ആയി. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തു ബിജെപിയുടെ വോട്ടുവിഹിതം 35.48% ആയിരുന്നു (57,104 വോട്ടുകൾ). 

ന്യൂനപക്ഷങ്ങൾക്കു സ്വാധീനമുള്ള മണ്ഡലത്തിൽ യുഡിഎഫിന്റെ മുസ്‍ലിം ലീഗ് സ്ഥാനാർഥി എം.സി.ഖമറുദ്ദീൻ 7923 വോട്ടാക്കി (ആകെ വോട്ട് 65,407) ഭൂരിപക്ഷം ഉയർത്തിയാണു ബിജെപിയുടെ അവകാശവാദങ്ങൾക്കു മറുപടി നൽകിയത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍ മത്സരിച്ച കോന്നിയായിരുന്നു മറ്റൊരു ശ്രദ്ധാമണ്ഡലം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ നടത്തിയ മുന്നേറ്റത്തിൽ ലഭിച്ച ജയസൂചനയാണ് കെ.സുരേന്ദ്രന് കോന്നിയിൽ സ്ഥാനാർഥിത്വം സമ്മാനിച്ചത്. 

23 വർഷം അടൂർ പ്രകാശിലൂടെ യുഡിഎഫ് കുത്തകയാക്കിയ മണ്ഡലത്തിൽ, ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അവരുമായി 3161 വോട്ടിന്റെ മാത്രം വ്യത്യാസമേയുള്ളൂ എന്നതിലായിരുന്നു ബിജെപിയുടെ കണ്ണ്. രണ്ടാമതെത്തിയ സിപിഎമ്മിന്റെ വീണാ ജോർജുമായുള്ള വോട്ടുവ്യത്യാസമാകട്ടെ 440 ആയിരുന്നു. സുരേന്ദ്രന്റെ വരവോടെ ആദ്യമായി ത്രികോണ മത്സരത്തിനു കച്ചകെട്ടിയ കോന്നി, മുൻപെങ്ങുമില്ലാത്തവിധം ജാതി, മത വിഷയങ്ങൾ കൂടി ചർച്ച ചെയ്തു. സഭാതർക്കത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഉടലെടുത്ത തർക്കങ്ങളിൽ ഒരു വിഭാഗം ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്യുമെന്ന പ്രതീതിയും കോന്നിയുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ ഉയർന്നിരുന്നു.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോന്നി നിയമസഭാ മണ്ഡലത്തിൽ മാത്രം 46,506 (32.17%) വോട്ടു നേടി ബിജെപി മൂന്നാമതെത്തിയിരുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ (16,713) കൂടുതലായി സ്വന്തമാക്കിയത് 29,793 വോട്ട്. ഈ കുതിപ്പ് ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിൽ അതേ തന്ത്രങ്ങളുമായി കെ.സുരേന്ദ്രൻ കോന്നിയിൽ വീണ്ടും അവതരിച്ചപ്പോൾ ബിജെപിക്കു കിട്ടിയത് 39,786 വോട്ടും (28.65%) മൂന്നാം സ്ഥാനവും. ലോക്സഭയിലേതിനേക്കാൾ 6720 വോട്ടിന്റെ കുറവ്. കെ.യു.ജനീഷ് കുമാർ 54,099 (38.96%) വോട്ടുമായി അട്ടിമറിജയം നേടിയപ്പോൾ സിപിഎമ്മിനു കൂടിയത് 7153 വോട്ട്. രണ്ടാമതെത്തിയ കോൺഗ്രസിന്റെ പി.മോഹൻരാജിനും വോട്ട് കുറഞ്ഞു– 5521.

കുമ്മനം രാജശേഖരൻ സ്ഥാനാർഥിയായാൽ ഉറപ്പായും ജയിക്കുമെന്ന് എതിരാളികൾ ആശങ്കപ്പെട്ട വട്ടിയൂർക്കാവിൽ, ബിജെപിക്കുള്ളിലെ പടലപ്പിണക്കമാണ് ഒരുപക്ഷെ പാർട്ടിക്ക് ലഭിക്കേണ്ട സുവർണാവസരത്തെ തട്ടിക്കളഞ്ഞത്. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ് അപ്രതീക്ഷിത സ്ഥാനാർഥിയായി. പാർട്ടി തീരുമാനത്തോടു കുമ്മനത്തിനും അനുയായികൾക്കുമുണ്ടായ നീരസവും മുതിർന്ന പ്രചാരകനെ മാറ്റിനിർത്തിയതിൽ ആർഎസ്എസിനുള്ള അമർഷവും പ്രചാരണത്തെ ബാധിച്ചുവെന്നു വേണം വിലയിരുത്താൻ. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വവും ശബരിമല വിഷയം ഏശാതെ പോയതും സമുദായ സംഘടനകളുടെ ഇടപെടലും മണ്ഡലത്തിൽ ബിജെപിയുടെ പരാജയം കുറിച്ചെന്നാണു പ്രാഥമിക സൂചന.

കുമ്മനത്തിലൂടെ കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഉപതിരഞ്ഞെടുപ്പിൽ മൂന്നാമതായി. സ്വാധീനമണ്ഡലത്തിൽ പാർട്ടി വോട്ടുകൾ പോലും ബിജെപിക്കു കിട്ടിയില്ലെന്നു ഫലം വ്യക്തമാക്കുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 43,700 (31.87%), ലോക്സഭയിൽ 50,709 (37.39%) വോട്ടുകൾ നേടിയ ബിജെപി, ഇത്തവണ 27,453 (22.16%) വോട്ടിലേക്കു കൂപ്പുകുത്തി. അരലക്ഷത്തിൽനിന്ന് അഞ്ചു മാസം കൊണ്ടു നഷ്ടപ്പെട്ടത് 23,256 വോട്ട്. പിന്നിട്ട രണ്ടു തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും പിന്നിലായി മണ്ഡലത്തിൽ മൂന്നാമതായി ഒതുങ്ങേണ്ടിവന്ന സിപിഎം ആകട്ടെ ‘മേയർ ബ്രോ’ വി.കെ.പ്രശാന്തിലൂടെ അട്ടിമറി ജയം സ്വന്തമാക്കി. ലോക്സഭയേക്കാൾ 25,416, നിയമസഭയേക്കാൾ 14,389 വോട്ടാണു എൽഡിഎഫിനു കൂടിയത്.

എറണാകുളത്ത് 2016 നിയമസഭയിൽ 14,878 (13.46%), 2019 ലോക്സഭയിൽ 17,769 (15.91%) വോട്ട് ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ സി.ജി.രാജഗോപാലിലൂടെ നേടാനായത് 13,351 (14.85%) വോട്ടു മാത്രം. കുറവ് ലോക്സഭയിലേതിനേക്കാൾ 4418 വോട്ട്. ബിഡിജെഎസ് പിന്മാറിയ അരൂരിൽ 2016 നിയമസഭയിൽ 27,753 (17.14%), 2019 ലോക്സഭയിൽ 25,250 (15.89%) വോട്ട് ഉണ്ടായിരുന്നിടത്ത് ഉപതിരഞ്ഞെടുപ്പിൽ അഡ്വ. പ്രകാശ് ബാബുവിലൂടെ ബിജെപിക്കു നേടാനായത് 16,289 (10.54%) വോട്ടു മാത്രം. ലോക്സഭയിലേതിനേക്കാൾ 8961 വോട്ടിന്റെ കുറവ്.

അഞ്ചു ഉപതിരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുൻപു നടന്ന പാലാ ഉപതിരഞ്ഞെടുപ്പിലും എൻഡിഎയ്ക്കു വോട്ടു കുറഞ്ഞു. 2016 നിയമസഭയിൽ 24,821ഉം 2019 ലോക്സഭയിൽ 26,533ഉം വോട്ടുകിട്ടിയ മുന്നണിക്കു ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിയിലൂടെ നേടാനായത് 18,044 വോട്ട് മാത്രം – കുറഞ്ഞതു ലോക്സഭയിലേതിനേക്കാൾ 8,489 വോട്ട്. 

ലോക്സഭയിൽ അക്കൗണ്ട് തുറക്കാനോ ലക്ഷ്യമിട്ട മുന്നേറ്റത്തിനോ കഴിഞ്ഞില്ല. ന്യൂനപക്ഷങ്ങൾക്കു പാർട്ടിയോടുള്ള ഭയപ്പാടു നീങ്ങിയതിന്റെ തെളിവായി ഉപതിരഞ്ഞെടുപ്പു ഫലം മാറുമെന്ന വിശകലനവും യാഥാർഥ്യമായില്ല. ഡിസംബറിൽ പുതിയ സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാനിരിക്കെ, സംസ്ഥാന നേതൃത്വത്തിൽ പി.എസ്.ശ്രീധരൻപിള്ളയുടെ പ്രസിഡന്റ് കസേരയ്ക്കു ഇളക്കമുണ്ടാകുമോ എന്നതാണു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

English Summary: Total votes lost BJP - NDA in latest Kerala bypolls 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA