ADVERTISEMENT

അര ലക്ഷത്തിലധികം വോട്ടു നേടിയിട്ടും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ പലയിടത്തും ബിജെപിക്ക് ഇപ്പോഴും തൊട്ടുകൂടായ്മ. പലയിടത്തും ബിജെപിയെ സ്വീകരിക്കാൻ ഇനിയും ജനം തയാറായിട്ടില്ല. തുടർച്ചയായി പലതവണ രണ്ടാം സ്ഥാനത്തെത്തിയിട്ടും ഒന്നിലേറെ ബൂത്തുകളിൽ ഇത്തവണ കിട്ടിയത് നാമമാത്ര വോട്ടുമാത്രം. ഉപതിരഞ്ഞെടുപ്പിൽ ഒരു ബൂത്തിൽ ഒരു വോട്ടും മറ്റൊരു ബൂത്തിൽ മൂന്ന് വോട്ടുമാണ് കിട്ടിയത്. ചില ബിജെപി ശക്തികേന്ദ്രങ്ങളിൽ വിജയിച്ച യുഡിഎഫിനും അഞ്ചു ബൂത്തിൽ നാമമാത്ര വോട്ടേ കിട്ടിയുള്ളൂ എന്നിൽ തെളിയുന്നത് മഞ്ചേശ്വരത്തിന്റെ രാഷ്ട്രീയ ചിത്രം.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടിനു മാത്രം വിജയിച്ച യുഡിഎഫിന്റെ മുസ്‌ലിംലീഗ് സ്ഥാനാർഥിയെക്കാൾ നൂറ് ഇരട്ടിയോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലം യുഡിഎഫിനു സമ്മാനിച്ചത്. ശക്തമായ ത്രികോണ മത്സര പ്രതീതി സൃഷ്ടിച്ചെങ്കിലും എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റൈയ്ക്കും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് കണക്കുകൾ പറയുന്നത്. ബിജെപിയാകട്ടെ കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളെക്കാൾ കുറച്ച് വോട്ടുകൾ അധികം നേടി വോട്ട് ചോർച്ചയില്ലെന്ന് ഉറപ്പാക്കി രണ്ടാം സ്ഥാനം നേടി മാനം കാത്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച പി.ബി.അബ്ദുൽ റസാഖിനെക്കാൾ 9 ബൂത്തുകളിൽ ഒന്നാം സ്ഥാനം നേടിയിട്ടും 89 വോട്ടിനു തോൽക്കാനായിരുന്നു ബിജെപിയുടെ കെ.സുരേന്ദ്രനും യോഗം. ഇക്കുറി വ്യക്തമായ മേധാവിത്വത്തോടെ തന്നെയാണ് എം.സി. ഖമറുദീൻ ജയിച്ചുകയറിയത്. മൊത്തമുള്ള 198 ബൂത്തിൽ 107 ലും ലീഡു നേടാൻ ഖമറുദീനു കഴിഞ്ഞു. രണ്ടാമതെത്തിയ ബിജെപിയുടെ രവീശ തന്ത്രി 74 ൽ ബൂത്തിൽ ഒന്നാമനായി. എന്നാൽ ഇടതു മുന്നണിയുടെ ശങ്കർ റൈ 17 ബൂത്തിൽ മുന്നേറി. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 110 ലും ബിജെപി 78 ലും എൽഡിഎഫ് പത്തിലുമാണ് ഒന്നാമതെത്തിയത്. ഇത്തവണ ഏഴ് ബൂത്തുകളിൽക്കൂടി മുന്നേറാൻ ഇടതുമുന്നണിക്കായി.

ബിജെപിക്കാകട്ടെ കഴിഞ്ഞ തവണത്തെക്കാൾ മിക്ക ബൂത്തിലും കാര്യമായ വ്യത്യാസമില്ലെന്നാണു കണക്ക്. എന്നാൽ ലോക്സഭയിലേക്ക് ഒരു വോട്ടും കിട്ടാതിരുന്ന കുമ്പള പഞ്ചായത്തിലെ മൊഗ്രാൽ 157 ാം നമ്പർ ബൂത്തിൽ ഇത്തവണ ഒരു വോട്ടാണ് ബിജെപിക്കു കിട്ടിയത്. കഴിഞ്ഞ തവണ രണ്ട് വോട്ടു കിട്ടിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ നാലു വോട്ട് കിട്ടിയ തൊട്ടടുത്ത 160 നമ്പർ ബൂത്തിൽ ഇത്തവണ മൂന്നു വോട്ടായി കുറഞ്ഞു.157 ാം ബൂത്തിൽ ഖമറുദീൻ 670 വോട്ടും ഇടതുമുന്നണി 251 വോട്ടും നേടി. 160 ാം ബൂത്തിൽ ഇടതുമുന്നണി 124 വോട്ടു നേടി. 23 ബൂത്തുകളിൽ ഇടതുമുന്നണിക്ക് 100 ൽ താഴെ വോട്ടാണു കിട്ടിയത്. ബിജെപി 21 ബൂത്തിലും യുഡിഎഫ് 12 ബൂത്തിലും നേടിയത് നൂറിൽ താഴെ വോട്ടാണ്. 

എം.സി. ഖമറുദീന് ഏറ്റവുമധികം വോട്ട് കിട്ടിയത് മംഗൽപ്പാടിയിലെ ഏഴാം വാർഡിലെ 84 ാം ബൂത്തിലാണ്– 716 വോട്ട്. മംഗൽപ്പാടി 67 ാം ബൂത്തിൽ 640 വോട്ടും കുമ്പള 160 ാം ബൂത്തിൽ 670 വോട്ടുമാണു കിട്ടിയത്. മഞ്ചേശ്വരത്തെ 24 ാം ബൂത്തിൽ കിട്ടിയ 696 വോട്ടും കൂടിയ വോട്ടിന്റെ പട്ടികയിലുണ്ട്.

വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും ഖമറുദീന് മൂന്ന് ബൂത്തുകളിൽ 25 ൽ താഴെ വോട്ടേ നേടാനായുള്ളു. എൻമകജെ പഞ്ചായത്ത് ആറാം വാർഡിലെ മൂന്നു ബൂത്തുകളിലാണ് ഈ നാമമാത്ര വോട്ട്. 195 നമ്പർ ബൂത്തിൽ കിട്ടിയ 16 വോട്ടാണ് ഖമറുദീനു കിട്ടിയ ഏറ്റവും കുറവ്. 194 ൽ 27, 198 ൽ 42 എന്നിങ്ങനെയാണു വോട്ട്. കുമ്പള പഞ്ചായത്തിലെ ആറാം വാർഡിലെ ഹോളി ഫാമിലി (145) ബൂത്തിൽ 23 വോട്ടും 150 ാം നമ്പർ നാരായണമംഗലം ബൂത്തിൽ 32 വോട്ടും കിട്ടിയപ്പോൾ പുത്തിഗെ പഞ്ചായത്ത് 165ാം നമ്പർ ജിച്ച് എസ് ബൂത്തിൽ 23 വോട്ടേയുള്ളൂ 173 ാം നമ്പർ ബൂത്തിൽ 53 വോട്ടും. എൽഡിഎഫിലെ ശങ്കർ റൈയ്ക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത് പുത്തിഗെയിലെ 165 ാം ബൂത്തിലാണ് – 561 വോട്ട്. ഏറ്റവും കുറവ് മംഗൽപ്പാടി 68 ാം ബൂത്തിലാണ് – 53 വോട്ട്. 

ബിജെപി സ്ഥാനാർഥിക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത് കുമ്പള പഞ്ചായത്തിലെ 150 ാം നമ്പർ  നാരായണമംഗലം ബൂത്തിലാണ് – 744 വോട്ട്. ഇവിടെ യുഡിഎഫിന് 32 വോട്ടും എൽഡിഎഫിന് 131 വോട്ടും മാത്രം. മഞ്ചേശ്വരം പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഒൻപതാം ബൂത്തിൽ 739 വോട്ടും പുത്തിഗെയിലെ സൂര്യംബയൽ 173 ാം ബൂത്തിൽ 740 വോട്ടും പൈവെളിഗെ ഒന്നാം വാർഡിലെ 122 ാം ബൂത്തിൽ 658  വോട്ടും വോർക്കാടി 38 നമ്പർ ബൂത്തിൽ 630 വോട്ടും നേടി മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം, കുമ്പള മൂന്നാം വാർഡ് 133 ജി എച്ച് എന്ന ബൂത്തിലും അംഗാടി മുരുക് 165 നമ്പർ ബൂത്തിലും 23 വോട്ടും മംഗൽപ്പാടി 67 നമ്പർ ബൂത്തിൽ 27 വോട്ടും മാത്രമാണ് ബിജെപിക്ക് കിട്ടിയത്. ആകെ ഉണ്ടായിരുന്ന നാല് പോസ്റ്റൽ വോട്ടും ബിജെപി സ്ഥാനാർഥി രവീശ തന്ത്രിക്കായിരുന്നു.

മുന്നണി സ്ഥാനാർഥികൾ വോട്ട് വാരിക്കൂട്ടിയപ്പോൾ ഇവരെയൊന്നും വേണ്ടെന്നു പറഞ്ഞവർ 574. മംഗൽപ്പാടി മൂന്നാം വാർഡ് ജിഎച്ച്എസ് (98) ബൂത്തിൽ 24 പേർ നോട്ടയ്ക്ക് വോട്ടു ചെയ്തു. ഈ ബൂത്തിലാണ് ഏറ്റവും കൂടുതൽ പേർ എല്ലാ സ്ഥാനാർഥികളെയും നിരസിച്ചത്. പൈവെളിഗെ പഞ്ചായത്തിലെ കൂട്ടർ മർക്കല 117 നമ്പർ ബൂത്തിൽ 14 പേരും എല്ലാ സ്ഥാനാർഥികളെയും നിരസിച്ചു. 23 ബൂത്തുകളിൽ ആരും നിരാസവോട്ട് ചെയ്തില്ല. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ വോട്ടുകൾ മിക്ക ബൂത്തിലും ബിജെപിയും യുഡിഎഫും നേടി. ആറായിരം വോട്ട് അധികം നേടിയിട്ടും ബിജെപിയെ പിന്തള്ളി രണ്ടാം സ്ഥാനം പോലും നേടാൻ ഇത്തവണയും ഇടതുമുന്നണിക്കായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com