4 ൽ നിന്ന് 136 ലേക്ക് വട്ടിയൂർക്കാവിൽ ബിജെപി മുട്ടുകുത്തി; യുഡിഎഫും

Mail This Article
തിരഞ്ഞെടുപ്പിൽ മുന്നണിക്ക് അഭിമാന പോരാട്ടമായി മാറിയ വട്ടിയൂർക്കാവിൽ ഇടതു മുന്നണി ഏറെക്കാലത്തിനു ശേഷം തലയുയർത്തി നിന്നു. മേയർ വി.കെ. പ്രശാന്തിനെ സ്ഥാനാർഥിയാക്കിയതിലൂടെ മറ്റുള്ളവരെ നിഷ്പ്രഭമാക്കായാണ് തലസ്ഥാനജില്ലയിലെ മണ്ഡലത്തിൽ വർഷങ്ങളുടെ ‘പേരു ദോഷം’ ഇടതുമുന്നണി മാറിയത്.
കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽകളിലെ മൂന്നാം സ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തേക്കു ഇടതുമുന്നണി കുതിച്ചത് വളരെ വേഗത്തിൽ. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിൽ ഒന്നും രണ്ടും സ്ഥാനത്ത് നിന്ന ബിജെപി മൂന്നാം സ്ഥാനത്തായതിന്റെ ചർച്ചയിലാണ് രാഷ്ട്രീയ കേരളം.
അഞ്ച് മാസം മുമ്പ് നടന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ വെറും 27,000 വോട്ട് മാത്രം നേടിയ ഇടതുമുന്നണി, ഇക്കുറി ബിജെപിയെ ആ നിലയിലേക്കു തന്നെ പിന്തള്ളി. ഉപതിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് ബൂത്തുകളിൽ ഇടതു മുന്നണി നടത്തിയത് . മൊത്തമുള്ള 168 ബൂത്തിൽ 136 ലും ഒന്നാമനായത് വി.കെ.പ്രശാന്ത്.
യുഡിഎഫിന്റെ ഡോ.കെ. മോഹൻകുമാർ 23 ബൂത്തിൽ മാത്രമാണ് മുന്നിലെത്തിയത്. ബിജെപിയുടെ എസ്. സുരേഷ് ആകട്ടെ വെറും ഒൻപത് ബൂത്തിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ മികച്ച പ്രകടനം കൂടിയാണ് ഇടതുമുന്നേറ്റത്തിൽ ഒലിച്ചുപോയത്.

17 ബൂത്തിൽ ബിജെപിക്കു രണ്ടാം സ്ഥാനം നേടാനായപ്പോൾ, വിജയിയായ വി.കെ. പ്രശാന്ത് രണ്ട് ബൂത്തിൽ മൂന്നാം സ്ഥാനത്തായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2019 മേയിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൊത്തമുള്ള 167 ബൂത്തിൽ 77 ലും ബി ജെ പി ഒന്നാമതായിരുന്നു. വെറും നാല് ബൂത്തിൽ മാത്രം ലീഡ് ചെയ്ത ഇടതു മുന്നണിയാണ് 136 ബൂത്തിൽ മുന്നേറി ‘റോക്കറ്റ് കുതിപ്പ്’ നടത്തിയത്. അന്ന് 86 ബൂത്തിൽ മുന്നിലെത്തിയ യുഡിഎഫ് 23 ലേക്കും വീണു.

2014 ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഒന്നാമതെത്തിയത് ബിജെപിയാണ്. 43,589 വോട്ട്. തൊട്ടുപിന്നിൽ ശശി തരൂർ 40,643. മൂന്നാമതായ ഇടതുമുന്നണിക്ക് 27,504 വോട്ടു മാത്രം. ഒന്നാമതെത്തിയതിന്റെ ബലത്തിൽ 2016 ലെ നിയമസഭാ പോരാട്ടത്തിൽ സംസ്ഥാന അധ്യക്ഷൻ കമ്മനം രാജശേഖരനെ ഇറക്കി മണ്ഡലം പിടിക്കാനുള്ള ബിജെപി മോഹം പക്ഷേ, നടന്നില്ല.
കോൺഗ്രസ് നേതാവ് കെ.മുരളീധരനു മുന്നിൽ കുമ്മനം വീണു. 146 ബൂത്തുകളിൽ 85ലും ലീഡ് യുഡിഎഫിന് .51,322 വോട്ടാണ് അന്ന് മുരളീധരൻ നേടിയത്. 47 ബൂത്തിൽ മാത്രം ലീഡ് നേടിയ കുമ്മനത്തിന് 43,700 വോട്ട് .മൂന്നാമതായ സിപിഎമ്മിന്റെ ടി.എൻ.സീമയ്ക്ക് ലീഡ് വെറും 14 ബൂത്തിലും.

ബിജെപിയെ തളയ്ക്കാൻ സിപിഎം വോട്ട് മറിച്ചെന്നായിരുന്നു അന്ന് ആരോപണം. എന്നാൽ സിപിഎമ്മിന്റ ഇപ്പോഴത്തെ മികച്ച വിജയം ആ സംശയം ശരിവയ്ക്കും മുമ്പ് ആർഎസ്എസ് വോട്ട് സിപിഎം നേടി എന്ന ചർച്ചയാണ് നിരീക്ഷകരിൽ സജീവം. കുമ്മനം സ്ഥാനാർത്ഥിയാകാത്തതിലെ നിരാശയും എൻഎസ്എസ് നിലപാടും ആർഎസ്എസിനെ മാറ്റി ചിന്തിപ്പിച്ചു എന്നാണ് വിലയിരുത്തൽ. ഇതിന്റെ സത്യത്തിലേക്ക് ഇനിയും ഏറെ പോകേണ്ടതുണ്ട്.
നാലാഞ്ചിറയിലെ അഞ്ച് ബൂത്തിലും നഗരത്തിലെ പേരൂർക്കട, കുറവൻകോണം' കവടിയാർ , പട്ടം, നന്തൻകോട്, കുശവർക്കൽ, ജവഹർ നഗർ, പാറ്റൂർ മേഖലകളിലെ ഒന്നു രണ്ട് ബൂത്തുകളിലും ശാസ്തമംഗലത്തെ മൂന്ന് ബൂത്തിലുമാണ് യുഡിഎഫ് മുന്നിലെത്തിയത്. ശാസ്തമംഗലത്തെ മറ്റു മൂന്നു ബൂത്തുകളിൽ ബിജെപിയാണ് ലീഡ് നേടിയത്.
മണികണ്ഠേശ്വരത്തെ രണ്ടും കൊടുങ്ങാനൂർ, വലിയവിള, തിരുമല , പിടിപി നഗർ. എന്നിവിടങ്ങളിലെ ഓരോ ബൂത്തും ബിജെപി ക്ക് ലീഡ് നൽകിയപ്പോൾ മണ്ഡലത്തിലെ എല്ലാ ഭാഗത്തുമായി മറ്റെല്ലാ ബൂത്തുകളിലും വി കെ.പ്രശാന്തിന് മികച്ച മുന്നേറ്റമാണ് നൽകിയത്.
കോന്നിയിലെ അട്ടിമറിക്ക് ‘തിളക്കമേറെ’
ഇടതു മുന്നണി ഉജ്വല വിജയം നേടിയ കോന്നിയിൽ വൻ അട്ടിമറിയാ ണ് ഇടതു മുന്നണി നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വെറും 60 ബൂത്തിൽ മാത്രം മുന്നേറി രണ്ടാം സ്ഥാനത്തായിരുന്ന ഇടതുമുന്നണി 114 ബൂത്തിലാണ് ഉപതിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത്.
യുഡിഎഫ് ആകട്ടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 156 ബൂത്തിലും ലോക്‌സഭയിലേക്ക് 87 ബൂത്തിലും നേടിയ മേൽകൈ 56 ബൂത്തിലേക്ക് ചുരുങ്ങി. വോട്ട് വിഹിതത്തിലും വൻ ഇടിവുണ്ടായി. ലോക്സഭയിലേക്ക് കിട്ടിയതിലും ആറായിരം വോട്ട് കുറഞ്ഞ് മൂന്നാം സ്ഥാനത്തു തന്നെ നിൽക്കുന്ന ബിജെപിയുടെ കെ.സുരേന്ദ്രന് കഴിഞ്ഞ തവണ ഒന്നാം സ്ഥാനം കിട്ടിയ 24 ബൂത്തിൽ മുന്നേറാനായില്ല. ലോക്സഭയിലേക്ക് 65 ബൂത്തിൽ ഒന്നാമതെത്തിയ സുരേന്ദ്രൻ ഇത്തവണ 41 ബൂത്തിൽ മാത്രമാണ് ലീഡ് ചെയ്തത്.
മണ്ഡലത്തിലെ 11 ൽ എട്ടു പഞ്ചായത്തിലും എൽഡിഎഫിനാണ് ലീഡ്. മൈലപ്ര (671 വോട്ട് ഭൂരിപക്ഷം). കോന്നി ( 630) പ്രമാടം (87) പഞ്ചായത്തുകളിൽ യുഡിഎഫ് ഭൂരിപക്ഷം നേടി. മലയാലപ്പുഴ, കലഞ്ഞൂർ, ഏനാദിമംഗലം, ചിറ്റാർ പഞ്ചായത്തുകളിൽ ബിജെപി നേടിയ രണ്ടാം സ്ഥാനം മറ്റു രണ്ടു മുന്നണികളെയും ആശങ്കപ്പെടുത്തുന്നതാണ്.
പ്രമാടത്ത് രണ്ടാം സ്ഥാനത്തായ എൽഡിഎഫും മൂന്നാമതെത്തിയ ബിജെപിയും തമ്മിലുള്ള വ്യത്യാസം 300 വോട്ടാണ്. കോന്നിയിലും എൽഡിഎഫിനെക്കാൾ 634 വോട്ട് മാത്രമാണ് ബിജെപി ക്ക് (5083) കുറവ്. വള്ളിക്കോട്ട് യുഡിഎഫിനെക്കാൾ 306 വോട്ടു കുറവിലാണ് ബിജെപി മൂന്നാം സ്ഥാനത്തായത്.
ബിജെപി രണ്ടാമത്തെത്തിയ പഞ്ചായത്തുകളിൽ യുഡിഎഫ് - എൽഡിഎഫ് അന്തരം കൂട്ടിയത് ജനീഷ് കുമാറിന്റെ ഭൂരിപക്ഷം മികച്ചതാക്കി. സീതത്തോട്ടിൽ കിട്ടിയ 3136 വോട്ടിന്റെ ഭൂരിപക്ഷമാണ് ജനീഷ് കുമാറിന്റെ തിളക്കമുള്ള ഭൂരിപക്ഷം.
English Summary: Development mantra gets thumbs-up, vattiyoorkavu election analysis