ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യ ഇന്ത്യയുടെ മൂല്യവത്തായ സുഹൃത്തെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ സൗദി സന്ദർശനത്തിനായി തിങ്കളാഴ്ച രാത്രി റിയാദിലെത്തിയ പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് സൗദി അറേബ്യയുമായുള്ള ബന്ധത്തെക്കുറിച്ചു പറഞ്ഞത്. ‘സൗദി അറേബ്യയിൽ വന്നിറങ്ങി. ഒരു മൂല്യവത്തായ സുഹൃത്തുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനു സുപ്രധാന സന്ദർശനത്തിന്റെ തുടക്കം കുറിക്കുന്നു. ഈ സന്ദർശന വേളയിൽ വിപുലമായ പരിപാടികളിൽ പങ്കെടുക്കും’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

‘ഇന്ത്യയും സൗദിയും സൗഹൃദപരവുമായ ബന്ധം ആസ്വദിക്കുന്നു. ഇന്ത്യയുടെ ഊർജ ആവശ്യങ്ങളുടെ വലിയ വിതരണക്കാരിൽ ഒരാളാണ് സൗദി അറേബ്യ’– ന്യൂഡൽഹിയിൽ നിന്നു പുറപ്പെടുന്നതിനു മുൻപ് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ സ്ഥാപിക്കുന്നതിനുള്ള കരാർ ഇന്ത്യ-സൗദി അറേബ്യ പങ്കാളിത്തത്തെ പുതിയ തലത്തിലേക്ക് ഉയർത്തുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. 2024 ഓടെ രാജ്യം 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കു മുന്നേറുമ്പോൾ ഇന്ത്യയിലെ ആഗോള നിക്ഷേപകർക്കു വർധിച്ചുവരുന്ന വ്യാപാര, നിക്ഷേപ അവസരങ്ങളെക്കുറിച്ചു സംസാരിക്കും.

സൗദി അറേബ്യയുടെ ഉന്നത വാർഷിക ധനകാര്യ സമ്മേളനത്തിന്റെ മൂന്നാം പതിപ്പിൽ പങ്കെടുക്കുന്ന മോദി ഗൾഫ് രാജ്യത്തിന്റെ ഉന്നത നേതൃത്വവുമായി ഉഭയകക്ഷി ചർച്ചയും നടത്തും. ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഓർഗനൈസേഷനിൽ (എഫ്ഐഐ) ''ഇന്ത്യയ്ക്ക് അടുത്തത് എന്താണ്?'' എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും അതിന്റെ വെല്ലുവിളികളെക്കുറിച്ചും വളർച്ചയ്ക്കും അഭിവൃദ്ധിക്കുമുള്ള അവസരങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കും. മൂന്ന് ദിവസത്തെ എഫ്ഐഐ ഫോറം ആഗോള വ്യാപാരത്തെക്കുറിച്ചു ചർച്ച ചെയ്യും. സാമ്പത്തിക വിദഗ്ധർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കും. വരും ദശകങ്ങളിൽ ആഗോള നിക്ഷേപത്തിൽ രൂപപ്പെടുത്തുന്ന പ്രവണതകളും അവസരങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യും.

സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായി ഉഭയകക്ഷി ചർച്ച നടത്തും. എണ്ണ, വാതകം, പുനരുപയോഗിക്കാവുന്ന ഊർജം, സിവിൽ ഏവിയേഷൻ എന്നിവയുൾപ്പെടെ നിരവധി സുപ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും കരാറുകൾ ഒപ്പിടുമെന്നു പ്രതീക്ഷിക്കുന്നു. തന്ത്രപരമായ പങ്കാളിത്ത കൗൺസിൽ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഇരുരാജ്യവും ഒപ്പുവയ്ക്കും. മോദിയും സൗദി കിരീടാവകാശിയും ചേർന്നാണ് കൗൺസിലിന്റെ നേതൃത്വം. 

മോദിയുടെ രണ്ടാമത്തെ സൗദി സന്ദർശനമാണിത്. 2016 ലെ ആദ്യ സന്ദർശന വേളയിൽ സൽമാൻ രാജാവ് സൗദിയുടെ പരമോന്നത സിവിലിയൻ അവാർഡ് പ്രധാനമന്ത്രിക്കു നൽകിയിരുന്നു. സൗദി കിരീടാവകാശി 2019 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിനു കൂടുതൽ കരുത്തു പകർന്നു. ഇന്ത്യ– സൗദി ഉഭയകക്ഷി വ്യാപാരം 2017-18 ൽ 27.48 ബില്യൺ യുഎസ് ഡോളറായിരുന്നു. ഇതോടെ സൗദി അറേബ്യ ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയായി.

English Summary: Saudi a valued friend, says PM, to meet crown prince in Riyadh today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com