ADVERTISEMENT

മരണശേഷം കടന്നുപോയത് 30 വര്‍ഷം. കാലമിത്ര കടന്നിട്ടും ടെഡ്‌ ബണ്ടിയുടെ സ്വാധീനത്തിന്‌ അമേരിക്കയിലെ ഒരുകൂട്ടം യുവമനസ്സില്‍ കുറവു വന്നിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. യുഎസില്‍ ടിക്ടോക്കിലും സമുഹമാധ്യമങ്ങളിലും ഏറ്റവും കുടുതല്‍ അനുകരിക്കപ്പെടുന്ന വൃക്തിത്വങ്ങളിൽ ഒരാൾ ടെഡ്‌ ബണ്ടിയാണെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. ഇതു കേള്‍ക്കുമ്പോള്‍  അതിപ്രശസ്തനായ ഗായകനോ, നടനോ മറ്റോ ആകാം ടെഡ്‌ ബണ്ടിയെന്ന്‌ ചിലർക്കു തോന്നാം.

എന്നാല്‍ അറിയുക, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ പരമ്പരക്കൊലയാളികളിൽ ഒരാളാണയാള്‍. മരിച്ച്‌ 30 വര്‍ഷം പിന്നിടുമ്പോഴും നെറ്റ്ഫ്ലിക്സ് പോലുള്ള നവ വിഡിയോ സ്ട്രീമിങ്‌ പ്ലാറ്റ്ഫോമുകളില്‍ ഇയാൾ ഇടം നേടുന്നു. ‘ടെഡ്‌ ബണ്ടി ടേപ്പ്‌’ എന്ന പേരില്‍ ഇയാളുടെ വിചാരണക്കാലത്തെ വിഡിയോ ദൃശ്യങ്ങള്‍ കൂടി ഉൾപ്പെടുത്തി അടുത്തിടെ നെറ്റ്‌ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യു പരമ്പര ട്രെന്‍ഡിങ്‌ ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു.

കില്ലര്‍ പരിവേഷമുണ്ടായിട്ടും ഇരുപതാം നുറ്റാണ്ടില്‍ ‘മോഹവലയം സൃഷ്ടിച്ചവന്‍’ എന്നാണ്‌ ചില രാജ്യാന്തര മാധ്യമങ്ങള്‍ ബണ്ടിയെ വിശേഷിപ്പിച്ചത്‌. ലോകചരിത്രത്തില്‍ ടെഡ്‌ ബണ്ടിയോളം സെലിബ്രിറ്റി പരിവേഷം ഉള്ള സീരിയല്‍ കില്ലര്‍ ഉണ്ടായിട്ടില്ലെന്നതാണ്‌ വാസ്തവം. കോളജ്‌ പഠന കാലത്ത്‌ തന്നെ വഞ്ചിച്ച് കടന്നുകളഞ്ഞ കാമുകിയോടുള്ള പ്രതികാരമാണ്‌ കൊന്നു തള്ളിയ ഓരോ പെണ്‍കുട്ടിയുമെന്ന് വിചാരണവേളയില്‍ ടെഡ്‌ ബണ്ടി വിളിച്ചുപറഞ്ഞു. ഇത് മുതിർന്നവർ ഭയപ്പാടോടെ ശ്രവിച്ചപ്പോൾ അന്നത്തെ കൗമാരക്കൂട്ടങ്ങളിൽ ബണ്ടി സൃഷ്ടിച്ചത് ആരാധകവ്യന്ദത്തെയാണ്.

20 ഓളം കൊലപാതകം നടപ്പാക്കിയ ശേഷം മാത്രമാണ്‌ ഫോക്സ്‌ വാഗന്‍ ബീറ്റിലില്‍ തങ്ങൾക്കു മുന്നിലൂടെ ചീറിപാഞ്ഞു പോയിരുന്ന അതിസുന്ദരനാണ്‌ കൊലപാതകിയെന്ന്‌ പ്രദേശത്തെ പൊലീസ്‌ പോലും തിരിച്ചറിഞ്ഞത്‌. 30 പേരെ കൊലപ്പെടുത്തിയെന്ന്‌ ബണ്ടി സമ്മതിച്ചപ്പോഴും ഇയാള്‍ നടത്തിയ കൊലപാതകങ്ങളുടെ എണ്ണം 50 കടക്കാനിടയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പ്രണയം നടിച്ച്‌ അതിവൈകാരികതയോടെ ഇരകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട്, പിന്നാലെ അതിക്രുരമായി കൊലപ്പെടുത്തുകയായിരുന്നു ബണ്ടിയുടെ രീതി.

ted-bundy-the-serial-killer
ടെഡ്‌ ബണ്ടി

ടെഡ്ബണ്ടി എന്ന പ്രകാശഗോളത്തിലേക്ക്‌ പെണ്‍കുട്ടികള്‍ ഈയാം പാറ്റകളെ പോലെ പറന്നടുക്കുകയും എരിഞ്ഞടങ്ങുകയും ചെയ്തുവെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞത്‌. 1989 ല്‍ ഫ്ലോറിഡയില്‍ വൈദ്യുതി കസേരയില്‍ വധശിക്ഷയെന്ന വിധിയേറ്റു വാങ്ങിയ വാർത്ത കേട്ട് നൂറുക്കണക്കിനു യുവതികൾ ടെഡ്‌ ബണ്ടിക്കായി കണ്ണീര്‍വാര്‍ത്തുവെന്നതും ലോകം അത്ഭുതത്തോടെ ഓര്‍ക്കുന്ന ചരിത്രം.

മാന്യനും നിഷ്കളങ്കനും സുമുഖനുമായി കാണപ്പെട്ട ടെഡ്‌ ബണ്ടിയുടെ ഉള്ളിലെ ചെകുത്താനെ തിരിച്ചറിയാന്‍ ഇരകള്‍ക്കു പലപ്പോഴും കഴിഞ്ഞില്ല. അയാളാണ് സ്വന്തം ജീവൻ കവരുന്നതെന്നതു പോലും മനസ്സിൽ ഉറപ്പിക്കും മുൻപ് അയാളവരെ കീഴ്പ്പെടുത്തി. രാത്രി കൊലപാതകം നടത്തി പകല്‍സമയങ്ങളിൽ ജോലിക്കു പോയ ടെഡിനെ പെണ്‍കുട്ടികളുടെ തിരോധാനം അന്വേഷിച്ച ഉദ്യോഗസ്ഥരോ അയല്‍വാസികളോ സംശയിച്ചില്ല. കോടതിയില്‍ സ്വയം വാദിച്ച്‌ ആയിരക്കണക്കിനു പേരെ ആരാധകരാക്കിയ ടെഡ്‌ ബണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ഇന്നും ഉത്തരം കണ്ടെത്താനാവാത്ത ചോദ്യമാണ്.

ടിക്‌ ടോക്കിലെ ‘ബണ്ടി തരംഗം’

സൈക്കോപാത്തും അതിസ്വാധീന ശക്തിയും ഉണ്ടായിരുന്ന ടെഡ്‌ ബണ്ടി നിഷ്കളങ്കനാണെന്നും നിരപരാധിയാണെന്നുമായിരുന്നു അയാളുടെ കാമുകിമാരും ആരാധകരും വിശ്വസിച്ചിരുന്നത്‌. ലൈംഗികാഭിനിവേശവും പ്രണയവും ഒത്തുചേരുന്ന മനോരോഗത്തിനു അടിമകളായിരുന്നു ബണ്ടിയുടെ കാമുകിമാര്‍. ചോരയില്‍ എഴുതിയ പ്രണയലേഖനങ്ങളും നഗ്നചിത്രങ്ങളും വിചാരണവേളയിൽ അവര്‍ അയാള്‍ക്ക്‌ അയച്ചു കൊടുത്തു. കോടതിയില്‍ അയാള്‍ കേസ്‌ വാദിക്കുമ്പോള്‍ അയാളുടെ ഒരു നോട്ടമെങ്കിലും പതിയാൻ ആഗ്രഹിച്ച് അയാള്‍ കൊന്നു തള്ളിയ യുവതികളെപ്പോലെ വസ്ത്രം ധരിച്ച്‌ ചിലര്‍ കോടതിമുറികളിൽ എത്തി. അയാളുമായി ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ ജന്മസുകൃതമായി പോലും ചിലര്‍ കരുതി.

നൂറോളം കൗമാരക്കാരാണ്‌ 2019 ല്‍ ടെഡ്‌ ബണ്ടിയായും അയാള്‍ കൊലപ്പെടുത്തിയ പെണ്‍കുട്ടികളായും മറ്റും വേഷമിട്ട് അമേരിക്കയില്‍ ടിക് ടോക്കിലും മറ്റ് വിഡിയോ ഷെയറിങ് സൈറ്റുകളിലും രംഗപ്രവേശം ചെയ്തത്. ലക്ഷക്കണക്കിനു പേർ ഇത്തരം വിഡിയോകൾക്ക് ഇഷ്ടം രേഖപ്പെടുത്തിയെന്നതാണ് ടെഡ്‌ ബണ്ടി എന്ന കൊടുംകുറ്റവാളി യുവാക്കളില്‍ ഇന്നും ചെലുത്തുന്ന അപകടകരമായ സാന്നിധ്യത്തെ കുറിച്ച്‌ അധികൃതര്‍ തിരിച്ചറിവുണ്ടാക്കിയത്. ടെഡ്‌ ബണ്ടിയുടെ കാമുകിമാര്‍ക്കു ബാധിച്ച ലൈംഗികാഭിനിവേശവും പ്രണയം കൂടിച്ചേര്‍ന്ന മനോരോഗത്തിനു യുഎസിലെ യുവജനങ്ങള്‍ അടിമപ്പെട്ടുവെന്നു വരെ ഇതേക്കുറിച്ച്‌ ചില രാജ്യാന്തര മാധ്യമങ്ങള്‍ എഴുതി.

zac-efron-ted-bundy
നെറ്റ്‌ഫ്ലിക്സ് പുറത്തിറക്കിയ സിനിമയിൽ ടെഡ് ബണ്ടിയായി അഭിനയിച്ച നടൻ സാക് എഫ്രൺ (ഇടത്) ടെഡ് ബണ്ടി (വലത്)

കഴിഞ്ഞ ഓഗസ്റ്റില്‍ ബണ്ടിയുടെ ചെറുമകളാണെന്ന്‌ അവകാശപ്പെട്ട ഒരു കൗമാരക്കാരി സമുഹമാധ്യമങ്ങളില്‍ രംഗത്തെത്തിയതും വാര്‍ത്തയായി. വിചാരണവേളയില്‍ ടെഡ്‌ ബണ്ടിയുമായി ബന്ധം സ്ഥാപിച്ച അയാളുടെ മുന്‍ സഹപ്രവര്‍ത്തക കരോള്‍ ആന്‍ ബൂണിനെ വിചാരണയ്ക്കിടെ ബണ്ടി വിവാഹം കഴിച്ചിരുന്നു. 1982 ൽ ബണ്ടിക്ക് കരോളിൽ പിറന്ന റോസിന്റെ മകളാണെന്ന് അവകാശപ്പെട്ടായിരുന്നു അല്ലി ബ്രാഗ് എന്ന കൗമാരക്കാരിയുടെ രംഗപ്രവേശം. റോസ് പോലും തന്റെ പേരിന്റെ കൂടെ ബണ്ടി എന്നു വിളിക്കപ്പെടാൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്നതാണ് വാസ്തവം.

ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും താരമായെങ്കിലും ടെഡ് ബണ്ടിയുടെ ചെറുമകൾ എന്ന ലേബൽ സങ്കൽപ്പിക്കുന്നതിലും അപ്പുറം ഭാരമായതോടെ പ്രശസ്തിക്കു വേണ്ടി മാത്രം ചെയ്ത കാര്യമാണിതെന്ന് അല്ലി ബ്രാഗ് പിന്നീട് തുറന്നു പറഞ്ഞു. പതിനായിരക്കണക്കിനു പേരാണ് ടിക്ടോക്കിൽ അല്ലി ബ്രാഗിനെ പിന്തുടരാനെത്തിയത്. കൊലചെയ്ത പെൺകുട്ടികളുടെ മൃതദേഹങ്ങൾ പോലും അണിയിച്ചൊരുക്കി അവയോടു ബന്ധം പുലർത്തിയ കൊടുംകുറ്റവാളി കൗമാരക്കാർക്കിടയിൽ വീണ്ടും തരംഗമാകുന്നത് യുഎസിലെ ക്രമസമാധാനപാലകരെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത്. 

പന്ത്രണ്ടു വയസുള്ള കൊച്ചുപെൺകുട്ടിയെ പോലും അതിക്രൂരമായി ബലാത്സംഗം ചെയ്ത ടെഡ് ബണ്ടി അശ്ലീല ചിത്രങ്ങൾക്കും അടിമയായിരുന്നു. അശ്ലീല ചിത്രങ്ങളോടുള്ള അതിരുവിട്ട ഭ്രമവും ഉള്ളിലെ പ്രതികാരചിന്തയുമാണ് തന്നിലെ കൊടുംകുറ്റവാളിയെ രൂപപ്പെടുത്തിയതെന്ന് ബണ്ടി കോടതിയിൽ തുറന്നു സമ്മതിക്കുകയും ചെയ്തു. വൈദ്യുതി കസേരയിൽ ഒടുങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പകർത്തിയ വിഡിയോ മൊഴിയിലും അശ്ലീല ചിത്രങ്ങളോടുള്ള താൽപര്യമാണ് മെച്ചപ്പെട്ട കുടുംബാന്തരീക്ഷത്തിൽ ജനിച്ചിട്ടും തന്നെ വഴിതെറ്റിച്ചതെന്ന് ബണ്ടി പറയുന്നു. എന്നാൽ പുതുകാലത്ത് ബണ്ടിയെ മുൻനിർത്തി സമൂഹമാധ്യമങ്ങളിൽ കൗമാരക്കാർ നടത്തുന്നത് കേവലം തമാശയോ നേരംപോക്കോ ആയി മാത്രം കാണേണ്ടതില്ലെന്ന കാഴ്ചപ്പാടിലാണ് വിമർശകർ. 

ആരാധനയിൽ തുടങ്ങുന്ന കൊലപാതകഭ്രമം

gary-ray-bowles
ഗാരി റേ ബൗൾസ്

അമേരിക്കയിലെ അതിഭയാനകവും മൃഗീയവുമായ കൊലപാതകങ്ങളിൽ കുറ്റാന്വേഷകർക്കു മറക്കാനാവാത്ത പേരാണ് ഹാരി സ്ട്രാസ്. ഇയാളെ അനുകരിച്ച ഗാരി റേ ബൗൾസ് പിന്നീട് കൊലപാതകങ്ങൾ ഹരമാക്കി. പിസ്റ്റൽ, മഞ്ഞുകട്ട, കയർ എന്നിവ ഉപയോഗിച്ച് മുപ്പതിലേറെ ആളുകളെ ഹീനമായി കൊന്നു തള്ളിയ ഹാരി സ്ട്രാസ് മരിച്ച് 58 വർഷം കഴിഞ്ഞിട്ടും ഇന്നും പേടിസ്വപ്നമാണ്.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും രക്തദാഹിയായ കൊലയാളിയെന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന ഗാരി റേ ബൗൾസിലൂടെയാണ് ഹാരി സ്ട്രാസ് എന്ന പേര് അടുത്തിടെ വീണ്ടും മുഴങ്ങിക്കേട്ടത്. പരമ്പരക്കൊലയാളികളുടെ ചരിത്രം ആവർത്തിക്കില്ലെന്ന ചിന്തയാണ് ബൗൾസ് തിരുത്തിയത്. ഗാരി റിഡ്‌വേ, ടെഡ് ബണ്ടി, ജോൺ വെയ്ൻ ഹെയ്‌സി, ഹാരി സ്ട്രാസ് എന്നിങ്ങനെ യുഎസിന്റെ ചരിത്രത്തിലെ അതിഭീകരരായ പരമ്പരക്കൊലയാളികളുടെ നിരയിൽ സ്ഥാനം നേടിയ ഗാരി റേ ബൗൾസ് ഇവരെയെല്ലാം ആരാധന പുരുഷൻമാരായി കരുതിയിരുന്നു. എട്ടുമാസത്തിനിടെ ആറു കൊലപാതകങ്ങൾ നടത്തിയ ഗാരി റേ ബൗൾസിന്റെ വധശിക്ഷ  22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഓഗസ്റ്റ് 22 നാണ് നടപ്പാക്കിയത്. 

ടെഡ് ബണ്ടിയെ ആരാധിച്ചിരുന്നതായും അയാളെ പറ്റി എഴുതപ്പെട്ട പുസ്തകങ്ങൾ ആർത്തിയോടെ വായിച്ചിരുന്നതായും വിചാരണവേളയിൽ ഗാരി റേ ബൗൾസ് പറഞ്ഞു. ടവൽ, ടോയ്‌ലറ്റ് പേപ്പറുകൾ, മഞ്ഞുകട്ടകൾ, ചെളി എന്നിവ മാത്രം ഉപയോഗിച്ച് ഇരകളെ കൊല്ലുന്ന ഹാരി സ്ട്രാസിനെ പലതവണ അനുകരിച്ചിരുന്നതായും ഗാരി റേ ബൗൾസ് പറഞ്ഞു. 1920നും 1954നും ഇടയിലുള്ള കാലയളവിൽ 11 പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ നാനി ഡോസ് എന്ന യുഎസ് വനിതയുടെ സാന്നിധ്യവും ഗാരിയിൽ ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തി. 

ബണ്ടിയുടെ കടുത്ത ആരാധകനായ  സീരിയൽ കില്ലർ മൈക്കിൾ ഗർജിലോ എന്ന 43 കാരനും ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു. ബണ്ടിയെ കുറ്റകൃത്യങ്ങളിൽ അതേപടി അനുകരിച്ച ഗർജിലോയും ബണ്ടി അകപെട്ട അതേരീതിയിൽ തന്നെയാണ് പൊലീസ് പിടിയിലായത്. ടെഡ് ബണ്ടിയെ മാതൃകയാക്കിയ ഗർജിലോയ്ക്കു മൾട്ടിപ്പൾ പഴ്സനാലിറ്റി ഡിസ്ഓർഡർ ഉണ്ടായിരുന്നു. ഒരു സ്ത്രീയെ കൊലപ്പെടുത്താനായി തട്ടിക്കൊണ്ടു പോകുമ്പോൾ ആ സ്ത്രീ രക്ഷപ്പെട്ടതോടെയാണ് ടെഡ് ബണ്ടി പിടിയിലായതെങ്കിൽ അതേ രീതിയിൽ തന്നെയാണ് ‘ഹോളിവുഡ് റിപ്പർ’ എന്ന വിളിപ്പേരുള്ള ഗർജിലോയും പിടിയിലായത്.

ഫൊറൻസിക് സയൻസ് സംബന്ധിച്ച് കൃത്യമായ അറിവുണ്ടായിരുന്ന ഗർജിലോ കുറ്റകൃത്യം നടക്കുന്ന സ്ഥലങ്ങളിൽ വിരലടയാളം പതിയാതിരിക്കാൻ കൃത്യമായി ശ്രദ്ധിച്ചിരുന്നു. ടെഡ് ബണ്ടിയെ പോലെയുള്ള നിരവധി പരമ്പര കൊലയാളികളെ കുറിച്ച് ഇയാൾ ഗവേഷണം നടത്തിയതായും വിചാരണയിൽ തെളിഞ്ഞു. യുഎസിൽ കൗമാരക്കാർ പ്രതികളാകുന്ന കേസുകൾ കുതിച്ചു കയറുന്നതിനു പിന്നിൽ ടിക്ടോക് തുടങ്ങിയവയിൽ പ്രചരിക്കുന്ന കൊലപാതക അനുകരണ വിഡിയോകളുടെ സ്വാധീനം കൂടുതലാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ നിരോധിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

English Summary: Girls Who Love Ted Bundy, Serial Killer Ted Bundy play Videos are gaining ground, protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com