ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനു മറുപടിയുമായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ബിജെപിയുമായി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രിപദം പങ്കിടാമെന്ന് അമിത്ഷാ ഉറപ്പുനല്‍കിയെന്നും താക്കറെ പറഞ്ഞു. കള്ളം പറയുന്നവരുമായി ബന്ധം വേണ്ടെന്നു ഉദ്ധവ് താക്കറെ വ്യക്തമാക്കി. ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി നൽകിയ വാക്ക് പാലിക്കണം. അധികാരം തുല്യമായി പങ്കുവയ്ക്കണം. അതിനു തയാറാകാത്ത സാഹചര്യത്തിൽ മറ്റു ചർച്ചകൾക്കു പ്രസക്തിയില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 

‘എന്നെ നിങ്ങൾ കള്ളനെന്നാണ് വിളിക്കുന്നതെങ്കിൽ നിങ്ങളുമായി ഒരു ബന്ധവും വേണ്ടെന്നാണ് നിലപാട്. ഏത് ചർച്ചകൾക്കും സേന തയാറാണ് എന്നാൽ എന്നെ കള്ളനെന്ന് വിളിക്കുന്നവരുടെ മുൻപിൽ ചർച്ചയ്ക്കായി ഇരിക്കാൻ എന്റെ മനഃസാക്ഷി അനുവദിക്കുന്നില്ല. – ഉദ്ധവ് പറഞ്ഞു. രണ്ടു മാസം മുൻപ് പ്രധാനമന്ത്രി മോദി എന്നെ ‘കുഞ്ഞനിയൻ’ എന്നാണ് അഭിസംബോധന ചെയ്തത് എന്നാൽ കാര്യങ്ങൾ മാറിയിരിക്കുന്നു, എനിക്ക് നല്ല മുറിവേറ്റു’– മുംബൈയിലെ വാർത്താസമ്മേളനത്തിൽ ഉദ്ധവ് താക്കറെ വിശദീകരിച്ചു. 

ഞാനൊരു ബിജെപിക്കാരനല്ല, ഞാൻ ഒരിക്കലും നുണ പറയില്ല. മുഖ്യമന്ത്രിപദത്തെക്കുറിച്ചു ചര്‍ച്ച നടത്തിയില്ലെന്നു പറഞ്ഞതു കള്ളമാണെന്നു നിങ്ങള്‍ പറയാത്തിടത്തോളം കാലം നിലപാടിൽ നിന്ന് സേന പിന്നോട്ടു പോകില്ല. ഞാൻ സത്യമാണ് പറയുന്നതെങ്കിൽ നിങ്ങളുടെ സർട്ടിഫിക്കറ്റിനായി ഞാൻ കാത്തുനിൽക്കില്ല– ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസേനയ്ക്കു മുഖ്യമന്ത്രി പദത്തിലെത്താൻ ബിജെപിയുടെ ആവശ്യമില്ല. ചർച്ചയ്ക്കുള്ള വാതിലുകൾ എല്ലാ സമയത്തും ഞങ്ങൾ തുറന്നിട്ടു. എന്നാൽ  ഇത്ര മോശം ആളുകളോട് സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചതിനെ ഓർത്തു ദുഃഖം തോന്നുന്നു. എൻസിപിയുമായി സർക്കാർ രൂപീകരണത്തെ കുറിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും താക്കറെ പറഞ്ഞു.

കാവല്‍മന്ത്രിസഭയുടെ കാലാവധി വെള്ളിയാഴ്ച രാത്രി അവസാനിക്കാനിരിക്കെ മുഖ്യമന്ത്രിപദം രാജിവച്ചതിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ താക്കറെയുടെ സാന്നിധ്യത്തില്‍ 50:50 ഫോര്‍മുല ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു. രാജിവച്ചശേഷം ശിവസേനക്കെതിരെ ഫഡ്നവിസ് രൂക്ഷ വിമര്‍ശനവും നടത്തി. ശിവസേനയ്ക്ക് താല്‍പര്യം പ്രതിപക്ഷത്തോടാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. 

ബിജെപിയുമായി ചര്‍ച്ച നടത്താതെ എന്‍സിപിയുമായി ചര്‍ച്ച നടത്തിയതിനാണ് വിമര്‍ശനം. ഉദ്ധവ് താക്കറെയെ കാണാൻ ശ്രമിച്ചു, എന്നാൽ ഫോണ്‍ പോലും എടുത്തില്ല. മുഖ്യമന്ത്രി പദം പങ്കിടുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നില്ല. ശിവസേന പലവട്ടം അപമാനിച്ചു, സേനയുടെ പ്രകോപനം അംഗീകരിക്കില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. പുതിയ സാഹചര്യത്തിൽ മഹാരാഷ്ട്രയില്‍ രാഷ്ട്രീയനീക്കങ്ങള്‍ സജീവമാണ്. സഞ്ജയ് റാവുത്ത് വീണ്ടും ശരദ് പവാറിന്റെ വീട്ടിലെത്തി. നവംബര്‍ 15 വരെ റിസോര്‍ട്ടില്‍ തുടരാന്‍ എംഎല്‍എമാരോട് ശിവസേന ആവശ്യപ്പെട്ടു. 

English Summary: BJP tried to finish us with sweet talk, I don't trust Amit Shah & Co: Uddhav Thackeray

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com