ADVERTISEMENT

ലാ പാസ് ∙ തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയയിൽ പട്ടാപ്പകല്‍ നടുറോഡില്‍ വനിതാ മേയറുടെ മുടി മുറിച്ച് പ്രതിപക്ഷ പ്രതിഷേധം. വിന്റോ നഗരത്തിലെ മേയറും രാജ്യം ഭരിക്കുന്ന മാസ് പാർട്ടി നേതാവുമായ പട്രീഷ്യ ആർസിനു നേരെയാണ് ആക്രമണമുണ്ടായത്.

പ്രതിഷേധക്കാർ മേയറെ ചെരുപ്പിടാതെ നഗരത്തിലൂടെ വലിച്ചിഴക്കുകയും ദേഹത്തു ചുവന്ന ചായം ഒഴിക്കുകയും തുടർന്നു ബലപ്രയോഗത്തിലൂടെ മുടി മുറിക്കുകയുമായിരുന്നു. പ്രസിഡന്‍റ് ഇവോ മൊറാലസിന്‍റെ അനുയായികള്‍ രണ്ടു പ്രതിപക്ഷ നേതാക്കളെ കൊന്നതായി റിപ്പോർട്ടുണ്ട്. ഇതില്‍ ഒരാളുടെ മരണം സ്ഥിരീകരിച്ചതോടെയാണു മേയർക്കും പങ്കുണ്ടെന്ന് ആരോപിച്ചു പ്രക്ഷോഭം ശക്തിപ്പെട്ടത്.

കൊലപാതകി എന്നു വിളിച്ചാണു മുഖംമൂടി ധരിച്ച ആൾക്കൂട്ടം മേയറെ തടഞ്ഞതും മർദിച്ചതും. മണിക്കൂറുകളോളം അക്രമികളുടെ കസ്റ്റഡിയിലായിരുന്ന ഇവരെ പൊലീസെത്തിയാണു മോചിപ്പിച്ചത്. രാജിക്കത്തിൽ ബലമായി ഒപ്പിടീക്കുകയും ചെയ്തു. ടൗൺ ഹാളിന്റെ ജനാലകൾ തകർത്ത പ്രക്ഷോഭകർ മേയറുടെ ഓഫീസിനു തീയിട്ടു. ഒക്ടോബര്‍ 20ന് നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനു പിന്നാലെയാണു സര്‍ക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടൽ ആരംഭിച്ചതും കലാപം തെരുവിലേക്കു പടർന്നതും.

തിരഞ്ഞെടുപ്പു ഫലം പുറത്തുവരാനിരുന്ന ദിവസം വോട്ടെണ്ണല്‍ 24 മണിക്കൂര്‍ നിര്‍ത്തിവച്ചതോടെയാണു പ്രതിഷേധം അണപൊട്ടിയത്. 2006 മുതല്‍ അധികാരത്തിൽ തുടരുന്ന മൊറാലസ്, പ്രതിപക്ഷ സ്ഥാനാർഥി കാര്‍ലോസ് മെസയുടെ വിജയം തടയാനാണു വോട്ടെണ്ണൽ നിർത്തിവച്ചതെന്ന് ആരോപിച്ചായിരുന്നു സമരം. മെസയേക്കാൾ 10 ശതമാനം പോയിന്റിന്റെ ലീഡിലാണു മൊറാലസ് ഭരണം നിലനിർത്തിയത്.

English Summary: Protesters Drag Bolivian Mayor through Streets, forcibly cut her hair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com