ADVERTISEMENT

ന്യൂഡൽഹി ∙ മാസങ്ങൾക്കു മുൻപു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഇന്ത്യയുടെ വിഭജന നായകൻ’ എന്നു വിശേഷിപ്പിച്ച എഴുത്തുകാരൻ ആതിഷ് തസീറിന്റെ ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) പദവി റദ്ദാക്കി ആഭ്യന്തര മന്ത്രാലയം. പൊതുതിരഞ്ഞെടുപ്പിനു ശേഷം ടൈം മാഗസിൻ പ്രസിദ്ധീകരിച്ച കവർ സ്റ്റോറിയിലാണു മോദിയെ ആതിഷ് വിമർശിച്ചത്. അടിസ്ഥാന നിർദേശങ്ങൾ പാലിക്കാത്തതും വിവരങ്ങൾ മറച്ചുവച്ചതും ചൂണ്ടിക്കാട്ടിയാണു ഒസിഐ റദ്ദാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. യുകെയിൽ ജനിച്ച ഇന്ത്യൻ വംശജനാണ് ആതിഷ്.

ആതിഷ് അലി തസീർ പി‌ഐ‌ഒ (പഴ്‌സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ) അപേക്ഷ സമർപ്പിക്കുന്നതിനിടെ, അന്തരിച്ച പിതാവ് പാക്കിസ്ഥാൻ വംശജനാണെന്ന വസ്തുത മറച്ചുവച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് വസുധ ഗുപ്ത ട്വീറ്റ് ചെയ്തു. പി‌ഐ‌ഒ, ഒ‌സി‌ഐ കാർഡുകൾ സംബന്ധിച്ചു മറുപടി നൽകാൻ അവസരം നൽകിയെങ്കിലും ഉപയോഗപ്പെടുത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടതായും വക്താവ് പറഞ്ഞു. ‘ഇത് അസത്യമാണ്. മറുപടി നൽകാൻ 21 ദിവസമല്ല, 24 മണിക്കൂറാണു ലഭിച്ചത്. ഒസിഐ പദവി അസാധുവാക്കുന്നതിനെ നിയമപരമായി നേരിടും’– ആതിഷ് മറുപടിയായി ട്വീറ്റ് ചെയ്തു.

അന്തരിച്ച പാക്ക് രാഷ്ട്രീയ പ്രവർത്തകനും ബിസിനസുകാരനുമായ സൽമാൻ തസീറിന്റെയും ഇന്ത്യക്കാരി മാധ്യമ പ്രവർത്തക തവ്‌ലീൻ സിങ്ങിന്റെയും മകനാണ് ആതിഷ് തസീർ. ‘ആതിഷിന്റെ അമ്മ ഇപ്പോഴും ഇന്ത്യൻ പൗരയാണ്. ആഭ്യന്തരമന്ത്രിക്ക് ഇഷ്ടപ്പെടാത്ത ലേഖനം എഴുതുന്നതുവരെ ഇവിടെ ജീവിക്കാനുള്ള അവന്റെ അവകാശം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല’– തവ്‌ലീൻ സിങ് ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. 2015 വരെ പി‌ഐ‌ഒ കാർഡ് ആതിഷിന്റെ കയ്യിലുണ്ടായിരുന്നു. പിന്നീടു സർക്കാർ ഒസിഐ കാർഡ് പദ്ധതിയിൽ ലയിപ്പിച്ചു.

ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്കു വീസയില്ലാതെ ഇന്ത്യയിലേക്കു വരാനും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം നൽകുന്നതാണ് ഒസിഐ പദവി. പ്രധാനമന്ത്രി മോദിയുടെ പ്രതിഛായയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമെന്നായിരുന്നു ലേഖനത്തെക്കുറിച്ചു ബിജെപിയുടെ പ്രതികരണം. ടൈം മാഗസിൻ വിദേശമാണ്. പാക്കിസ്ഥാനിലെ രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ളയാണെന്ന് എഴുത്തുകാരൻ പറഞ്ഞിട്ടുമുണ്ട്. അദ്ദേഹത്തിന്റെ വിശ്വാസ്യതയ്ക്ക് ഇത് മതിയാകും എന്നായിരുന്നു മോദി പ്രതികരിച്ചത്. ലേഖനവുമായി ഇപ്പോഴത്തെ നടപടിക്കു ബന്ധമില്ലെന്നും അത്തരത്തിലുള്ള പ്രചാരണം വ്യാജമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

English Summary: Writer Aatish Taseer's Citizenship Status Revoked, Denies Centre's Charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com