ADVERTISEMENT

പാലക്കാട്∙ അട്ടപ്പാടിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഓടിരക്ഷപ്പെട്ട മാവോയിസ്റ്റ് ദീപക്(ചന്ദ്രു) കേരള– തമിഴ്നാട് അതിർത്തിയിലെ ആനക്കട്ടിക്ക് സമീപത്തു നിന്ന് തമിഴ്നാട് പൊലീസിന്റെ പിടിയിലായി. കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ ഇയാളിൽ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലെ വെടിവയ്പ്പിനിടെ രക്ഷപ്പെട്ട ഛത്തീസ്ഗഡ് സ്വദേശിയായ ദീപക്  മറ്റു മാവോയിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സ്ഥലത്തെ ടെന്റില്‍ നിന്നു കണ്ടെത്തിയ പെന്‍ഡ്രൈവിലെ ദൃശ്യങ്ങളാണു പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ പകര്‍ത്തി പെന്‍ഡ്രൈവില്‍ സൂക്ഷിച്ചത് മാവോയിസ്റ്റു സംഘമാണ്.

തോക്കുപയോഗിച്ച് ശത്രുവിനെ നേരിടാനുളള പ്രത്യേക പരിശീലനമാണ് ഛത്തീസ്ഗഡിലെ ദണ്ഡകാരണ്യ ദളത്തില്‍ നിന്നെത്തിയ ദീപക് നല്‍കുന്നത്. വെടിവയ്പ്പിനിടെ മഞ്ചിക്കണ്ടിയില്‍ നിന്ന് വലിയ ചെറുത്തുനില്‍പ്പില്ലാതെ ദീപക് രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. ദീപക്കിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും വേണ്ടി വനത്തില്‍ രണ്ടു ദിവസം കൂടി തിരച്ചില്‍ നടത്തിയിരുന്നു.

ഇരുവര്‍ക്കും വെടിയേറ്റതായും സംശയമുണ്ടായിരുന്നു. നിലമ്പൂര്‍ പടുക്ക വനമേഖലയില്‍ കുപ്പു ദേവരാവരാജും അജിതയും കൊല്ലപ്പെട്ടപ്പോള്‍ മാവോയിസ്റ്റ് ക്യാംപിന്റെ ചുമതലയുണ്ടായിരുന്ന കര്‍ണാടകക്കാരന്‍ വിക്രം ഗൗഡയും സംഘവും ചെറുത്തു നില്‍പ്പു നടത്താനാവാതെ രക്ഷപ്പെട്ടതിനു ശേഷമാണ് കേരളം, കര്‍ണാടക, തമിഴ്നാട് വനമേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റു സംഘങ്ങള്‍ക്കു കൂടുതല്‍ സായുധ പരിശീലനം നല്‍കാന്‍ തീരുമാനമെടുത്തത്. ഉത്തരേന്ത്യയില്‍ നിന്നുളള മാവോയിസ്റ്റുകള്‍ സായുധ പരിശീലനത്തിന് എത്തുന്നതായി നേരത്തെ വിവരം ലഭിച്ചതായും പൊലീസ് പറയുന്നു.

English Summary : Tamil Nadu police caught Maoist Deepak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com