ADVERTISEMENT

തിരുവനന്തപുരം∙ പിഎസ്‌സി സിവിൽ പൊലീസ് ഓഫിസർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിനു പിന്നാലെ പരീക്ഷാ നടത്തിപ്പു രീതിയിൽ വ്യാപകമാറ്റം നിർദേശിച്ച് ക്രൈംബ്രാഞ്ച്. പരീക്ഷ ചോദ്യ പേപ്പർ തയാറാക്കുന്നതിലും ഉത്തരക്കടലാസ് കൈകാര്യം ചെയ്യുന്നതിലും ഹാളിലെ സുരക്ഷാ പരിശോധയിലും ഉൾപ്പെടെയാണ് ക്രൈംബ്രാഞ്ച് മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. പരീക്ഷാതട്ടിപ്പ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്‍റേതാണ് റിപ്പോർട്ട്. ഇത് ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പിഎസ്‌സിക്കു നൽകിയ കത്തിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്.

പിഎസ്‌സിയുടെ ഇപ്പോഴത്തെ പരീക്ഷാ നടത്തിപ്പിൽ ചില വിഷയങ്ങൾ ഗൗരവമായി കാണണം. പരീക്ഷാഹാളിൽ സിസിടിവി നിർബന്ധമാക്കണം. സ്മാർട് വാച്ച്, മൊബൈൽ ഫോൺ, ബ്ലൂടൂത്ത് ഇയർ പീസ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പരീക്ഷാഹാളിൽ കൊണ്ടുവരുന്നത് ഒഴിവാക്കാൻ ശാരീരിക പരിശോധന ആവശ്യമാണ്. ഷൂ, ബെൽറ്റ്, ബട്ടൺസ് തുടങ്ങിയവ അടക്കം അഴിച്ചു പരിശോധിക്കേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു. നിർദേശിക്കപ്പെട്ട മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ നിലവിൽ സംഭവിച്ച ക്രമക്കേടുകൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മറ്റു നിർദേശങ്ങൾ:

∙ പരീക്ഷാഹാളിലെ സീറ്റിങ് പാറ്റേൺ (എ,ബി,സി,ഡി പാറ്റേൺ) കാലാനുസൃതമായി പരിഷ്കരിക്കണം. സീറ്റിങ് രീതി മുൻകൂട്ടി ഉദ്യോഗാർഥികൾ അറിയാൻ പാടില്ലാത്ത രീതിയിലായിരിക്കണം ക്രമീകരണം. നിലവിൽ ഒരു മാസം മുൻപു തന്നെ ഹാള്‍ ടിക്കറ്റിലെ നമ്പർ വച്ച് ഏതു സെന്ററിലാണു പരീക്ഷയെന്നും ഏതു കോഡ് നമ്പറിലുള്ള ചോദ്യപേപ്പറുകളാണെന്നും മുൻകൂട്ടി അറിയാൻ സിറ്റിങ് പാറ്റേണിലൂടെ സാധിക്കും. ഇത് ക്രമക്കേടുകൾക്കു വഴിയൊരുക്കുന്നു.

∙ പരീക്ഷയ്ക്കു ശേഷം ഒഎംആർ ഷീറ്റും ബാക്കി സാമഗ്രികളും തിരികെ പിഎസ്‌സിയിൽ ഏൽപിക്കാൻ നൽകിയിരിക്കുന്ന ഫോമിൽ മിച്ചമുള്ള ചോദ്യക്കടലാസുകളുടെ എണ്ണം രേഖപ്പെടുത്തുന്ന കോളം ഇല്ല. ചിലർ ചോദ്യക്കടലാസ് ജനൽ വഴി പുറത്തേക്കെറിഞ്ഞ് നേരത്തേ കൈവശം സൂക്ഷിച്ചിരുന്ന മറ്റൊരു പഴയ ചോദ്യക്കടലാസു വച്ച് എഴുതുന്നതായി ഭാവിക്കും. പുറത്തേക്കെറിഞ്ഞ ചോദ്യക്കടലാസ് വായിച്ച് ഗൂഗിൾ സേർച്ച് വഴിയും കോച്ചിങ് സെന്ററുകളിലെ അധ്യാപകർ വഴിയും ഉത്തരം കണ്ടുപിടിച്ചു മൊബൈൽ വഴി മെസേജായും വാട്സാപ്പിലൂടെയും ഈ കോഡിലെ ചോദ്യം ലഭിച്ച ഉദ്യോഗാർഥികള്‍ക്ക് അയച്ചു കൊടുത്തതായി പറയപ്പെടുന്നു.

∙ ഇപ്പോൾ പരീക്ഷാ നടത്തിപ്പിന്റെ ചുമതല അതതു കേന്ദ്രങ്ങളിലെ മേധാവികളായ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ ആയിരിക്കും. അവർ നിയോഗിക്കുന്ന ഇൻവിജിലേറ്റർമാർക്കു പ്രത്യേക യോഗ്യത നിശ്ചയിച്ചിട്ടില്ലാത്തതിനാൽ പ്യൂൺ, ഓഫിസ് അഡ്മിനിസ്ട്രേറ്റർ എന്നിവരൊക്കെയാണ് നിരീക്ഷകരായി എത്തുന്നത്. ഇവരെ സ്വാധീനിക്കാൻ എളുപ്പമാണ്. കൃത്യമായ പരിശീലനം നൽകിയവരെയും നിശ്ചിത യോഗ്യതയുള്ളവരെയും മാത്രമേ നിരീക്ഷകരായി നിയോഗിക്കാവൂ. വിവിധ പരീക്ഷാഹാളുകൾ ഉള്ള കേന്ദ്രങ്ങളില്‍ പിഎസ്‌സിയുടെ നേരിട്ടുള്ള ഒരു ഉദ്യോഗസ്ഥനെങ്കിലും ഉണ്ടായിരിക്കണം.

∙ സ്മാർട് വാച്ച്, മൊബൈൽ ഫോൺ. ബ്ലൂടൂത്ത്, ഇയർ പീസ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പരീക്ഷാഹാളിൽ കൊണ്ടുവരുന്നത് ഒഴിവാക്കാൻ ശാരീരിക പരിശോധന ആവശ്യമാണ്. ഷൂ, ബെൽറ്റ്, ബട്ടൺസ് തുടങ്ങിയവ അടക്കം അഴിച്ചു പരിശോധിക്കേണ്ടതാണ്. ബട്ടണുകൾ, ആഭരണങ്ങൾ, പേന, കണ്ണാടികൾ തുടങ്ങിയവയിലും ക്യാമറ ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

സിസിടിവി ക്യാമറകൾ പരീക്ഷാകേന്ദ്രങ്ങളിൽ സ്ഥാപിക്കുന്നത് മേൽപ്പറഞ്ഞ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരമാണ്. ഇതിനു ചെലവ് കുറവുമാണ്. ഇതിന്റെ ഫൂടേജ് പരീക്ഷ റാങ്ക പട്ടികയുടെ കാലാവധി തീരും വരെ സൂക്ഷിക്കുകയും വേണം. ഒഎംആർ പേപ്പർ തിരികെ നൽകുന്നതോടൊപ്പം നമ്പറിട്ട ഹാർഡ് ഡിസ്കുകളും കൂടെ അയയ്ക്കണം. അവ പിഎസ്‌സി സേഫ് കസ്റ്റഡിയിൽ പരീക്ഷ റാങ്ക് പട്ടികയുടെ കാലാവധി തീരും വരെ സൂക്ഷിക്കണം. അതിനു ശേഷം അടുത്ത പരീക്ഷകൾക്കും അവ വീണ്ടും ഉപയോഗിക്കാം.

∙ ഉയർന്ന തസ്തികകളിലേക്കുള്ള പരീക്ഷാകേന്ദ്രങ്ങളിൽ പോർട്ടബിൾ വൈഫൈ/മൊബൈൽ ജാമറുകൾ സ്ഥാപിക്കേണ്ടതാണ്. അതുവഴി ഇന്റർനെറ്റ് ഉപയോഗം ഉദ്യോഗാർഥികൾക്ക് അപ്രാപ്യമാകും. ഇന്നത്തെ നിലയിൽ ഒരാൾ മറ്റൊരാൾക്കു വേണ്ടി പരീക്ഷ എഴുതണമെങ്കിൽ രണ്ടുപേരും പ്രസ്തുത പരീക്ഷയ്ക്ക് ഒരേസമയം അപേക്ഷിക്കുകയും അവർ ഒരുമിച്ച് അവരവരുടെ ഹാൾ ടിക്കറ്റുകളുമായി പരീക്ഷാഹാളില്‍ കയറിയിരുന്ന് റജിസ്ട്രേഷൻ നമ്പറുകൾ പരസ്പരം മാറ്റി എഴുതി അനർഹനായ ആൾക്ക് കൂടുതൽ മാർക്ക് ലഭിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. അങ്ങനെ യോഗ്യതയില്ലാത്തവരും ലിസ്റ്റിൽ വരുന്നു. ഇതു തടയുന്നതിനുള്ള ഒരേയൊരു മാർഗം പരീക്ഷാഹാളിൽ സിസിടിവി സ്ഥാപിക്കുക എന്നതാണ്.

∙ പിഎസ്‌സിയുടെ എല്ലാ പരീക്ഷകളും ഓൺലൈൻ ആക്കുന്നതു വഴി വളരെയധികം ക്രമേക്കടുകൾ തടയാനാകും. കൂടാതെ ഉയർന്ന തസ്തികയിലേക്കുള്ളതും എണ്ണത്തിൽ കുറവായിട്ടുള്ളതുമായ പരീക്ഷകളിൽ ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളുണ്ടെങ്കിൽ കയ്യക്ഷരം പരിശോധിച്ച് പീന്നീടാണെങ്കിലും ആൾമാറാട്ടം കണ്ടെത്താനാകും.

∙ എല്ലാ തരം വാച്ചുകളും പരീക്ഷാഹാളുകളിൽ നിരോധിക്കണം. സമയം അറിയാൻ ഹാളിൽ ക്ലോക്ക് സ്ഥാപിക്കുകയോ കൃത്യമായ ഇടവേളകളിൽ മണി അടിക്കുകയോ ചെയ്യാം.

മേൽപ്പറഞ്ഞ നിർദേശങ്ങൾ അപ്രായോഗികമായും ചെലവേറിയതായും പിഎസ്‌സിക്കു തോന്നാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചില ഉദ്യോഗാർഥികൾ നടത്തുന്ന ക്രമക്കേടുകൾ ഉടൻ പിടിക്കപ്പെട്ടില്ലെങ്കിൽ അതു പിന്നീട് കണ്ടെത്തുക അന്വേഷണ ഏജൻസികൾക്കു ശ്രമകരമാണ്. ലക്ഷക്കണക്കിനു പേരെഴുതുന്ന പിഎസ്‌സി പരീക്ഷകളിൽ പ്രത്യേകിച്ച്. പരീക്ഷാസംവിധാനം എപ്പോഴും കുറ്റമറ്റതാകണമെന്ന മുന്നറിയിപ്പോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്. 

കേരള പൊലീസിന്റെ അഞ്ചാം നമ്പര്‍ ബറ്റാലിയനിലേക്ക് 2018 ജൂലായില്‍ നടത്തിയ സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളും എസ്എഫ്ഐ നേതാക്കളുമായ നസീം, ശിവരഞ്ജിത്, പ്രണവ് എന്നിവര്‍ കോപ്പിയടിച്ച് ഏറ്റവും ഉയര്‍ന്ന റാങ്ക് നേടി.

ഇതിനെക്കുറിച്ച് അന്വേഷിച്ച് ടോമിന്‍ തച്ചങ്കരി പിഎസ്‌സിക്കു നല്‍കിയ റിപ്പോര്‍ട്ടിൽ മൂന്നുപേർ മാത്രമാണ് കോപ്പിയടിച്ചതെന്ന് വ്യക്തമാക്കിയിരുന്നു.  കൂട്ടകോപ്പിയടി നടന്നിട്ടില്ലെന്നും വ്യക്തമാക്കി അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ചോദ്യപേപ്പർ ചോർച്ചയുടെ പേരിൽ പട്ടിക റദ്ദാക്കാനോ തടയാനോ തെളിവില്ലെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പിഎസ്‌സി ചെയർമാൻ എം.കെ.സക്കീറും വ്യക്തമാക്കിയിട്ടുണ്ട്. 

സ്മാര്‍ട് വാച്ച് ഉപയോഗിച്ച് പരീക്ഷാഹാളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. തട്ടിപ്പ് ആഴമുള്ളത് അല്ലാത്തതിനാല്‍ പ്രതികളൊഴിച്ചുള്ള ഉദ്യോഗാര്‍ഥികള്‍ക്കു നിയമനം നല്‍കുന്നതില്‍ ക്രൈംബ്രാഞ്ചിന് എതിര്‍പ്പില്ല. ഈ റിപ്പോര്‍ട്ട് കിട്ടിയതിന് തൊട്ടുപിന്നാലെ നിയമനത്തിനുള്ള തീരുമാനവും പിഎസ്‌സി എടുത്തു.

പിഎസ്‌സി സംവിധാനത്തില്‍ ക്രമക്കേടില്ലെന്ന് ഉറപ്പായതിനാല്‍ നിലവിലുള്ള മൂവായിരം ഒഴിവിലേക്ക് ഒരുമിച്ച് അഡ്വൈസ് മെമോ നല്‍കുമെന്നും പിഎസ്‌സി അറിയിച്ചു. ക്രൈംബ്രാഞ്ച് റിപ്പോർട്ട് അടുത്ത പിഎസ്‌സി യോഗത്തിൽ പരിഗണിക്കും. അതോടൊപ്പം ഇപ്പോൾ ലഭിച്ച മാർഗനിർദേശ റിപ്പോർട്ടും പരിഗണിക്കുമെന്നാണറിയുന്നത്. 

English Summary: Crime Brank Directives to Keala PSC on Exam Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com