ADVERTISEMENT

കൊല്ലം ∙ മുളവന ചരുവിള പുത്തൻ വീട്ടിൽ കൃതി (25) കിടപ്പുമുറിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിൽ കീഴടങ്ങിയ ഭർത്താവ് കൊല്ലം കോളജ് ജംക്‌ഷൻ ദേവിപ്രിയയിൽ വൈശാഖ് ബൈജു (28)വിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

കുടുംബ പ്രശ്നങ്ങളുടെ പേരിലുണ്ടായ വഴക്കിനെ തുടർന്ന് താനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വൈശാഖ് ബൈജു പൊലീസിൽ മൊഴിനൽകി. തിങ്കളാഴ്ച വൈകിട്ട് 7 ന് വീട്ടിലെത്തിയ വൈശാഖ് കിടപ്പുമുറിയിൽ ഭാര്യ കൃതിയുമായി സംസാരിച്ചു പിണങ്ങി. ദേഷ്യം വന്നതോടെ കട്ടിലിൽ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയിൽ അമർത്തി വച്ചു. പിന്നീട് പിടിവിട്ട് നോക്കിയപ്പോൾ ചലനമറ്റ നിലയിലായിരുന്നു. കൊലപ്പെടുത്താൻ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാണെന്നും അയാൾ പറയുന്നു.

മാനസികമായി തകർന്ന താൻ പിന്നീട് ഏതു മാർഗവും അവിടെ നിന്ന് രക്ഷപെടാനുള്ള ശ്രമത്തെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണ് കൃതിയുടെ അമ്മ കതകിൽ തട്ടി വിളിച്ചത്. പെട്ടെന്ന് വിവരം പറഞ്ഞ് മുറി വിട്ട് ഇറങ്ങി കാറോടിച്ച് പോവുകയായിരുന്നു. കൊല്ലത്തെ വീട്ടിൽ ഫോൺ ചെയ്ത് വിവരം പറഞ്ഞെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. പിന്നീട് ഒരു സുഹൃത്തു വഴി പൊലീസിൽ കീഴടങ്ങുകയായിരുന്നു.

കൃതിയുടെ ഡയറി കുറിപ്പിൽ നിന്ന് ഇവർ തമ്മിൽ സുഖകരമായ ദാമ്പത്യ ജീവിതമല്ലെന്നും, സാമ്പത്തിക താൽപര്യം മാത്രമാണ് വൈശാഖിന്റെ ലക്ഷ്യമെന്നും എഴുതിയിരുന്നതായി പറയുന്നു. നാലു വർഷം മുൻപ് കൃതി തലച്ചിറ സ്വദേശിയെ വിവാഹം കഴിച്ച് കുഞ്ഞിന് നാലു മാസം പ്രായമുള്ളപ്പോൾ ബന്ധം വേർപെടുത്തിയതായി പറയുന്നു. തുടർന്ന് വൈശാഖുമായി ഫെയ്സ്ബുക് വഴി പരിചയപ്പെട്ട് അടുപ്പത്തിലായി. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിനു പോലും വൈശാഖ് സജീവമായി മുളവനയിലെ വീട്ടിലുണ്ടായിരുന്നു.

പിന്നീട് 2018ൽ ഇവർ തമ്മിൽ റജിസ്റ്റർ വിവാഹം നടത്തി. എന്നാൽ കൃതിയെ രണ്ടാം വിവാഹം ചെയ്യുന്നതിന് വൈശാഖിന്റെ വീട്ടുകാർ എതിർപ്പ് പറഞ്ഞെങ്കിലും കല്യാണമായി നടത്താമെന്ന് പറഞ്ഞ് അവരെ സമ്മതിപ്പിക്കുകയായിരുന്നു. അങ്ങിനെ 9 മാസങ്ങൾക്കു മുൻപ് കൊല്ലത്തെ പ്രധാന ഓഡിറ്റോറിയത്തിലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം ഗൾഫിനു പോയ വൈശാഖ് ഒരു മാസത്തിനുള്ളിൽ തിരിച്ചെത്തി. നാട്ടിലെത്തിയ വൈശാഖ് എഡ്യൂക്കേഷനൽ കൺസൾന്റായി പ്രവർത്തിക്കുകയായിരുന്നു. ബിസിനസ് ആവശ്യമെന്ന് പറഞ്ഞ് വസ്തു പണയപ്പെടുത്തിയും മറ്റും പല തവണയായി 25 ലക്ഷത്തിലധികം രൂപാ വാങ്ങിയതായി കൃതിയുടെ വീട്ടുകാർ പറയുന്നു.

English Summary: Kollam Husband who Murdered Wife Remanded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com