ADVERTISEMENT

പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ അഴിമതി എന്ന നിലയില്‍ മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയ ആരോപണമാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. യുദ്ധവിമാന നിർമാണത്തിൽ പതിറ്റാണ്ടുകളുടെ പരിചയമുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്എഎൽ) ഒഴിവാക്കി, സ്വകാര്യ സ്ഥാപനമായ റിലയൻസ് ഡിഫൻസ് ലിമിറ്റഡിന് 1.30 ലക്ഷം കോടി രൂപ ലഭിക്കാൻ ഈ ഇടപാടിലൂടെ വഴിയൊരുക്കിയതായി കോൺഗ്രസ് ആരോപിക്കുന്നു. ബൊഫോഴ്സ് ആരോപണത്തിലൂടെ പതിറ്റാണ്ടുകളായി ബിജെപി തങ്ങളെ ക്രൂശിച്ചതിനു ബദലായിരുന്നു കോൺഗ്രസിനു റഫാൽ.

ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽ നിന്നു 18 വിമാനങ്ങൾ വാങ്ങാനും ബാക്കി 108 എണ്ണം സാങ്കേതിക വിദ്യാ കൈമാറ്റത്തോടെ എച്ച്എഎല്ലിൽ നിർമിക്കാനുമായിരുന്നു യുപിഎ സർക്കാരിന്റെ കാലത്തെ ധാരണ. പിന്നീടെത്തിയ ബിജെപി സർക്കാർ പൂർണ യുദ്ധസജ്ജമായ 36 വിമാനങ്ങൾ ഡാസോയിൽ നിന്നു വാങ്ങാൻ കരാറുണ്ടാക്കി. കരാർ സ്വന്തമാക്കുന്ന വിദേശ കമ്പനി തുകയുടെ പകുതി ഇന്ത്യയിൽ നിക്ഷേപിക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണു പ്രതിരോധ സാമഗ്രി നിർമാണത്തിനുള്ള അനുബന്ധ കരാറിൽ (ഒാഫ്സെറ്റ്) ഡാസോ ഏർപ്പെട്ടത്.

ഇന്ത്യയിൽ ഡാസോ നടത്തുന്ന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സാമഗ്രികൾ നിർമിക്കുന്നതിനു പങ്കാളിയായി റിലയൻസ് എത്തിയതോടെയാണ് വിവാദം ആളിക്കത്തിയത്. ഇതിനെതിരെ പ്രതിപക്ഷം കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ റഫാൽ യുദ്ധവിമാന ഇടപാടിൽ അഴിമതിയുണ്ടെന്നും കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നുമുള്ള ഹർജികൾ കഴിഞ്ഞ ഡിസംബർ 14നു സുപ്രീം കോടതി തള്ളി. വിധി പുനഃപരിശോധിക്കണമെന്നും കോടതിക്ക് തെറ്റായ വിവരങ്ങൾ നൽകിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കള്ളസാക്ഷ്യത്തിനു നടപടി വേണമെന്നുമാവശ്യപ്പെട്ട ഹർജികളിലാണ് ഇന്നു വിധിയുണ്ടായത്.

കേസിന്റെ നാൾവഴികളിലൂടെ:

ഡിസംബർ, 2002 – പാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ യുദ്ധവിമാന ശേഖരം വർധിപ്പിക്കണമെന്നു വ്യോമസേന. വിവിധ തലങ്ങളിൽ നടന്ന ചർച്ചയ്ക്കും വിശകലനത്തിനുമൊടുവിൽ 126 വിമാനങ്ങൾ ആവശ്യമാണെന്നു പ്രതിരോധ മന്ത്രാലയം കണ്ടെത്തി.

ഓഗസ്റ്റ് 28, 2007– യുദ്ധവിമാനങ്ങൾക്കായി യുപിഎ സർക്കാർ ആഗോള ടെൻഡർ ക്ഷണിച്ചു. റഫാൽ, യൂറോഫൈറ്റർ ടൈഫൂൺ, സൂപ്പർ ഹോർനെറ്റ് (ബോയിങ്), എഫ് 16, മിഗ് 35, ഗ്രിപെൻ എന്നിവ ടെൻഡർ സമർപ്പിച്ചു.

മേയ് 2011 – റഫാൽ, യൂറോഫൈറ്റർ ടൈഫൂൺ എന്നിവയുടെ ചുരുക്കപ്പട്ടിക വ്യോമസേന സമർപ്പിച്ചു.

ജനുവരി 30, 2012 – കുറഞ്ഞ ടെൻഡർ സമർപ്പിച്ച ഡാസോ ഏവിയേഷന്റ റഫാൽ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. 126 വിമാനങ്ങളിൽ 18 എണ്ണം നേരിട്ടു വാങ്ങും; ബാക്കി 108 എണ്ണം, സാങ്കേതികവിദ്യ സ്വന്തമാക്കി ഇന്ത്യയിൽ നിർമിക്കും – ഇതായിരുന്നു യുപിഎ സർക്കാർ എത്തിയ ധാരണ.

മേയ് 2013 – എ.കെ.ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ 126 റഫാൽ വിമാനങ്ങളുടെ ആജീവനാന്ത പരിപാലന ചെലവ് (ലൈഫ് സൈക്കിൾ കോസ്റ്റ്) കൂടി കരാറിന്റെ ഭാഗമാക്കണമെന്ന നിർദേശം പ്രതിരോധ മന്ത്രാലയത്തിനു മുൻപിലെത്തി. അതിനെ എതിർത്ത ധനമന്ത്രാലയം ഫയൽ തിരിച്ചയച്ചു. ആജീവനാന്ത പരിപാലനം പുതിയ നിർദേശമാണെന്നും അക്കാര്യം അംഗീകരിക്കില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ആജീവനാന്ത പരിപാലന ചെലവ് ക്രമക്കേടുകൾക്കു വഴിയൊരുക്കുമെന്നു കാട്ടി അന്നത്തെ ബിജെപി എംപി യശ്വന്ത് സിൻഹ രണ്ടു തവണ ആന്റണിക്കു കത്തയച്ചു.

മാർച്ച് 13, 2014 – ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും ഡാസോ ഏവിയേഷനും തമ്മിൽ വർക്ക് ഷെയർ എഗ്രിമെന്റ് ഒപ്പിടുന്നു. 70 ശതമാനം ജോലി എച്ച്എൻഎല്ലിനും 30 ശതമാനം ഡാസോയ്ക്കും.

മേയ് 2014 – യുദ്ധവിമാനങ്ങളുടെ എണ്ണത്തിൽ കടുത്ത ക്ഷാമം നേരിടുന്ന വ്യോമസേന കരാർ എത്രയും വേഗം നടപ്പാക്കണമെന്ന് ആന്റണിക്കു മേൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. റഫാലിനായി ചർച്ചകൾ തുടരാൻ അനുവദിച്ചെങ്കിലും ആജീവനാന്ത പരിപാലന ചെലവിൽ വ്യക്തത വരുത്തിയ ശേഷം മാത്രം കരാർ സുരക്ഷാകാര്യ മന്ത്രിതല സമിതിയുടെ പരിഗണനയ്ക്കു വിട്ടാൽ മതിയെന്ന് ആന്റണി കർശന നിർദേശം നൽകി. ഇക്കാര്യത്തിലുള്ള ചർച്ചകൾ നടക്കവേ യുപിഎ സർക്കാർ അധികാരമൊഴിയുന്നു.

ഓഗസ്റ്റ് 8, 2014 – പൂർണ യുദ്ധസജ്ജമായ 18 റഫാൽ വിമാനങ്ങൾ വാ‌ങ്ങാൻ കരാർ ഒപ്പിട്ടു, 3 – 4 വർഷങ്ങൾക്കുള്ളിൽ അവ എത്തുമെന്ന് അന്നത്തെ പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്ലി പാർലമെന്റിൽ. ബാക്കി 108 എണ്ണം അടുത്ത 7–8 വർഷങ്ങൾക്കുള്ളിൽ ലഭിക്കും.

മാർച്ച് 28, 2015 – പ്രതിരോധ മേഖലയിൽ പുതിയൊരു സ്വകാര്യ കമ്പനി രൂപംകൊണ്ടു – റിലയൻസ് ഡിഫൻസ് ലിമിറ്റഡ്.

ഏപ്രിൽ 10, 2015 – യുപിഎ നിശ്ചയിച്ച 126 റഫാലുകൾക്ക് പകരം പൂർണ യുദ്ധസജ്ജമായ 36 റഫാൽ വിമാനങ്ങൾ വാങ്ങുമെന്നു പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിനിടെ പ്രഖ്യാപനം.

ജനുവരി 26, 2016 – ഫ്രാൻസിൽ നിന്ന് 36 റാഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദും ധാരണയിലെത്തി. എന്നാൽ 60,000 കോടി രൂപയുടെ ഈ ഇടപാടിൽ വിമാനങ്ങളുടെ വില സംബന്ധിച്ച് ഇനിയും ചർച്ചകൾ നടത്താനുണ്ടെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.

സെപ്റ്റംബർ 23, 2016 – ഫ്രാൻസിൽ നിന്നു റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് 59,000 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രി മനോഹർ പരീക്കറും ഫ്രഞ്ച് പ്രതിരോധമന്ത്രി ഴാങ് യെ ലേ ഡ്രിയാനും ഒപ്പു വച്ചു.

നവംബർ 18, 2016 – ഒരു റഫാൽ വിമാനത്തിന്റെ വില 670 കോടി രൂപയെന്ന് സർക്കാർ പാർലമെന്റിൽ. എല്ലാ വിമാനങ്ങളും 2022 നുള്ളിൽ ഇന്ത്യയിലെത്തുമെന്നും പ്രഖ്യാപനം.

ഡിസംബർ 31, 2016– ഡാസോ ഏവിയേഷന്റെ വാർഷിക റിപ്പോർട്ട് പ്രകാരം 36 റഫാൽ വിമാനങ്ങളുടെ വില 58,000 കോടി രൂപ. അതായത് ഒരു വിമാനത്തിന് 1611 കോടി രൂപ

ഫെബ്രുവരി 17, 2017 – ഓഫ്സെറ്റ് കരാറിന്റെ ഭാഗമായി റിലയൻസും ഡാസോ ഏവിയേഷനും സംയുക്ത കമ്പനിക്കു രൂപം നൽകി – ഡാസോ റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡ് (ഡിആർഎഎൽ). കമ്പനിയിൽ 51% ഓഹരി റിലയൻസിനും 49% ഡാസോയ്ക്കും.

മാർച്ച് 13, 2018– റഫാൽ ഇടപാടിൽ സമഗ്ര അന്വേഷണം വേണമെന്നും വിമാനങ്ങളുടെ വില വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. ഇതുപ്രകാരം റഫാൽ വിമാനത്തിന്റെ വിലയായി സർക്കാർ വെളിപ്പെടുത്തിയത് 670 കോടി രൂപ. ‘വെറും’ വിമാനത്തിന്റെ വിലയാണ് 670 കോടി. യുദ്ധവിമാനത്തിനിണങ്ങിയ മിസൈലുകളും ആധുനിക യുദ്ധോപകരണങ്ങളും കൂടി ചേരുമ്പോൾ വില 1611 കോടി രൂപ.

സെപ്റ്റംബർ 5, 2018 – റഫാൽ ഇടപാട് സ്റ്റേ ചെയ്ണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി അംഗീകരിക്കുന്നു. ഒക്ടോബർ 10 ന് വാദം കേൾക്കുമെന്ന് അറിയിക്കുന്നു.

ഒക്ടോബർ 10, 2018 – റഫാൽ യുദ്ധവിമാന ഇടപാടിലെ വിശദാംശങ്ങൾ അടങ്ങിയ രേഖകൾ മുദ്ര വച്ച കവറിൽ നൽകാൻ കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി.

ഒക്ടോബർ 24, 2018 – റഫാൽ ഇടപാടിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂറി, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ സുപ്രീം കോടതിയിൽ.

നവംബർ 18, 2018 – റഫാൽ ഇടപാടിന്റെ വിലയും മറ്റു വിശദാംശങ്ങളും അടങ്ങിയ രേഖകൾ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കുന്നു.

ഡിസംബർ 14, 2018 – റഫാൽ യുദ്ധ വിമാന കരാറിൽ ക്രമക്കേട് ആരോപിച്ച 4 ഹർജികളും സുപ്രീം കോടതി തള്ളി. കരാറിൽ കോടതി ഇടപെടാൻ തക്ക കാരണമില്ലെന്ന് കരാറിനായുള്ള തീരുമാനം, വിമാനങ്ങളുടെ വില, ഇന്ത്യയിലെ ഓഫ്സെറ്റ് പങ്കാളി എന്നീ വിവാദ വിഷയങ്ങൾ പരിശോധിച്ച ശേഷം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

സുപ്രീം കോടതി അഭിഭാഷകരായ മനോഹർ ലാൽ ശർമ, പ്രശാന്ത് ഭൂഷൺ, മുൻ കേന്ദ്ര മന്ത്രിമാരായ അരുൺ ഷൂറി, യശ്വന്ത് സിൻഹ, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്, സാമൂഹിക പ്രവർത്തകൻ വിനീത് ധാണ്ഡ എന്നിവരായിരുന്നു ഹർജിക്കാർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എതിർകക്ഷിയും.

ജനുവരി, 2019 – സുപ്രീം കോടതി വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് യശ്വന്ത് സിൻഹ, അരുൺ ഷൂറി, പ്രശാന്ത് ഭൂഷൺ, എഎപി എംപി സഞ്ജയ് സിങ് എന്നിവർ സുപ്രീം കോടതിയിൽ.

ഫെബ്രുവരി 26, 2019 – പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീം കോടിയുടെ അനുമതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന യശ്വന്ത് സിൻഹ, പ്രശാന്ത് ഭൂഷൺ, അരുൺ ഷൂറി എന്നിവരുടെ അപേക്ഷ സ്വീകരിച്ചത്.

മാർച്ച് 06, 2019 – റഫാൽ കരാറുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ ‘ദ് ഹിന്ദു’ പ്രസിദ്ധീകരിക്കുന്നു.

മാർച്ച് 13, 2019 – റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടു പുനഃപരിശോധനാ ഹർജിക്കാർ രഹസ്യരേഖകൾ സംഘടിപ്പിച്ചതു മോഷണത്തിലൂടെത്തന്നെയെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര പ്രതിരോധ സെക്രട്ടറിയുടെ സത്യവാങ്മൂലം.

ഏപ്രിൽ 10, 2019 – റഫാൽ യുദ്ധവിമാന ഇടപാടു കേസിലെ വിധി പുനഃപരിശോധിക്കണമെന്ന ഹർജിക്കൊപ്പം ഹാജരാക്കിയ 3 രഹസ്യരേഖകൾ പരിഗണിക്കരുതെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. രാജ്യസുരക്ഷയെ ബാധിക്കും എന്നതുൾപ്പെടെ സർക്കാർ ഉന്നയിച്ച വാദങ്ങളൊന്നും നിലനിൽക്കുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് ഏകകണ്ഠമായി വ്യക്തമാക്കി

മേയ് 10, 2019 – റഫാൽ വിധിയുടെ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹർജികളിൽ വാദം പൂർത്തിയായി, കേസ് വിധി പറയാൻ മാറ്റി.

നവംബർ 14 , 2019 – പുനഃപരിശോധനാ ഹര്‍ജികള്‍ കഴമ്പില്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി തള്ളി.


English Summary: Rafale deal, allegations, case; timeline of Rafale case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com