ഇനിയില്ല വൈദ്യുതി ക്ഷാമം; ഹൈപവറുമായി ഇടമൺ–കൊച്ചി പവർഹൈവേ

532590513
പ്രതീകാത്മക ചിത്രം
SHARE

പത്തനംതിട്ട ∙ ഇനി വോൾട്ടേജ് ക്ഷാമവും പവർകട്ടും ഒഴിവാക്കാമെന്നു മാത്രമല്ല, പ്രസരണ നഷ്ടം കുറച്ച് ഏകദേശം 300 മെഗാവാട്ട് വൈദ്യുതി ലാഭിച്ചെടുക്കയും ചെയ്യാം. തിരുനൽവേലി–ഇടമൺ–കൊച്ചി 400 കെവി പവർഹൈവേ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുമ്പോൾ കാർഷിക വ്യവസായ രംഗത്തെ വൻ കുതിച്ചുചാട്ടത്തിനും കൂടിയാണു വഴിയൊരുങ്ങുന്നത്. പ്രസരണ നഷ്ടം കുറച്ചാണു വൈദ്യുതി ബോർഡ് ഈ നേട്ടം കൊയ്യുന്നത്. നിലവിൽ 13.93 ശതമാനമാണ് സംസ്ഥാനത്തെ വൈദ്യുതി പ്രസരണ–വിതരണ (ടി ആൻഡ് ഡി) നഷ്ടം. പുതിയ ലൈൻ വരുന്നതോടെ അതു കുറയുമെന്നാണ് ഊർജ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.  

പ്രസരണ നഷ്ടം കുറച്ച് ശരാശരി 300 മെഗാവാട്ട് ലാഭിക്കാനായാൽ പുതിയ ജലവൈദ്യുത പദ്ധതി ആരംഭിക്കാതെ തന്നെ സംസ്ഥാനത്തെ അധികവൈദ്യുത പ്രഭയിലേക്കു കൈപിടിക്കാം. ശബരിഗിരി ജലവൈദ്യുതി നിലയത്തിന്റെ സ്ഥാപിത ശേഷി 360 മെഗാവാട്ടിനോടടുത്താണ്. കൂടംകുളത്തു നിന്നു ലഭിച്ചിരുന്ന 266 മെഗാവാട്ട് വൈദ്യുതി ഉദുമൽപെട്ട് വഴി കേരളത്തിലേക്ക് എത്തിച്ചിരുന്നതിനാലാണ് ഗണ്യമായ പ്രസരണ നഷ്ടം ഉണ്ടായിരുന്നത്. ഈ നഷ്ടമാണ് ഇനി ലാഭമായി ഒഴുകിയെത്തുക. 

തിരുനൽവേലിയിൽ നിന്ന് പുനലൂർ ഇടമണ്ണിലേക്കു കുറയുന്നത് 250 കിമീ

കൂടംകുളം ആണവ നിലയത്തിൽ നിന്നുള്ള വൈദ്യുതി തിരുനൽവേലി– ഉദുമൽപ്പെട്ട്– മാടയ്ക്കത്തറ വഴിയായിരുന്നു കൊച്ചിയിൽ എത്തിച്ചിരുന്നത്. അത് ദേശീയ ഗ്രി‍ഡിലൂടെ തിരുനൽവേലിയിലെത്തിച്ച് നേരെ ആര്യങ്കാവ് ചുരം കടത്തി പുനലൂരിനടുത്തുള്ള ഇടമൺ സബ് സ്റ്റേഷനിലേക്കു കയറ്റി ഇവിടെ നിന്നു കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളുടെ കിഴക്കൻമലയോരത്തുകൂടെ  കൊച്ചി സബ് സ്റ്റേഷനിലെത്തിക്കുന്നതാണ് പുതിയ 400 കെവി ലൈൻ.  ഇതു ലൈനിന്റെ ദൈർഘ്യം 250 കിലോമീറ്ററോളം കുറയ്ക്കും. അതുവഴി  പ്രസരണ നഷ്ടവും കുറയും.

റോഡു മാർഗം പുനലൂരിൽ നിന്ന് കൊച്ചി പള്ളിക്കരയിലെത്താൻ ഏകദേശം 200 കിമീ ദൂരമുണ്ടെങ്കിൽ ഈ ദൂരം പിന്നിടാൻ പുതിയ വൈദ്യുതി ലൈൻ എടുക്കുന്നത് 148.3 കിമീ മാത്രം. തുടർന്ന് ഉദുമൽപ്പേട്ടയിലേക്ക് എത്താൻ 288.7 കിലോമീറ്റർ കൂടി. അങ്ങനെ തിരുനെൽവേലി-ഇടമൺ– കൊച്ചി-ഉദുമൽപെട്ട് 400 കെവി പവർ ഹൈവേ (437 കിമീ)യാണ് യാഥാർഥ്യമായിരിക്കുന്നത്. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കു ശാശ്വത പരിഹരമാകുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ചെലവ്  1300 കോടി രൂപ. കേരളത്തിലെ പ്രസരണ ശൃംഖലയിൽ ശരാശരി രണ്ടു കിലോ വോൾട്ട് വർധനയും സാധ്യമായി. 

തുറന്നത് ഇന്ത്യയിൽ എവിടെ നിന്നുമുള്ള വൈദ്യുതി കേരളത്തിലെത്തിക്കാനുള്ള വഴി  

ഈ ലൈൻ വഴി പ്രസരണം തുടങ്ങിയതോടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും 400 കെവി ശൃംഖലയിലൂടെ കേരളത്തിലേക്കു വൈദ്യുതി എത്തിക്കാൻ കഴിയും. പരമാവധി ശേഷിയിൽ വൈദ്യുതി എത്തിച്ചിരുന്ന ഉദുമൽപെട്ട്-പാലക്കാട്, മൈസൂർ-അരീക്കോട് എന്നീ അന്തർസംസ്ഥാന ലൈനുകളിലെ വൈദ്യുത പ്രവാഹനിലയിൽ ആനുപാതികമായി കുറവു വരുത്താനും കഴിഞ്ഞു. 

2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവ വൈദ്യുത നിലയത്തിൽ നിന്നു കേരളത്തിന്റെ വൈദ്യുതി വിഹിതമായ 266 മെഗാവാട്ട്, പ്രസരണ നഷ്ടം കുറച്ച് സംസ്ഥാനത്ത് എത്തിക്കുന്നതിനു വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ഈ ലൈനിലൂടെ ഈ സെപ്റ്റംബർ 25നാണ് വൈദ്യുതി പ്രവഹിപ്പിച്ചു തുടങ്ങിയത്. കേരളത്തിന്റെ സ്ഥാപിത വൈദ്യുതോത്പാദന ശേഷി 2980 മെഗാവാട്ടാണ്. എന്നാൽ സംസ്ഥാനത്തിന്റെ വൈദ്യുതി ഉപയോഗം 4350 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നു ലഭിക്കുന്ന വില കുറഞ്ഞ വൈദ്യുതി ഇവിടേക്ക് എത്തിച്ചാണ് ഈ കുറവ് പരിഹരിക്കുന്നത്. കേരളത്തിലേക്കുള്ള ഹൈ-വോൾട്ടേജ് വൈദ്യുതി ലൈനുകളുടെ ഈ കുറവ് മൂലം ഇതര സംസ്ഥാനങ്ങളിൽ നിന്നു വൈദ്യുതി കൊണ്ടുവരുന്നതിന് ലോഡ് ഡെസ്പാച്ച് സെന്ററുകൾ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 

ഇതുവരെ കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി 2920 മെഗാവാട്ട് മാത്രമായിരുന്നു. തിരുനെൽവേലി-കൊച്ചി ലൈൻ പൂർത്തിയായതോടെ ലൈനുകളുടെ ശേഷി വർധിച്ചു. പല സമയങ്ങളിലും സംസ്ഥാനത്തിന് 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായിരുന്നു. കൂടാതെ പുറമെ നിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനുകൾ പരമാവധി ശേഷിക്ക് അടുത്തുമെത്തിയിരുന്നു. ഇതിനെല്ലാം ശാശ്വത പരിഹാരമാണ് പുതിയ ലൈ‍ൻ.

ആകെ 447 ടവറുകൾ

148 കിമീ നീളവും 447 ടവറുകളും ഉള്ള 400 കെവി ഇടമൺ-കൊച്ചി ലൈൻ കൊല്ലം (22 കിമീ), പത്തനംതിട്ട (47 കിമീ), കോട്ടയം (51 കിമീ), എറണാകുളം (28 കിമീ) എന്നീ ജില്ലകളിൽ കൂടിയാണ് കടന്നുപോകുന്നത്. 16 മീറ്റർ ഇടനാഴിയുള്ള ലൈനിന്റെ റൈറ്റ് ഓഫ് വേ 46 മീറ്ററാണ്.  

2005 ഓഗസ്റ്റിൽ പദ്ധതിക്ക് പ്രവർത്തനാനുമതി ലഭിക്കുകയും 2008 മാർച്ചിൽ ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയാക്കി പവർഗ്രിഡ് കോർപ്പറേഷൻ ലൈൻ നിർമാണം ആരംഭിക്കുകയും ചെയ്തു. 2008ൽ തുടങ്ങി 2010ൽ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർണതോതിൽ നടന്നുവരവേ സ്ഥലമുടമകളുടെ പ്രതിഷേധങ്ങൾ മൂലം നിർമാണം തടസ്സപ്പെട്ടു. തിരുനെൽവേലി മുതൽ ഇടമൺ വരെയുള്ള 400/220 കെവി മൾട്ടിസർക്യൂട്ട് ലൈൻ 2010ൽ പൂർത്തിയായതാണ്.  

പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുകയും ഈ ലൈൻ നിർമ്മാണത്തിന്റെ അത്യാവശ്യവും ഇതുകൊണ്ടുള്ള നേട്ടങ്ങളും പരിഗണിച്ച് തുടക്കം മുതൽ ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വിവിധ ശ്രമങ്ങൾ കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിലുള്ളവരുടെ എതിർപ്പുകൾ കുറയ്ക്കുവാൻ വേണ്ടി പ്രത്യേക നഷ്ടപരിഹാര പാക്കേജിനും സർക്കാർ രൂപം കൊടുത്തിരുന്നു. പ്രതിഷേധങ്ങൾ മൂലം ഇടയ്ക്ക് മുടങ്ങിപ്പോയ പദ്ധതി പൂർണ്ണ തോതിൽ പ്രവർത്തനം പുനരാരംഭിച്ചത് 2017 ലാണ്. ഇതിനുശേഷം പദ്ധതി സമയബന്ധിതമായി മുന്നോട്ടു പോകുകയും 2019 സെപ്റ്റംബറിൽ പൂർത്തീകരിക്കുകയും ചെയ്തു. 

നഷ്ടപരിഹാരം 126 കോടി

പദ്ധതി പൂർത്തീകരണത്തിനായി കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലായി 126.087 കോടി രൂപ നഷ്ടപരിഹാരമായി നൽകി. നഷ്ടപരിഹാരം ഇനിയും ലഭിക്കാനുള്ളവർക്ക് രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് അത് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ലൈൻ കടന്നുപോകുന്ന 16 മീറ്റർ വീതിയിലുള്ള സ്ഥലത്തെ നഷ്ടപരിഹാരം നൽകുന്നതിനുള്ള സർവേ നടപടികളും നഷ്ടപരിഹാര നിർണയ നടപടികളും പുരോഗമിക്കുന്നു. പവർഗ്രിഡ് കോർപ്പറേഷനും സംസ്ഥാന സർക്കാരും കെഎസ്ഇബി ലിമിറ്റഡും ചേർന്നാണ് നഷ്ടപരിഹാരം നൽകുന്നത്. ഈ പദ്ധതിയുടെ നിർമാണ ജോലികൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തികരിച്ചത് കെഇസി ഇന്റർനാഷണൽ ലിമിറ്റഡ് എന്ന സ്ഥാപനമാണ്.

പദ്ധതിയുടെ മറ്റു 10 നേട്ടങ്ങൾ

1. സംസ്ഥാനത്തെ ആദ്യത്തെ 400 കെവി പവർ ഹൈവേയാണ് തിരുനെൽവേലി- കൊച്ചി-തൃശൂർ-ഉദുമൽപ്പെട്ട് ലൈൻ.  

2. സംസ്ഥാനത്തിനു വൈദ്യുതി ഇറക്കുമതി  ശേഷി വർധിച്ചു.  

3. കേന്ദ്രവിഹിതം മുഴുവനായും കൃത്യതയോടെയും ഉപയോഗപ്പെടുത്താം 

4. ഇതുമൂലം പ്രസരണലൈൻ ലഭ്യത ഉറപ്പാകുകയും അറ്റകുറ്റപ്പണി വേണ്ടിവരുമ്പോൾ തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കാനും കഴിയും.   

5. കേരള-തമിഴ്‌നാട് മേഖലയിലെ ലൈനുകളിലുള്ള തിരക്ക് കുറയ്ക്കാം. 

6. മെച്ചപ്പെട്ട വോൾട്ടേജിൽ പ്രസരണ- വിതരണം സാധ്യമാകുന്നു.  

7. കുറഞ്ഞ ചെലവിൽ ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി എത്തിക്കാൻ സാധിക്കും.  

8.സംസ്ഥാനത്തിന്റെ പ്രസരണ ശേഷി വർധിപ്പിക്കുന്നതിനായി നിർദിഷ്ട 400 കെവി സബ്‌സ്റ്റേഷനുകൾ (കോട്ടയം, ഇടമൺ) നിർമിക്കാൻ സാധിക്കും. 

9 കൂടാതെ മാടക്കത്തറ- കോഴിക്കോട് 400 കെവി ലൈനുകൾ കൂടി പൂർത്തിയാകുന്നതോടെ മലബാർ മേഖലയിലെ വൈദ്യുതി ലഭ്യത കൂടുകയും ചെയ്യും.  

10 കേരളത്തിന്റെ വൈദ്യുതി പ്രസരണ വിതരണ രംഗത്തും കാർഷിക വ്യാവസായക രംഗത്തും വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ചരിത്രമുഹൂർത്തം കൂടിയാണ് ഈ പദ്ധതിയുടെ പൂർത്തീകരണം. 

ഉദ്ഘാടനം ഇന്ന് അടൂരിൽ

പവർ ഹൈവേ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്യും. അടൂർ ഗ്രീൻ വാലി ഓഡിറ്റോറിയത്തിൽ  വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷതവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് പദ്ധതി റിപ്പോർട്ട് അവതരിപ്പിക്കും.  

English Summary : Edamon- Kochi power highway to inaugrate today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS