ADVERTISEMENT

ശബരിമല ∙ പൂങ്കാവനത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിച്ച് തീർഥാടകർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്ന വികസന പദ്ധതിയാണ് തന്റെ ലക്ഷ്യമെന്ന് പുതുതായി സ്ഥാനമേറ്റ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു. തീർഥാടകരുടെ പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും മനസ്സിലുണ്ട്. അദ്ദേഹം നയം വ്യക്തമാക്കുന്നു.

ശബരിമല വികസനത്തിന് എന്താണ് തടസ്സം?

∙ ബൃഹത്തായ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ശബരിമല വികസന പദ്ധതിക്ക് രൂപം നൽകിയത്. പക്ഷേ പ്രതീക്ഷിച്ച രീതിയിൽ നടപ്പാക്കാൻ‌ കഴിയുന്നില്ല. പെരിയാർ കടുവ സങ്കേതത്തിലായതിനാൽ വനം വകുപ്പിന്റെ കർശന നിയന്ത്രണങ്ങൾ ഉണ്ട്. വനം വകുപ്പിനെ കുറ്റം പറയുക അല്ല. പല കാര്യത്തിലും അവർ നിയമം തലനാരിഴ കീറി പരിശോധിച്ച് തടസ്സങ്ങൾ പറയുന്നു. 

വികസന കാഴ്ചപ്പാട്?

∙ പ്രകൃതിയെ സംരക്ഷിച്ചുളള വികസനമാണ് വേണ്ടത്. കൂടുതൽ കോൺക്രീറ്റ് സൗധങ്ങൾ വേണ്ട. സന്നിധാനത്തിൽ അയ്യപ്പന്മാരെ കൂടുതൽ സമയം തങ്ങാൻ അനുവദിക്കുന്നതിനോട് യോജിപ്പില്ല. അതേസമയം  വിരിവയ്ക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം കൂട്ടണം. അതിനു കോൺക്രീറ്റ് കെട്ടിടം വേണമെന്നില്ല.

തന്ത്രി, മേൽശാന്തി എന്നിവരുടെ താമസ സൗകര്യങ്ങൾ എന്തിനാണ് മാറ്റുന്നത്?

∙ മാസ്റ്റർ പ്ലാൻ അനുസരിച്ച്  തിരുമുറ്റം, സോപാനം എന്നിവിടങ്ങളിലെ തിരക്ക് കുറയ്ക്കാൻ തന്ത്രി, മേൽശാന്തി എന്നിവരുടെ താമസ സൗകര്യങ്ങൾ ഇപ്പോഴത്തെ സ്ഥാനത്തു നിന്നു മാറ്റേണ്ടതുണ്ട്. വാസ്തു പ്രകാരം തന്ത്രി, മേൽശാന്തി മഠങ്ങൾ എവിടെ വരണമെന്നു നോക്കി പരിഹാരം ഉണ്ടാക്കും.

ശബരിമലയിൽ പല അധികാര സ്ഥാനങ്ങൾ?

∙ പല ഏജൻസികൾ പല രീതിയിൽ പദ്ധതികൾ വിഭാവന ചെയ്യുന്നു. നടപ്പാക്കാൻ ശ്രമിക്കുന്നു. അതിനാൽ പല പോരായ്മകൾ ഉണ്ട്. എല്ലാ കാര്യത്തിലും ഏകജാലക സംവിധാനം ഉണ്ടാകണം. 

റോപ്‌ വേ എന്തായി ?

∙ പമ്പയിൽനിന്നു സന്നിധാനത്തേക്ക് സാധനങ്ങൾ എത്തിക്കുന്നതിനുള്ള റോപ്‌വേയുടെ സർവേ കഴിഞ്ഞു.  അലൈൻമെന്റ് നിശ്ചയിച്ചു കഴിഞ്ഞപ്പോൾ വനം വകുപ്പിന്റെ ചില തടസ്സങ്ങൾ ഉണ്ട്. അതിനാൽ തുടർ നടപടികളിലേക്ക് കടക്കാൻ കഴിയുന്നില്ല. 

നിലയ്ക്കൽ ബേസ് ക്യാംപ് ഏങ്ങനെ വേണം?

∙ നിലയ്ക്കൽ ടൗൺഷിപ്പായി വികസിപ്പിക്കണം. താമസം,  ഭക്ഷണം, ശുദ്ധജലം, പാർക്കിങ് തുടങ്ങി എല്ലാ സൗകര്യങ്ങളും  ഉണ്ടാകണം. എങ്കിലേ സന്നിധാനത്തിൽ തീർഥാടകർ എത്തി തങ്ങുന്നത് ഒഴിവാക്കാൻ കഴിയൂ. സുസജ്ജമായ ആശുപത്രിയും  സ്ഥാപിക്കണം.

പ്രളയാനന്തര പമ്പയുടെ പുനർ നിർമാണം?

∙ പ്രളയ സമയത്ത് പമ്പയിൽ ഉണ്ടായ ദുരനുഭവം എല്ലാവർക്കും ഓർമയുള്ളതാണ്. പമ്പാനദിയെ സ്വാഭാവിക രീതിയിൽ നിലനിർത്തണം. പൂർണമായും മാലിന്യ വിമുക്തമാക്കണം. സുരക്ഷാ കാരണങ്ങളാൽ പമ്പയിൽ തീർഥാടകർ തങ്ങുന്നതും ഒഴിവാക്കണം. ഹിൽടോപ്പ് പാർക്കിങ് ഗ്രൗണ്ടിന്റെ വശം ഇടിഞ്ഞു പോയത് കെട്ടി സംരക്ഷിക്കണം.

ദേവസ്വം ബോർ‍ഡിലെ സാമ്പത്തിക പ്രതിസന്ധി?

∙ ബോർഡിന്റെ പൊതുസ്ഥിതി അത്രമെച്ചമല്ല. 1248 ക്ഷേത്രങ്ങളിൽ 61 എണ്ണം മാത്രമാണ് സ്വയം പര്യാപ്തം. ശബരിമലയിലെ വരുമാനമാണ് 6000 ജീവനക്കാരെയും 5000 പെൻഷൻകാരെയും നിലനിർത്തുന്നതും വരുമാനമില്ലാത്ത ക്ഷേത്രങ്ങളിൽ പൂജാ സൗകര്യങ്ങൾ ഒരുക്കുന്നതും. സർക്കാർ സഹായം ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്.

English Summary: Devaswom President N Vasu On Sabarimala Pilgrimage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com