ADVERTISEMENT

ശബരിമല∙ സന്നിധാനത്തെ ഭക്തി ലഹരിയിൽ ആറാടിച്ചു നടന്ന പടിപൂജ ആയിരങ്ങൾക്ക് സുകൃത ദർശനമായി. 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മണ്ഡല കാലത്ത് ആദ്യമായി നടന്ന പടിപൂജ കണ്ടു തൊഴാൻ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

ദീപാരാധന കഴിഞ്ഞതോടെ ചടങ്ങുകൾ തുടങ്ങി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ആദ്യം കലശ പൂജ നടത്തി. ഓരോ പടിയിലും കുടികൊളളുന്ന ദേവതകളെ പൂജിച്ചു. അഭിഷേകം ചെയ്ത് നിവേദ്യത്തോടെ ദീപാരാധന നടത്തിയാണ് ചടങ്ങ് അവസാനിച്ചത്. മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി സഹകാർമികത്വംവഹിച്ചു.

വൈകിട്ട് നട തുറന്നപ്പോൾ ദർശനം നടത്തിയ സ്വാമി ഭക്തർ പടിപൂജ കാണാൻ കാത്തിരുന്നു. മഴ പെയ്ത് തറ മുഴുവൻ നനഞ്ഞതാണെങ്കിലും ആരും അതു കാര്യമാക്കിയില്ല. തീർഥാടന കാലത്തെ തിരക്ക് പരിഗണിച്ച് മകരവിളക്ക് കഴിയും വരെ പടിപൂജ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ പ്രളയം കാരണം നടക്കാതെ പോയ പടിപൂജയാണ് ഇപ്പോൾ നടത്തുന്നത്. 24 വരെ എല്ലാ ദിവസവും ഉണ്ടാകും 2036 വരെ പടിപൂജ ബുക്കിങ് കഴിഞ്ഞു. 75,000 രൂപയാണ് ദേവസ്വത്തിൽ അടയ്ക്കേണ്ടത്. ഇതിനു പുറമേ ഒരുക്കുകൾക്കും ദക്ഷിണയ്ക്കും മറ്റുമായി കുറഞ്ഞത് 1.5 ലക്ഷം രൂപ എങ്കിലും ചെലവ് വരും.

Padipooja at Sabarimala
ശബരിമലയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നടന്ന പടിപൂജ. ചിത്രം: നിഖിൽരാജ് ∙ മനോരമ

സന്നിധാനത്ത് ശർക്കര ക്ഷാമം

മഹാരാഷ്ട്രയിൽ ഇത്തവണ കാലം തെറ്റി പെയ്ത മഴ സന്നിധാനത്തിൽ ശർക്കര ക്ഷാമത്തിന് ഇടയാക്കി. ബദൽ സംവിധാനമായി പ്രാദേശികമായി ശർക്കര വാങ്ങാൻ ദേവസ്വം ബോർഡ് അനുമതി നൽകി.

ഇവിടെ അരവണ, അപ്പം എന്നിവ ഉണ്ടാക്കാൻ പൊടി ശർക്കരയാണ് ആവശ്യം. 40 ലക്ഷം കിലോ മഹാരാഷ്ട്രയിലെ വർധമാൻ കമ്പനിക്ക് കരാർ നൽകിയത്. മുൻപ് ഉണ്ടാകാത്ത വിധത്തിൽ ജൂലൈ മുതൽ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ്. പലയിടത്തും വെളളം കയറി. മഴക്കാലത്ത് കരിമ്പ് വെട്ടിയാൽ മധുരം കുറയുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. ഇതുകാരണം ഉൽപാദനം കുറഞ്ഞതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്.

തീർഥാടനം തുടങ്ങും മുൻപ് 20 ലക്ഷം കിലോ ശർക്കര എത്തിക്കേണ്ടതാണ്. ഇതേവരെ 60,000 കിലോ മാത്രമാണ് അവർക്ക് എത്തിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷത്തെ കരാറുകാരൻ നൽകിയ 3.5 ലക്ഷം കിലോ ശർക്കര സ്റ്റോക്ക് ഉണ്ടായിരുന്നത് ഉപയോഗിച്ചാണ് അരവണയും അപ്പവും ഉണ്ടാക്കി സ്റ്റോക്ക് ചെയ്തത്.

പ്രതിദിനം അരവണയ്ക്ക് 40,000 കിലോയും അപ്പത്തിനു 10,000 കിലോയും ശർക്കര ആവശ്യമുണ്ട്. ദിവസം 200 കൂട്ട് അരവണയാണ് ഉണ്ടാക്കുന്നത്. ഒരു കൂട്ടിൽ 964 ടിൻ അരവണ നിറയ്ക്കാൻ കഴിയും. ദേവസ്വം ബോർഡിന്റെ കൈവശം 25 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ട്. അതിനാൽ തൽക്കാലം ക്ഷാമം ഉണ്ടാകില്ല.

sabarimala-new-img

മഴ മൂലം ഉൽപാദനം കുറഞ്ഞതു കാരണം കരാർ കമ്പനി ശർക്കര എത്തിക്കാൻ തുടങ്ങിയതേ ഉള്ളുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു അറിയിച്ചു. രണ്ടു ലോഡ് അയച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ സമയത്ത് കിട്ടാതെ വന്നാൽ അത് അരവണ തയാറാക്കലിനെ ബാധിക്കാതിരിക്കാൻ പ്രാദേശികമായി വാങ്ങാൻ‌ കഴിഞ്ഞ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഒരു കാരണവശാലും അരവണ ക്ഷാമം ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

പമ്പയിൽ മൂന്നു ലോഡ് ശർക്കര സ്റ്റോക്ക് ഉണ്ട്. 20 മുതൽ ദിവസവും അഞ്ചു ലോഡ് വീതം ശർക്കര എത്തിക്കാമെന്ന് കമ്പനി ഉറപ്പു നൽകിയിട്ടുണ്ടെന്ന് ശബരിമല ദേവസ്വം എക്സിക്യുട്ടിവ് ഓഫിസർ വി.എസ്.രാജേന്ദ്ര പ്രസാദ് അറിയിച്ചു. പ്രതിദിനം 50,000 കിലോ ശർക്കര ആവശ്യമുണ്ട്. ഈ സാഹചര്യത്തിൽ 10 ലക്ഷം കിലോ പ്രാദേശികമായി വാങ്ങാൻ ദേവസ്വം ബോർഡ് അനുമതി നൽകി. അതിൽ രണ്ടു ലക്ഷം കിലോയ്ക്ക് കരാർ നൽകി. അവർ എത്തിച്ചു തുടങ്ങി. 25 ലക്ഷം ടിൻ അരവണയുടെ സ്റ്റോക്ക് ഉള്ളതിനാൽ പ്രശ്നമില്ലെന്നും ശബരിമല ദേവസ്വം എക്സിക്യുട്ടിവ് ഓഫിസർ പറഞ്ഞു.

പ്രതിദിനം 130 ലക്ഷം ലീറ്റര്‍ വെള്ളം ലഭ്യമാക്കും

തീര്‍ഥാടനകാലത്ത് ശബരിമലയില്‍ പ്രതിദിനം 130 ലക്ഷം ലീറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനമൊരുക്കി ജല അതോറിറ്റി. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം യഥേഷ്ടം ലഭിക്കാന്‍ എല്ലാ ക്രമീകരണങ്ങളുമൊരുക്കിയതായും ജല അതോറിറ്റി അറിയിച്ചു. പമ്പയില്‍ പ്രതിദിനം 60 ലക്ഷം ലീറ്ററും ശരണപാതയിലും സന്നിധാനത്തുമായി 70 ലക്ഷം ലീറ്ററും കുടിവെള്ളം വിതരണം ചെയ്യാന്‍ സൗകര്യമൊരുക്കി. ഇതിനു പുറമെ നിലയ്ക്കലില്‍ പ്രതിദിനം 20 ലക്ഷം ലീറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാനും സംവിധാനമുണ്ട്.

പമ്പിങ് സമയം 12 മണിക്കൂറില്‍നിന്ന് 24 മണിക്കൂറായി വര്‍ധിപ്പിച്ചു. വെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു മാത്രമായി ജല അതോറിറ്റി ഉദ്യോഗസ്ഥരെയും നിയമിച്ചു. പമ്പ, സന്നിധാനം, ശരണപാത, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആര്‍ഒ പ്ലാന്‍റുകള്‍ വഴി 12.40 ലക്ഷം ലീറ്റര്‍ ശുദ്ധജലവും ലഭ്യമാക്കി. പമ്പയില്‍ ജല അതോറിറ്റിയുടെ 2.8 ലക്ഷം ലീറ്ററിന്‍റെ ഭൂതല സംഭരണിയിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നാലു ലക്ഷം ലീറ്ററിന്‍റെ ഉന്നതതല സംഭരണിയിലുമായി കുടിവെള്ളം ലഭ്യമാക്കും.

ശരണപാതയിലും സന്നിധാനത്തും കുടിവെള്ളം നല്‍കാന്‍ നീലിമല ടോപ്പില്‍ 2 ലക്ഷം ലീറ്ററിന്‍റെ ഭൂതല സംഭരണിയും നീലിമല ബോട്ടത്തില്‍ 2 ലക്ഷം ലീറ്ററിന്‍റെ സംഭരണിയും അപ്പാച്ചിമേട് രണ്ടു ലക്ഷം ലീറ്ററിന്‍റെ ഭൂതല സംരഭരണി, ശരംകുത്തിയില്‍ ജല അതോറിറ്റിയുടെ ആറു ലക്ഷം ലീറ്ററിന്‍റെയും ദേവസ്വംബോര്‍ഡിന്‍റെ 40 ലക്ഷം ലീറ്ററിന്‍റെയും 10 ലക്ഷം ലീറ്ററിന്‍റെയും സംഭരണികള്‍ എന്നിവ വഴി കുടിവെള്ളം ലഭ്യമാക്കും.

sabarimala-ayyappan-new-img

നിലയ്ക്കലില്‍ ദേവസ്വംബോര്‍ഡിന്‍റെ 40 ലക്ഷം ലീറ്ററിന്‍റെ ടാങ്കിലും ജല അതോറിറ്റിയുടെ 15 ലക്ഷം ലീറ്ററിന്‍റെ സ്റ്റീല്‍ ടാങ്കിലും 5000 ലീറ്ററിന്‍റെ 215 ടാങ്കുകള്‍ വഴിയും വെള്ളം നല്‍കും. പമ്പയില്‍നിന്നും സീതത്തോട് നിന്നും ടാങ്കര്‍ ലോറികള്‍ വഴിയാണ് നിലയ്ക്കലില്‍ വെള്ളമെത്തിക്കുന്നത്. ശരണപാത, പമ്പ, മണപ്പുറം, കെഎസ്ആര്‍ടിസി എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കിയോസ്കുകളില്‍നിന്ന് 330 ടാപ്പുകള്‍ വഴി വെള്ളം നല്‍കും. ചൂടുവെള്ളവും തണുപ്പു വെള്ളവും കിട്ടുന്ന 12 ഡിസ്പെന്‍സറുകളും സെന്‍സര്‍ ടാപ്പോടു കൂടിയ 10 പുതിയ ഡിസ്പെന്‍സറുകളുമുണ്ട്. നിലയ്ക്കലില്‍ കിയോസ്കുകളില്‍നിന്ന് വെള്ളമെടുക്കാന്‍ 300 ടാപ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

നിലയ്ക്കലുള്ള രണ്ടു കുഴല്‍ക്കിണറുകളും ഉപയോഗ യോഗ്യമാക്കി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ടാങ്കുകളും ലൈനുകളുമെല്ലാം വൃത്തിയാക്കുകയും ഗുണനിലവാര പരിശോധനാ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ആവശ്യമുള്ളവര്‍ക്ക് 60 രൂപ നിരക്കില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം ലഭ്യമാക്കുന്നതിനായി എരുമേലി ശുദ്ധീകരണശാലയില്‍ വെന്‍ഡിങ് പോയിന്‍റുകളും സജ്ജമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com