ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കുറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി ഉപദേശക സമിതിയിലേക്ക് ശുപാർശ ചെയ്തതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. 2008 മാലെഗാവ് സ്‌ഫോടനക്കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട പ്രജ്ഞയെ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രധാനപ്പെട്ട സമിതിയിൽ അംഗമാകുന്നത് രാജ്യത്തിന് അപമാനമാണെന്നു കോൺഗ്രസ് പ്രതികരിച്ചു. 

ഭീകരവാദിയെന്ന ആരോപണമുയർന്നയാളും ഗോഡ്‌സെയുടെ ആരാധികയുമായ ഒരാളെ പ്രതിരോധ വകുപ്പിന്റെ പാർലമെന്ററി സമിതിയിലേക്ക് ശുപാർശ ചെയ്തത് രാജ്യത്തിന്റെ പ്രതിരോധ സേനകൾക്കും പാർലമെന്റ് അംഗങ്ങൾക്കും ഇന്ത്യക്കാർക്ക് ആകെയും അപമാനമാണെന്നു കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു. കേസുകളിൽ പ്രതിയായ ഒരാളെ ഒരു സുപ്രധാന സമിതിയിലേക്ക് നിയമിച്ചത് ജനാധിപത്യത്തിനു ദോഷമാണെന്ന് എഐസിസി സെക്രട്ടറി പ്രണവ് ഝായും പറഞ്ഞു. എല്ലാം തീരുമാനങ്ങളും ഭരണഘടനാപരമായി മാത്രമല്ല സ്വീകരിക്കേണ്ടത്. ചിലത് ധാർമികമായും ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 31നു പാർലമെന്ററി കാര്യ മന്ത്രാലയം പുറത്തുവിട്ട പ്രതിരോധ ഉപദേശക സമിതി അംഗങ്ങളുടെ പട്ടികയിലാണ് പ്രജ്ഞ സിങ് ഠാക്കൂറിനെയും ഉൾപ്പെടുത്തിയത്. കശ്മീരില്‍ വീട്ടുതടങ്കലിലായ നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല ഉൾപ്പെടെയുള്ളവരും 21 അംഗ സമിതിയിലുണ്ട്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് സമിതി അധ്യക്ഷൻ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ഭോപാലിൽ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെ മൂന്നര ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രജ്ഞ സിങ് ഠാക്കൂർ എംപിയായത്. ഗാന്ധിജിയെ വെടിവച്ചുകൊന്ന നാഥുറാം ഗോഡ്സെയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രജ്ഞ രാജ്യസ്നേഹിയെന്നു വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ‘ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു, ഇന്നും ആണ്, എന്നും അങ്ങനെയായിരിക്കും’ എന്നായിരുന്നു പ്രജ്ഞയുടെ വാക്കുകൾ. 

മാലെഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായ പ്രജ്ഞ സിങ് ഠാക്കൂറിന് അനാരോഗ്യത്തിന്റെ പേരിൽ 2017 ഏപ്രിലിൽ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 2008 സെപ്റ്റംബർ 29ന് മാലെഗാവിൽ മുസ്‌ലിം പള്ളിക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തിൽ ആറു പേർ മരിക്കുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള യുഎപിഎ നിയമ പ്രകാരം ഭീകര പ്രവർത്തനം നടത്തുക, അതിനുള്ള ഗൂഡാലോചനയിൽ പങ്കുചേരുക ഇന്ത്യൻ ശിക്ഷാനിയമത്തിലെ കൊലപാതകം, കുറ്റകരമായ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് കേസിൽ പ്രജ്ഞ ഉൾപ്പെടെ ഏഴു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

English Summary: Row Over Malegaon Blast Accused Pragya Thakur's Name In Defence Panel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com