ADVERTISEMENT

ബത്തേരി∙ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച അഞ്ചാം ക്ലാസുകാരി ഷഹ്‌ലയുടെ കാലിൽ കടിയേറ്റ പാടുണ്ടായിരുന്നതായി പിതാവ്. നീലനിറവും കണ്ടു. സംഭവം നടന്നത് മൂന്നു മണിക്കാണ്. സ്കൂളില്‍ നിന്ന് വിളിച്ചത് 3.36 നും. പാമ്പുകടിയേറ്റെന്ന് പറഞ്ഞില്ല, കുഴിയില്‍ കാലു കുടുങ്ങിയെന്നാണ് പറഞ്ഞത്.

താലൂക്ക് ആശുപത്രിയില്‍ നിന്ന് ആന്റിവെനം നല്‍കാന്‍ വിസമ്മതിച്ചു. താന്‍ എത്തിയ ശേഷം ആശുപത്രിയില്‍ കൊണ്ടുപോയാല്‍ മതിയെന്ന് പറഞ്ഞിട്ടില്ല. ഇനിയാർക്കും ഇത്തരമൊരു അവസ്ഥ വരരുതെന്നും പിതാവ് മാധ്യമങ്ങളോടു പറഞ്ഞു.

4 ആശുപത്രികളിലും ആന്‍റിവെനം നല്‍കിയില്ല; ഗുരുതര വീഴ്ച; അന്വേഷണം തുടങ്ങി

ഷഹ്‌ലയ്ക്ക് അടിയന്തര ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നു കണ്ടെത്തൽ. ബത്തേരി താലൂക്ക് ആശുപത്രിയുടെ വീഴ്ചയില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. നാല് ആശുപത്രികളില്‍ എത്തിച്ചിട്ടും ആന്‍റിവെനം നല്‍കിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോകും വഴി ആരോഗ്യനില വഷളായി. ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയോ എന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്ന് ഡിഎംഒ അറിയിച്ചു.

സംഭവം സ്കൂള്‍ അധികൃതരുടെ അനാസ്ഥമൂലമെന്ന് ആരോപണം ശക്തമാണ്. സ്കൂളിലെ ക്ലാസ് മുറികളില്‍ ഈഴജന്തുക്കള്‍ക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങള്‍ ഉണ്ട്. പാമ്പ് കടിയേറ്റെന്ന് ബോധ്യപ്പെട്ടിട്ടും ഷഹ്‌ലയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് സഹപാഠികള്‍ പറഞ്ഞു. എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം.

ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്ക് ശേഷമാണ് ബത്തേരി സര്‍ക്കാര്‍ സര്‍വജന വോക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന് ക്ലാസ് മുറിയില്‍വച്ച് പാമ്പു കടിയേറ്റത്. ക്ലാസ് മുറിയിലെ പൊത്തില്‍ കാല്‍ ഉടക്കുകയായിരുന്നു. പാമ്പ് കടിച്ചതിന്‍റെ ലക്ഷണങ്ങള്‍ കണ്ടില്ലെന്നും കാല്‍ പൊത്തില്‍ പോറിയതാണെന്ന് കരുതി പ്രഥമശുശ്രൂഷ നല്‍കിയെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

English Summary: Shahla Sherin's Father About Snake Bite Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com